ADVERTISEMENT

ബിസിനസിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി ചിട്ടയോടു കൂടി തയാറാക്കുന്ന രൂപരേഖയാണു ബിസിനസ് പ്ലാൻ എന്ന് പറയാം. ഇതിൽ എന്തൊക്കെ ഉൾപ്പെടുത്തണം?. 

1. എക്സിക്യൂട്ടീവ് സമ്മറി

ബിസിനസിനെക്കുറിച്ചുള്ള സംഗ്രഹം ആണിത്. പ്ലാൻ മുഴുവൻ വായിക്കാതെ ബിസിനസിനെക്കുറിച്ചൊരു രൂപം ലഭിക്കുന്നതാകണം എക്സിക്യൂട്ടീവ് സമ്മറി. നിക്ഷേപത്തിനായി നിങ്ങൾ സമീപിക്കുന്നവർ പ്ലാൻ മുഴുവനായി വായിക്കാൻ മുതിരില്ല. സമ്മറി ഇഷ്ടപ്പെട്ടാലേ കാര്യങ്ങളിലേക്കു കടക്കൂ. ഏറ്റവും ആകർഷകമായി രണ്ടു പേജിൽ കവിയാതെ വേണം സമ്മറി തയാറാക്കുവാൻ. ഉൽപന്നം/സേവനം എന്തൊക്കെയാണ്, ഉപഭോക്താവിന്റെ എന്തു പ്രശ്നമാണു പരിഹരിക്കുന്നത്, ലക്ഷ്യം വയ്ക്കുന്ന വിപണി ഏത്? നേതൃത്വം നൽകുന്നവർ ആരൊക്കെ, സാമ്പത്തിക വിവരങ്ങളുടെ ചുരുക്കം, ഭാവിയിൽ സംരംഭം എന്താകും എന്നിവയെല്ലാം ഉൾപ്പെടുത്തിരിക്കണം. 

2. ഉൽപന്നം/സേവനം 

കൈകാര്യം ചെയ്യുന്ന ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കാം. എങ്ങനെയാണ് ഉൽപന്നം/സേവനം ഉപഭോക്താക്കൾക്കു ഗുണകരമാകുന്നത്? ആരൊക്കെയാണ് എതിരാളികൾ, അവരെ എങ്ങനെ നേരിടുന്നു, എതിരാളികളെ അപേക്ഷിച്ച് എന്തു മേന്മയാണുള്ളത്, എന്തു മാറ്റങ്ങളാണ് ഭാവിയിൽ നടപ്പാക്കുക തുടങ്ങിയവ ഉൾപ്പെടുത്താം. 

3. വിപണി വിശകലനം 

ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ആരൊക്കെയെന്നതാണ് ഉൾപ്പെടുത്തേണ്ടത്. ഇതുവരെ എത്രത്തോളം ഉപഭോഗമാണ് പ്രസ്തുത ഉപഭോക്താക്കളിൽനിന്ന് ഉൽപന്നത്തിന്/സേവനത്തിന് ഉണ്ടായത്, വിപണി നിലവിലെങ്ങനെയാണ്, ഭാവിയിൽ എത്ര വളർച്ച നേടും എന്നീ കാര്യങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കണം. 

4. വിപണനവും വിൽപനയും 

ഉൽപന്നം/സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ എന്തൊക്കെ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്, അതിനായി എത്ര തുക ചെലവഴിക്കും, മുൻപ് എത്ര ചെലവഴിച്ചു, എതിരാളികളുടെ വിപണനതന്ത്രങ്ങൾ എന്തൊക്കെ എന്നിവയെല്ലാം ഈ ഭാഗത്തിൽ ഉൾപ്പെടുത്തണം. 

5. നയിക്കുന്നതാരൊക്കെ 

സ്ഥാപനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ആരൊക്കെയാണ് എന്നതു വിശദമാക്കണം. ഓരോരുത്തരുടെയും ചുമതലകൾ, വൈദഗ്ധ്യം എന്നിവ വ്യക്തമാക്കുന്നതാകണം ഈ അധ്യായം. 

6. വരവ്-ചെലവ് 

കഴിഞ്ഞ കാലങ്ങളിലെയും നിലവിലെയും ഭാവിയിലെയും വരുമാനം, ചെലവ്, ലാഭം എന്നിവ വിശദമായി നൽകണം. ബാലൻസ് ഷീറ്റ്, പ്രോഫോമ ബാലൻസ് ഷീറ്റ്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് എന്നിവ ഉൾപ്പെടുത്താം. 

7. അനുബന്ധം

ഇതുവരെ ഉൾപ്പെടുത്താത്തതും, എന്നാൽ ഒഴിവാക്കാൻ കഴിയാത്തതുമായ വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്താം. വ്യക്തമായ രൂപരേഖയുള്ള സംരംഭങ്ങൾക്കു 30% അധിക വളർച്ചയുണ്ടാകുമെന്നാണു പഠനങ്ങൾ. കൂടാതെ നഷ്ടസാധ്യത കുറയുന്നതിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും ബിസിനസ് പ്ലാൻ സഹായകമാകും. സ്വന്തമായി ബിസിനസ് പ്ലാൻ തയാറാക്കാൻ ശ്രമിക്കുന്ന സംരംഭകർക്കു താഴെ നൽകിയിട്ടുള്ള വേഡ് ഡോക്യുമെന്റ് സഹായകമാകും.

Business plan template: shorturl.at/dekuA

English Summary : How to Prepare Business Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com