ADVERTISEMENT

പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂരിൽ ‘ബി–ഡ്രോപ്സ്’ എന്ന േസംരംഭം നടത്തി വിജയം നേടിയ വീട്ടമ്മയാണു മോളിക്കുട്ടി. സംരംഭകരംഗത്തേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമാണു മോളിക്കുട്ടി പിന്നിട്ട വഴികളും പിടിച്ചുവാങ്ങിയ വിജയവും. 

ലോകത്തെ അറിഞ്ഞു തുടങ്ങുംമുൻപേ, പതിനെട്ടാം വയസ്സിൽ പഠനത്തിനിടെയായിരുന്നു വിവാഹം. പിന്നീടങ്ങോട്ടു പ്രതിസന്ധിയുടെ നാളുകൾ. ആണായാലും പെണ്ണായാലും സ്വന്തമായി ഒരു വരുമാനം അത്യാവശ്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞതപ്പോഴാണെന്നു മോളിക്കുട്ടി പറയുന്നു. പഠനം തുടരാൻ അനുയോജ്യ സാഹചര്യമല്ലാതിരുന്നിട്ടും ബികോം പാസായി. തുടർന്നു കിട്ടിയ ജോലികളെല്ലാം ചെയ്തു.

തുടക്കം അക്കൗണ്ടന്റായിട്ട്

ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായാണ് തുടക്കം. പിന്നീട് ആഫ്രിക്കയിലേക്കു പോയി ഏതാനും വർഷങ്ങൾ ജോലി ചെയ്തു. തിരിച്ചു നാട്ടിലെത്തി വയനാട് ജില്ലയിലെ ഒരു സ്ഥാപനത്തിൽ അംഗപരിമിതരെയും രോഗികളെയും ശുശ്രൂഷിക്കുന്ന സേവനം നടത്തി. കുറച്ചുകാലം ട്യൂഷൻ, ബുക്ക് എഡിറ്റിങ് തുടങ്ങിയ പണികളും ചെയ്തു. പിന്നാലെ ഒരു വിദേശമലയാളിയുടെ സഹായത്തോടെ പത്തനംതിട്ടയിൽ ഫിറ്റ്നസ് സെന്റർ ആരംഭിച്ചെങ്കിലും അവസാനം സ്ഥാപനം അവർക്കു കൈമാറേണ്ടതായിവന്നു.

അതിനുശേഷം PMEGP വായ്പ എടുത്തുകൊണ്ട് റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ് തുടങ്ങി. എന്നാൽ, 2018ലെ പ്രളയത്തെ അതിജീവിക്കാനായില്ല. പിന്നീട് കോവിഡ് കാലമായി. മുൻപ് ക്ലീനിങ് പ്രോഡക്‌ടുകളുടെ നിർമാണസംബന്ധിയായ പരിശീലനപരിപാടിയിൽ പങ്കെടുത്തിരുന്നു. ആ ധൈര്യത്തിൽ കോവിഡ് കാലത്ത് ക്ലീനിങ് ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു കടന്നു. 

അൻപതിനോടടുത്ത പ്രായത്തിൽ ആരംഭിച്ച ഈ സംരംഭം പരാജയത്തിനു വിട്ടുകൊടുക്കില്ലെന്നു തീരുമാനിച്ചുറച്ചായിരുന്നു പുതിയ തുടക്കം.ഇപ്പോൾ 3500 ചതുരശ്രയടി വിസ്തീർണത്തിലൊരു വാടക കെട്ടിടം, 10 ലക്ഷം രൂപയുടെ മെഷിനറികൾ, 8 തൊഴിലാളികൾക്കു ഫാക്ടറിയിലും രണ്ടുേപർക്കു മാർക്കറ്റിങ്ങിലും ജോലി. ഒരു മാസം ശരാശരി 10 ലക്ഷം രൂപയുടെ വിറ്റുവരവ്. അങ്ങനെ മോളിക്കുട്ടി വിജയപാതയിലെത്തി. 

മാർക്കറ്റിങ് കമ്പനി വഴി വിൽപന

വിൽപനയ്ക്കായി ഒരു മാർക്കറ്റിങ് സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഡിസ്ട്രിബ്യൂട്ടർമാരെയും ഡീലർമാരെയും അവർതന്നെ കണ്ടെത്തുന്നു. 10 ലക്ഷത്തിനു മുകളിൽ തുകയ്ക്കു പ്രതിമാസ കച്ചവടം ഇവർ വഴി നടക്കുന്നു. മൂന്നു ശതമാനമാണു മാർക്കറ്റിങ് കമ്പനിക്കു കമ്മിഷൻ ആയി നൽകുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രതിമാസ കച്ചവടം ഒരു കോടിയിൽ എത്തിക്കുവാനാണു പ്ലാൻ ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് കച്ചവടം ഇല്ല. ഈ രംഗത്തു വലിയ കമ്പനികളുടെ മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ ലാഭമെടുത്തു വിൽക്കുന്നതിനാൽ മികച്ച കച്ചവടം ലഭിക്കുന്നു. 

ബ്രാൻഡഡ് മെറ്റീരിയലുകൾക്കൊപ്പം ഫിൽറ്റർ ചെയ്ത െവള്ളം മാത്രം ഉപയോഗിച്ചു തികച്ചും ഹൈജീൻ ആയാണു നിർമാണം. കൃത്യമായ അളവും സമയത്തുള്ള ഡെലിവറിയും ഉറപ്പുവരുത്തുന്നു. ഇതെല്ലാമാണു കുറഞ്ഞ വർഷത്തിനുള്ളിൽ വിപണി പിടിക്കാൻ സഹായകരമായ ഘടകങ്ങൾ. ഇപ്പോൾ ആരു ചോദിച്ചുവന്നാലും ഉൽപന്നം നൽകാൻ കഴിയും.

അസംസ്കൃത വസ്തുക്കൾ രൊക്കം പണം നൽകി വാങ്ങും

സ്ലറി, എസ്എൽഎസ്, സിട്രിക് ആസിഡ്, സോഡിയം ബൈകാർബണേറ്റ്, കാസ്റ്റിക് സോഡ, പെർഫ്യൂംസ്, പാക്കിങ് മെറ്റീരിയൽസ് എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. എറണാകുളം, കോഴിക്കോട് പ്രദേശത്തു സ്വകാര്യ ഡീലർമാരിൽനിന്നു സുലഭമായി ഇവ ലഭിക്കുന്നു. ഒന്നു ഫോൺ ചെയ്താൽ മതി, എത്തിച്ചുതരും. 

10 ലക്ഷം രൂപയുടെ മെഷിനറികൾ

മിക്സിങ് മെഷീൻ, ബോട്ടിൽ മെഷീൻ, ലിക്വിഡ് ഫില്ലിങ് മെഷീൻ, ക്യാപ്പിങ് മെഷീൻ, ലേബലിങ് മെഷീൻ, വിവിധതരം പാത്രങ്ങൾ, നിർമാണോപകരണങ്ങൾ എന്നിവയ്ക്കെല്ലാമായി 10 ലക്ഷം രൂപയോളം ചെലവു വന്നിട്ടുണ്ട്. ക്യാപ്പിങ് മെഷീൻ മാത്രമാണു പ്രവർത്തനം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം പലപ്പോഴായി വാങ്ങിയതാണ്. 10 മുതൽ 15% വരെയാണ് അറ്റാദായമായി കിട്ടുന്നത്.

ലൈസൻസുകൾ

പാക്കർ ലൈസൻസ്, എംഎസ്എംഇ റജിസ്ട്രേഷൻ, ബാർകോഡ്, ട്രേഡ് മാർക്ക്, ജിഎസ്ടി, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, കോസ്മെറ്റിക്സ്, പഞ്ചായത്ത് അനുമതി തുടങ്ങിയ ലൈസൻസുകളെല്ലാം എടുത്താണ് മോളിക്കുട്ടി ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നത്.

11 ഉൽപന്നങ്ങൾ

ഇപ്പോൾ 11 തരം ക്ലീനിങ് ഉൽപന്നങ്ങൾ നിർമിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട് മോളിക്കുട്ടി. ഡിഷ് വാഷുകളും വിവിധതരം ക്ലീനിങ് സൊലൂഷനുകളും ഡിറ്റർജന്റുകളും സ്റ്റെയിൻ റിമൂവറുകളുമെല്ലാം ഉൽപന്നങ്ങളുടെ പട്ടികയിൽപെടുന്നു. കോവിഡിനുശേഷം നല്ല വിപണി ലഭിച്ചതോടെ ഈ ഇനങ്ങൾ മികച്ച രീതിയിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നു. ‘ബി ഡ്രോപ്സ്’ എന്ന ബ്രാൻഡ് നാമത്തിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.  

English Summary : This House Wife Earns One Lakh Fifty Thousand Rupees per Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com