ADVERTISEMENT

ദേശീയ ഹരിത ഹൈഡ്രജൻ മിഷന് 19,700 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ  കൂടുതൽ ഉപയോഗിച്ച് ഇന്ത്യയുടെ ഊർജ ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.

ഗ്രീൻ ഹൈഡ്രജൻ ശുദ്ധമായ ഒരു ഊർജ സ്രോതസ്സാണ്. അന്തരീക്ഷത്തിലേക്ക് അധികം കാർബൺഡൈ  ഓക്‌സൈഡ്  പുറംതള്ളാതെ തന്നെ ഊർജം ഉല്പാദിപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ നേട്ടം. അതുപോലെ സുസ്ഥിരമായ വികസനത്തിന് സഹായിക്കുന്നവയാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ. ഇത് സംഭരിക്കുവാനും, പല ആവശ്യങ്ങൾക്കും ഉപയോഗിക്കുവാനും എളുപ്പമാണ്. അതുപോലെ വൈദ്യതിയോ, സിന്തറ്റിക് വാതകമോ ആയി രൂപപ്പെടുത്തുവാനും, വാണിജ്യ, വ്യവസായ, ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാനും സാധിക്കും. 

ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ 

ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി .

2029-30 വരെ പ്രതിവർഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടൺ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനാണ് ഇന്ത്യ അംഗീകാരം നൽകിയിരിക്കുന്നത്. പ്രതിവർഷം 5 MMT ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ, ഇന്ത്യയ്ക്ക് 50 ബില്യൺ ലിറ്റർ ഡീയോണൈസ്ഡ് വെള്ളവും 150 ബില്യൺ ലിറ്റർ അസംസ്കൃത വെള്ളവും ആവശ്യമാണ്.

ലക്ഷ്യങ്ങൾ 

2030-ഓടെ താഴെ പറയുന്ന   ലക്ഷ്യങ്ങൾ നേടാനാണ് ഈ പദ്ധതിയുടെ  അണിയറക്കാർ ഒരുങ്ങുന്നത്.

∙കുറഞ്ഞത് 5 മില്യൺ മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദന ശേഷിയുടെ വികസനം

∙രാജ്യത്ത് ഏകദേശം 125 GW ന്റെ അനുബന്ധ പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കൽ

∙എട്ട് ലക്ഷം കോടി നിക്ഷേപം 

∙ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ 

∙ഫോസിൽ ഇന്ധന ഇറക്കുമതിയിൽ  ഒരു ലക്ഷം കോടിയുടെ കുറവ് വരുത്തൽ 

∙ഏകദേശം 50 MMT വാർഷിക ഹരിതഗൃഹ വാതകം  പുറത്തുവിടുന്നത് കുറക്കുക 

∙ഗ്രീൻ ഹൈഡ്രജനും അതിന്റെ ഡെറിവേറ്റീവുകൾക്കും  കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കുക

∙വ്യാവസായിക, ചലനാത്മക, ഊർജ്ജ മേഖലകളുടെ ഡീകാർബണൈസേഷൻ  

∙ഇറക്കുമതി ചെയ്ത ഫോസിൽ ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ആശ്രിതത്വം കുറയ്ക്കൽ

∙തദ്ദേശീയ ഉൽപ്പാദന ശേഷി വികസനം

∙അത്യാധുനിക സാങ്കേതിക വിദ്യകളുടെ വികസനവും

 ഈ പദ്ധതി നടപ്പിലായാൽ ഏകദേശം 50 MMT പ്രതിവർഷം CO2 പുറത്തുവരൽ  2030-ഓടെ ഒഴിവാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മലിനീകരണമില്ലാതെ ഊർജം 

മലിനീകരണമില്ലാതെ ഊർജം ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യം ദേശീയ ഹൈഡ്രജൻ മിഷനിലൂടെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.ജല തന്മാത്രകളെ രണ്ട് ഹൈഡ്രജൻ ആറ്റങ്ങളായും ഒരു ഓക്സിജൻ ആറ്റമായും വിഭജിക്കുന്ന വൈദ്യുത പ്രവാഹം ഉപയോഗിച്ച് ഇലക്ട്രോലിസിസ് വഴിയാണ് ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നത്. 

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഈ വാതകം ഉൽപ്പാദിപ്പിക്കുമ്പോൾ പ്രതിവർഷം പുറന്തള്ളുന്ന 830 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഈ ഗ്രീൻ ഹൈഡ്രജൻ ലഭിക്കുന്ന രീതിയിൽ  ലാഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതാണ് ഗ്രീൻ ഹൈഡ്രജൻ എന്ന പേര് ഈ രീതിക്ക് നൽകുന്നത്.കാലാവസ്ഥ വ്യതിയാനം കുറക്കുന്നതിന് ഗ്രീൻ ഹൈഡ്രജൻ പദ്ദതികൾ സഹായിക്കുന്നതിനാലാണ് ഇന്ത്യ ഇവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

English Summary :Green Hydrogen Mission and Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com