ADVERTISEMENT

കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഈ വർഷം സംരംഭക വർഷമായിരിക്കും എന്ന് പ്രഖ്യാപിക്കുമ്പോഴോ പിന്നീട് സംരംഭക വർഷം പദ്ധതി അവതരിപ്പിക്കുമ്പോഴോ ആരും വിചാരിച്ചില്ല അത് വിപ്ലവകരമായ ഒരു ചുവടുവയ്പായി മാറുമെന്ന്. കാരണം കേരളത്തിൽ വ്യവസായം ശരിയാകില്ല എന്ന തെറ്റായ പൊതുബോധം തന്നെ. ആ വിജയത്തിന്റെ യഥാർത്ഥ കാരണം വ്യവസായ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറുമായ എസ്.ഹരികിഷോർ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു:

കേരളത്തില്‍ ഇനി വ്യവസായങ്ങള്‍ വരില്ല എന്ന പൊതുബോധത്തിന് ശക്തമായ മറുപടിയാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ 10,000 നവസംരംഭകരുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖങ്ങള്‍. വ്യവസായവുമായി ബന്ധപ്പെട്ട ഏതൊക്കെ മുന്‍ധാരണകള്‍ മാറ്റാന്‍ സംരംഭക വർഷം പദ്ധതിയുടെ വിജയത്തിന് കഴിഞ്ഞു എന്നാണ് കരുതുന്നത്.?

കേരളത്തില്‍ വ്യവസായം സാധ്യമാണ് എന്ന ശക്തമായ ആത്മവിശ്വാസം സാധാരണക്കാരായ സംരംഭകര്‍ക്ക് നല്‍കാന്‍ സാധിച്ചത് വലിയ കാര്യമാണ്. കേരളത്തില്‍ വ്യവസായം പറ്റില്ല എന്ന ഒരു പൊതു ബോധമാണല്ലോ ഉള്ളത്. അത്തരത്തിലുള്ള പൊതു ചിന്താധാരകളെ വര്‍ഷങ്ങള്‍ കൊണ്ടേ മാറ്റാന്‍ സാധിക്കൂ. അതിലേക്ക് വലിയ ഒരു ചുവടുവയ്പ് നടത്താന്‍ ഈ പദ്ധതിയുടെ ആസൂത്രണത്തിലൂടെയും നടപ്പാക്കലിലൂടെയും സാധിച്ചു എന്നുപറയാം.

കേവലം 250 ദിവസം കൊണ്ട് ഒരു ലക്ഷം സംരംഭകര്‍. അതായത് കഴിഞ്ഞ എട്ടുമാസമായി ഓരോ ദിവസവും 400 സംരംഭങ്ങള്‍. എന്തുകൊണ്ടാണ് ആളുകള്‍ ഇത്രയും വലിയ തോതില്‍ സംരംഭകരാകാന്‍ മുന്നോട്ടുവന്നത്. പെട്ടെന്ന് ഇവിടെ എന്തുമാറ്റമാണ് ഉണ്ടായത്.?

ഈ പദ്ധതിയുടെ വിജയത്തിനൊരു കാരണം വ്യവസായ വകുപ്പിന്റെ മികച്ച ആസൂത്രണമാണ്. 2021 നവംബര്‍ മാസത്തിലാണ് ഈ പദ്ധതിയുടെ ആസൂത്രണം തുടങ്ങിയത്. ഒരു സംരംഭം തുടങ്ങാന്‍ മുന്നോട്ടുവരുന്ന ആളിന്റെ മനസില്‍ എന്തൊക്കെ സംശയങ്ങളാണ് ഉയരുക. എങ്ങനെ സംരംഭം രൂപീകരിക്കും. അതിന് ആരെ സമീപിക്കണം. പഞ്ചായത്തിലാണോ താലൂക്കിലാണോ പോകേണ്ടത്. അത്തരം കാര്യങ്ങളൊക്കെ ആലോചിച്ച് ഒരു പ്ലാനും റോഡ് മാപ്പും ഉണ്ടാക്കി. ആദ്യം അത് ചീഫ് സെക്രട്ടറിയുടെയും വ്യവസായ മന്ത്രിയുടെയും പിന്നീട് മുഖ്യമന്ത്രിയുടെയും മുന്നില്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുമായി 24 മീറ്റിങുകള്‍ നടത്തി. വിവിധ പഞ്ചായത്തുകളുടെയും സഹകരണ ബാങ്കുകളുടെയും മന്ത്രിമാരുടെയും സംഘടനകളുടെയും  മുന്നില്‍ പ്ലാന്‍ അവതരിപ്പിച്ചു. എല്ലാ വകുപ്പുകളെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും  ഉള്‍പ്പെടുത്തി വിപുലമായ പ്ലാന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു.  ഇന്ന്് പ്രഖ്യാപിച്ച് നാളെ ഉദ്ഘാടനം ചെയ്ത് മറ്റന്നാള്‍ മുതല്‍ നടപ്പിലാക്കിത്തുടങ്ങുന്ന രീതിയിലല്ല ഈ പദ്ധതി അവതരിപ്പിച്ചത്.

ഏകോപനവും മികച്ച ആസൂത്രണവും ഇല്ലെങ്കില്‍ ഇതുപോലുള്ള ഒരു വലിയ വിജയം അസാധ്യമാണ്. ഇത് രണ്ടും എങ്ങനെയാണ് ഇത്രയും ഫലപ്രദമാക്കാന്‍ കഴിഞ്ഞത്.?

കൃത്യമായ അസൂത്രണം നടത്തിയശേഷം വ്യവസായ വകുപ്പ് പിന്നീട് പരിശ്രമിച്ചത് അടിസ്ഥാനപരമായ ഡാറ്റ ശേഖരിക്കാനാണ്. ഇതിനായി വിപുലമായ സര്‍വേകള്‍ നടത്തി. ഓരോ പഞ്ചായത്തിലും ഏതൊക്കെ സംരംഭം തുടങ്ങിയാല്‍ വിജയിക്കും. അവിടെ ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഏതൊക്കെ. വിപണി ലഭ്യമാണോ. ഇവയ്ക്കുള്ള ഉത്തരം തേടിക്കൊണ്ടുള്ള നിരവധി സര്‍വേകള്‍ നടത്തി. എല്ലാ വകുപ്പുകളുടെയും സബ്‌സിഡി സ്‌കീമുകള്‍ ഏകോപിപ്പിച്ചുകൊണ്ടും  സംരംഭം തുടങ്ങാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ടും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഓഫീസര്‍മാര്‍ക്ക് മികച്ച പരിശീലനം നല്‍കി. വ്യവസായ വകുപ്പിലെ എല്ലാ ഓഫീസര്‍മാര്‍ക്കും കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍  ഒരാഴ്ചത്തെ പരിശീലനം നല്‍കി.  ഫീല്‍ഡ് ലെവലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ്  ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നല്‍കിയത്. സംരംഭകരെ അങ്ങോട്ട് പോയി കാണാനുള്ള മനോഭാവം ഉണ്ടാക്കാനും വിവിധ ആവശ്യങ്ങളുമായി വരുന്നവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കാതെ സൗഹാര്‍ദപൂര്‍ണമായി പെരുമാറാന്‍ ഈ പരിശീലനങ്ങള്‍ സഹായിച്ചു. ഇത്തരത്തിലൊക്കയുള്ള  മികച്ച ആസൂത്രണത്തോടുകൂടി  2022 മാര്‍ച്ച് 30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്  മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. അതിന് മുമ്പ് ബജറ്റില്‍  2022 23 സാമ്പത്തിക വര്‍ഷം സംരംഭകരുടെ വര്‍ഷമായി ആചരിക്കുമെന്ന്് പ്രഖ്യാപിച്ചിരുന്നു. 2022 ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങി.

ഏതൊക്കെ സംവിധാനങ്ങളാണ് ഇതിനായി രൂപീകരിച്ചത്?   

പുതുതായി രൂപീകരിക്കപ്പെട്ട പ്രധാനകാര്യം കേരളത്തിലെ 1034 പഞ്ചായത്തുകളിലും സംരംഭകരെ സഹായിക്കാന്‍ ഒരാളെ നിയമിച്ചു എന്നതാണ്. ബി.ടെക്കോ എം.ബി.യെയോ പഠിച്ച ഇന്റേണ്‍സിനെയാണ് തിരഞ്ഞെടുത്തു കരാറടിസ്ഥാനത്തില്‍ നിയമിച്ചത്.  ഒരു പഞ്ചായത്തില്‍ ഒരാള്‍ വീതവും കോര്‍പ്പറേഷനിലും  മുനിസിപ്പാലിറ്റിയിലും  20 വാര്‍ഡുകളില്‍ ഒരാള്‍ വീതവുമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതൊരു വലിയ മാറ്റമായിരുന്നു. ഇതിലൂടെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അതിനായി ദൂരെ എവിടെയും പോകേണ്ട ആവശ്യമില്ലാതായി.  എങ്ങനെ ലൈസന്‍സ് എടുക്കാം,  എന്തു സംരംഭം പറ്റും,  എന്തൊക്കെ സബ്‌സിഡി കിട്ടും തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ പഞ്ചായത്തില്‍ മാത്രം പോയാല്‍ മതി എന്ന നില വന്നു. സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്റേണ്‍സിനെ  പരിശീലിപ്പിച്ചു. ഇവരെ ഉള്‍പ്പെടുത്തി 1034 പഞ്ചായത്തുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങി.  തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഇവര്‍ പഞ്ചായത്തുകളില്‍ ഇരിക്കും. പഞ്ചായത്ത് അവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടം കൊടുത്തു. ബോര്‍ഡ് വെച്ചു. കേരളത്തില്‍ ഏതു പഞ്ചായത്തില്‍ പോയാലും ഇപ്പോള്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് കാണും. അത് വലിയ ഒരു മാറ്റമായിരുന്നു.

indusrty1

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ മേല്‍നോട്ടവും എങ്ങനെയാണ് ഉറപ്പാക്കിയത് ?

നാല് തരത്തിലുള്ള  മോണിറ്ററിങ് കമ്മറ്റികള്‍ ഇതിനായി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള പ്രാദേശിക കമ്മറ്റി  സംരംഭം തുടങ്ങാന്‍ താല്പര്യമുള്ള ആളുകളെ  പഞ്ചായത്തില്‍ നിന്നും കണ്ടെത്തുന്നു. ഇത്തരത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന്് കണ്ടെത്തുന്നവരെ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മറ്റൊരു കമ്മറ്റി ജില്ലാതലത്തില്‍ ഏകോപിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ  കമ്മറ്റിയും  മുഖ്യമന്ത്രി അധ്യക്ഷനായ മറ്റൊരു കമ്മറ്റിയും സംസ്ഥാനതലത്തിലുള്ള ഏകോപനം നിര്‍വ്വഹിച്ചു. ഇതുകൂടാതെ എം.എല്‍.എ മാരുടെ അധ്യക്ഷതയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലും  കമ്മറ്റികള്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനമായിരുന്നു.

പിന്നീട് ഇതിന്റെയെല്ലാം ഏകാപനത്തിനായി ഓണ്‍ലൈന്‍ സിസ്റ്റം വന്നു. ഈ പോര്‍ട്ടലില്‍ ഓരോ പഞ്ചായത്തിലും തുടങ്ങിയ സംരംഭങ്ങള്‍ വിവരങ്ങള്‍ ലഭ്യമാക്കി. ഒരു സംരംഭം തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഇന്റേണ്‍സ് ആ വിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കേരളത്തില്‍ ഈ പദ്ധതി പ്രകാരം ഫെബ്രുവരി 18 വരെ 1,33,908  സംരംഭങ്ങള്‍  തുടങ്ങിയിട്ടുണ്ട്. ഈ സംരംഭങ്ങളിലൂടെ 8098.16 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്.  2,87,702 ലക്ഷം പേര്‍ക്ക് ജോലി കിട്ടി. ഇക്കാര്യങ്ങളെല്ലാം വിശദമായി ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് കാണാം.

പദ്ധതിയുടെ വിജയത്തിനുവേണ്ടി എന്തൊക്കെ തരത്തിലുള്ള കമ്പയിനുകളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

ഒരു വര്‍ഷം കൊണ്ട്  3 കാമ്പയിനുകളാണ് ആവിഷ്‌കരിച്ചത്. ആദ്യം കേരളത്തിലെ 1034 പഞ്ചായത്തുകളിലും 93 മുനിസിപ്പാലിറ്റികളിലും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി.

ഇന്റേണ്‍സ് ഓരോ പഞ്ചായത്തിലും സംരംഭകരാകാന്‍ താല്‍പര്യമുള്ള ആളുകളെ കണ്ടെത്താന്‍ വാര്‍ഡ് മെമ്പറോട് പറയും. ഒരു പഞ്ചായത്തില്‍ നിന്ന് ശരാശരി 73 പേര്‍ വീതം ഈ കോഴ്‌സില്‍ പങ്കെടുത്തു. 1159 ക്ലാസുകള്‍ കേരളമൊട്ടാകെ നടന്നു. 85160 പേര്‍ മൊത്തം പങ്കെടുത്തു. മെയ്-ജൂണ്‍ മാസത്തിലായിരുന്നു ഇത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ഇവര്‍ക്കായി എല്ലാ പഞ്ചായത്തുകളിലും വായ്പാ സബ്‌സിഡി മേള നടത്തി. 51,000 പേര്‍ ഇതില്‍ പങ്കെടുത്തു. അവിടെ വെച്ച് ബാങ്കുകള്‍ വായ്പ കൊടുത്തു. വിവിധ വകുപ്പുകള്‍ ലൈസന്‍സ് നല്‍കി. അടുത്ത ഘട്ടമായി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു. എല്ലാ താലൂക്കുകളിലും വിപണന മേള നടത്തി വിപണനത്തിനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിച്ചു. കേരളത്തിലെ 59 താലുക്കൂകളിലും ജില്ലാ ആസ്ഥാനങ്ങളിലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ട്രേഡ് ഫെയര്‍ സംഘടിപ്പിച്ചു.

ഇതിനു പുറമെ വിപുലമായ സംരംഭക സംഗമവും സംഘടിപ്പിച്ചു. 10,000 സംരംഭകരുടെ സംഗമം എറണാകുളത്ത് നടത്തി. ആദ്യമായിട്ടാണ് ഇത്രയും സംരംഭകര്‍ ഒരുമിച്ചു കൂടുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ യോഗങ്ങള്‍ക്കാണല്ലോ ഇത്രയും ആളുകള്‍ പങ്കെടുക്കുക. ഇത് സാധാരണ സംരംഭകര്‍. ഇത്രയും പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ വന്നു എന്ന് പൊതുജനങ്ങളോട് പറയാനാണ് ഈ സംഗമം നടത്തിയത്.

ഇത്ര വിപുലമായ മാറ്റത്തിന് കളമൊരുക്കാന്‍ എന്തൊക്കെ പുതിയ നയങ്ങളും സ്‌കീമുകളുമാണ് നടപ്പാക്കിയത്?

വായ്പകൾ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു

10 ലക്ഷം വരെയുള്ള സംരംഭ വായ്പകള്‍ ബാങ്കുകളില്‍ നിന്ന്് നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കി. ബാങ്ക് 9 ശതമാനം പലിശയാണ് ഈടാക്കുന്നതെങ്കില്‍ വ്യവസായ വകുപ്പ് സംരംഭകന് നാല് ശതമാനത്തിന് ലഭ്യമാക്കാന്‍ ബാക്കി അഞ്ച് ശതമാനം റീ ഇംബേഴ്‌സ് ചെയ്ത് നല്‍കും.

സംരംഭകർക്ക് സഹായകരമായ രീതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് അടുത്ത ഊന്നൽ നൽകിയത്. സര്‍ക്കാര്‍ പാര്‍ക്കുകളില്‍ സ്ഥലം ബാക്കിയില്ല. സംരംഭം തുടങ്ങാന്‍ ഭൂമി വേണമല്ലോ. അതിനായി സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനുള്ള അനുമതി  നല്‍കി.  സ്വകാര്യ വ്യക്തികള്‍ പാര്‍ക്ക് തുടങ്ങാന്‍ മുന്നോട്ട് വന്നാല്‍ അയാള്‍ക്ക് 10 ഏക്കര്‍ സ്ഥലം ഉണ്ടെങ്കില്‍ ഒരേക്കറിന് 30 ലക്ഷം എന്ന തോതില്‍ സര്‍ക്കാര്‍ 3 കോടി രൂപ നല്‍കും.  കെട്ടിടം ഉണ്ടാക്കാനും റോഡുണ്ടാക്കാനും മറ്റ് അടിസ്ഥാന സൗകര്യമുണ്ടാക്കാനുമൊക്കെയാണിത് നല്‍കിയത്. എട്ട് പേര്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. 100 പേര്‍ അടുത്ത നാല് വര്‍ഷം കൊണ്ട് വരുമെന്ന് കരുതുന്നു.

ഇപ്പോൾ തുടങ്ങിയിട്ടുള്ള സംരംഭങ്ങൾ പ്രശ്നം നേരിട്ടാൽ അതിനുള്ള പരിഹാരം കണ്ടെത്താനും സംവിധാനം ഒരുക്കി. അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ പോകുമല്ലോ. സംരംഭം ആശുപത്രിയിലാകുന്നതിന് മുന്നേ തന്നെ ചികില്‍സ നല്‍കുക. ഇതിനായി എം.എസ്.എം.ഇ ക്ലിനിക്കുകള്‍ തുടങ്ങി. ഓരോ ജില്ലയിലും 10-15 വിദഗ്ധരെ എംപാനല്‍ ചെയ്യും. 150 പേരെ ഇതിനോടകം എംപാനല്‍ ചെയ്തുകഴിഞ്ഞു. സംരംഭ നടത്തിപ്പുമായി ബന്ധപ്പെട്ട എന്തും  ഇവരോട് കണ്‍സള്‍ട്ട് ചെയ്യാം. ഇവരുടെ ഫീസ് വ്യവസായ വകുപ്പ് നല്‍കും. വ്യവസായ വകുപ്പ് പൂര്‍ണമായി ഓണ്‍ലൈനാക്കിയതാണ് മറ്റൊരു നടപടി.

ഈ പദ്ധതിയുടെ വിജയത്തിലൂടെ കൈവരിച്ച യഥാര്‍ത്ഥ നേട്ടം എന്താണ്?

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പറ്റിയ ഇടമാണ് കേരളം എന്ന രീതിയില്‍ ഒരു ഇക്കോ സിസ്റ്റം ശക്തിപ്പെടുത്താനുള്ള ആദ്യ ശ്രമമാണ് ഇത്. ഇതിന് ദേശീയ അംഗീകാരവും കിട്ടി. കേരളം എപ്പോഴും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സ്റ്റാര്‍ട്ടപ്, തുടങ്ങിയവയില്‍ നമ്പര്‍ വണ്‍ ആണ്. ഇപ്പോഴിതാ വ്യവസായത്തിലും ആ  നേട്ടം കൈവരിക്കുകയാണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത  ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യവസായത്തിലെ ബെസ്റ്റ് പ്രാക്ടീസായി ഈ പദ്ധതി അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.  

തുടങ്ങിയ സംരംഭങ്ങളെ വിജയകരമായി നിലനിര്‍ത്താനും നിലവിലുള്ളവയെ ശക്തിപ്പെടുത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?

ഈ കാമ്പയിന്‍ ഒരു വര്‍ഷം കൂടി തുടരും. നിലവിലുള്ള സംരംഭങ്ങളുടെ തുടര്‍ച്ച ഒരു വലിയ വെല്ലുവിളിയാണ്. കേരളമല്ലേ പുതിയ സംരംഭങ്ങള്‍ തുടങ്ങിയാല്‍ വിജയിക്കുമോ എന്ന സംശയം മാറ്റിവെച്ച് ആളുകള്‍ ഇപ്പോള്‍ മുന്നോട്ടുവന്നു. ഓരോ പഞ്ചായത്തിലും തുടങ്ങിയിട്ടുള്ള സംരംഭങ്ങള്‍ ഇന്റേണ്‍സ് സന്ദര്‍ശിക്കും. നേരത്തെ മുതലുള്ള 1000 സംരംഭങ്ങള്‍ തിരഞ്ഞെടുത്ത് അവരെ നാലുവര്‍ഷം കൊണ്ട് 100 കോടി വിറ്റുവരവ് നേടുന്ന നിലയിലേക്ക് ഉയര്‍ത്താന്‍ പറ്റുമോ എന്ന് നോക്കും. അതായത് മൈക്രോയെ സ്‌മോള്‍ ആക്കി വളര്‍ത്തുക, സ്‌മോളിനെ മീഡിയം ആക്കുക. മീഡിയത്തിനെ ലാര്‍ജ് ആക്കുക. അതാണ് ലക്ഷ്യം.  1000 സംരംഭങ്ങളെ തിരഞ്ഞെടുത്ത് അവരെ ആഗോള വിപണിയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യും.

ഓരോ പഞ്ചായത്തിലും ഒരു ഉല്‍പ്പന്നം എന്ന ആശയം കൊണ്ടുവന്നിരുന്നു. 500 ലധികം പഞ്ചായത്തുകളില്‍ ഇങ്ങനെ ഓരോ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. അത് വികസിപ്പിക്കാന്‍ നടപടി എടുക്കും. പല പഞ്ചായത്തുകളിലും വ്യവസായത്തിനുവേണ്ടി ഭൂമി ഉണ്ട്. അത് വ്യവസായ പാര്‍ക്ക് ആക്കി മാറ്റാന്‍ പറ്റുമോ എന്ന് പരിശോധിക്കും. അഗ്മാർക്ക് പോലെ കേരള ബ്രാന്‍ഡ് മാർക്ക് കൊണ്ടുവരും. 

ലേഖകൻ ഫിനാൻഷ്യൻ ജേണലിസ്റ്റും എന്റർപ്രണർഷിപ്പ് ട്രയിനറുമാണ്

English Summary : Major Sucess Factors Behind Entrepreneurs Year Project

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com