ADVERTISEMENT

ബിടെക്ക് പഠനം പൂർത്തിയാകുന്നതിന് മുൻപേ ചെന്നൈയിൽ നിന്നും കോട്ടയത്തേക്ക് ബിസിനസ് സ്വപ്നവുമായി വണ്ടികയറിയ ആളാണ് കോട്ടയം പാല ചെങ്ങളം സ്വദേശി എബിൻ ജോസ് ടോം. പഠന വേളയിൽ തന്നെ വെബ്ഡിസൈനിങ്ങിൽ തന്റെ ഭാവി കണ്ടെത്തി ഒരു സംരംഭകനാകാൻ ലക്ഷ്യമിട്ട് കമ്പനി കേരളത്തിൽ തന്നെ മതിയെന്ന തീരുമാനമെടുത്തു എബിൻ. അതിന് എന്തിനും കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള സുഹൃത്തുക്കളുടെ കൂടി പിന്തുണയുണ്ടായിരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഐടി പാർക്കുകളിലെല്ലാം ഓഫിസ് സ്‌പേസിന് വേണ്ടി ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവസാനം തൃശൂർ കൊരട്ടി ഇൻഫോപാർക്കിലാണ് എബിന് ഓഫീസ് തുടങ്ങാൻ സ്ഥലം കിട്ടിയത്. ഒരു ലാപ്ടോപ്പും നാല് പേരുമടങ്ങുന്ന ആ ചെറിയ ടീം ഇന്ന് കോടികളുടെ വിറ്റുവരവുമായി തലയുയർത്തി നിൽക്കുന്നു. ഇപ്പോൾ മുന്നൂറിൽ പരം ജീവനക്കാരുള്ള ഈ കമ്പനിയിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ നൂറുപേർക്ക് കൂടി തൊഴിൽ നൽകുമെന്ന് ഈ യുവസംരഭകൻ പറയുന്നു. ആദ്യകാല പതർച്ചകളിൽ വിട്ടുപോകാതെ ഉറ്റസുഹൃത്തായി കൂടെനിന്ന സുഹൃത്തിന് ബെൻസ് കാർ സമ്മാനിച്ചത് അടുത്തിടെ വാർത്തയായിരുന്നു. അതോടെയാണ് എബിൻ എന്ന ഈ യുവ സിഇഒ ആരാണെന്നും എങ്ങനെയാണ് അദ്ദേഹം തന്റെ കമ്പനിയെ നല്ലൊരു തൊഴിലാളിസൗഹൃദ ഇടമാക്കി മാറ്റിയതെന്നും  കേരളം അന്വെഷിച്ചത്. ഇ-കൊമേഴ്‌സ് ഡെവലപ്പ്മെന്റ്, യൂസർ എക്സ്പീരിയൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, കോർപ്പറേറ്റ് വെബ്സൈറ്റ് ഡെവലപ്പ്മെന്റ്, വെബ് അപ്ലിക്കേഷൻ, മൊബൈൽ അപ്ലിക്കേഷൻ തുടങ്ങിയ മേഖലകളിൽ കേരളത്തിലെ മുൻനിര കമ്പനികൾ ഒന്നാണ് വെബ്ആൻഡ് ക്രാഫ്റ്റ്സ്. (WAC)

ഇ-കൊമേഴ്‌സിന്റെ അനന്തസാധ്യതകൾ

ഇ-കൊമേഴ്‌സ് പോർട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു കമ്പനിക്കും ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുന്ന കമ്പനിയാണ് എബിന്റെ വെബ് ആൻഡ് ക്രാഫ്റ്റ്സ്. വെബ്‌സൈറ്റ് ഡിസൈൻ മുതൽ മൊബൈൽ ആപ്പ് ഡെവലപ്മെന്റ് വരെ എല്ലാം ഒരൊറ്റ കുടക്കീഴിൽ. കോവിഡ് പടർന്നതോടെ ഇന്ത്യയിലെ ഒട്ടുമിക്ക കമ്പനികളും സ്ഥാപനങ്ങളുംഓൺലൈനിലേക്ക് തിരിയാൻ നിർബന്ധിതരായി. അങ്ങനെ വെബ് ആൻഡ് ക്രാഫ്റ്റ്സിനെ തേടി ഇന്ത്യയ്ക്കകത്ത് നിന്നും ഓർഡറുകൾ വന്നുതുടങ്ങി..

വളർച്ച കേരള കമ്പനികളിലൂടെ

കേരളത്തിലെ കമ്പനികള്‍ രാജ്യാന്തര വിപണി ലക്ഷ്യമിടുമ്പോൾ വെബ് ആൻഡ് ക്രാഫ്റ്റ്സ് ലക്ഷ്യമിട്ടത് കേരളത്തിൽ നിന്നുള്ള വൻകിട കമ്പനികളെയായിരുന്നു. ലുലു, ജിയോജിത്, ജോയ് ആലുക്കാസ്, മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക്, തുടങ്ങിയ മുൻനിര കമ്പനികൾക്ക് സേവനങ്ങൾ നൽകി ചുവടുറപ്പിച്ചു. ലോകത്തിൽ എവിടെ പോയാലും ഒരു മലയാളി ഉണ്ടാകും എന്ന പോലെ മിക്കവാറും എല്ലാ ബ്രാന്‍ഡുകളുടെയും തലപ്പത്ത് ഒരു മലയാളി ഉണ്ടാകും. അവിടേയ്ക്ക് എത്തിചേരാനുള്ള എളുപ്പവഴിയാണിത്. 

ബിടെക് പാസാകാത്ത സിഇഒ

താൻ ബിടെക്ക് പഠിച്ച കോളേജിലെ വെബ്‌സൈറ്റിന്റെ ശോചനീയാവസ്ഥ കണ്ടപ്പോഴാണ് അതിനെയൊന്ന് മോടിപിടിപ്പിച്ചാലോ എന്ന് തോന്നിയത്. വെബ്‌സൈറ്റിന്റെ മാതൃക തയാറാക്കി കാണിച്ചപ്പോൾ എല്ലാവരും ഹാപ്പിയായി. ആ ഒരൊറ്റ വെബ്‌സൈറ്റ് കാരണം പിന്നീടുള്ള വർഷങ്ങളിൽ കോളേജിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ അഡ്മിഷൻ തേടിയെത്തി തുടങ്ങിയെന്ന് പിന്നീട് എബിനോട് അധ്യാപകർ പറഞ്ഞു. എൻജിനിയറിങ് കോളേജ് ഇൻ ചെന്നൈ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം എബിന്റെ കോളേജ് വെബ്‌സൈറ്റ് പ്രത്യക്ഷപ്പെടുന്ന തരത്തിലേക്ക് അത് വളർന്നു. അതൊരു തുടക്കം മാത്രമായിരുന്നു.

കോളേജ് വെബ്‌സൈറ്റ് പ്രസിദ്ധി നേടിയതോടെ എബിനെ തേടി ആദ്യത്തെ ക്ലയന്റ് എത്തി. അദ്ദേഹം എബിനെ വീട്ടിലേക്ക് വിളിച്ച് അയ്യായിരം രൂപ അഡ്വാൻസ് നൽകി. വെബ്‌സൈറ്റ് നന്നായി ചെയ്താൽ മറ്റൊരു അയ്യായിരം കൂടി തരാം എന്നേറ്റു. തന്റെ പാഷൻ ഒരു വരുമാനമാർഗമാക്കാം എന്ന് എബിൻ തിരിച്ചറിഞ്ഞത് ആ നിമിഷമാണ്. 

abin1

കമ്പനി തുടങ്ങി നാല് വർഷങ്ങൾക്ക് ശേഷമാണ് ഭാര്യ ജിലു ജോസഫിനെ കണ്ടെത്തുന്നത്. ഇന്ന് എബിന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആണ് ജിലു. എംബിഎ ബിരുദവും കോർപറേറ്റ് കമ്പനികളിലെ പ്രവൃത്തിപരിചയവും ജിലുവിന് ഉണ്ടായിരുന്നു. ജിലു കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയതോടെയാണ് കമ്പനി കൂടുതൽ അച്ചടക്കമുള്ളതായി മാറിയത്.

സ്‌കൂൾ കാലം തൊട്ടേ പഠിക്കുന്ന കാര്യത്തിൽ എബിൻ പേരുദോഷം മാത്രമേ കേട്ടിട്ടുള്ളു. കോളേജിൽ എത്തിയപ്പോഴാണ് തനിക്ക് ഡിസ്ലെക്സിയ ആണെന്ന് തിരിച്ചറിയുന്നത്. മറ്റൊരുപാട് കഴിവുകളും ഗുണങ്ങളും ഉണ്ടായിട്ടും എന്ത് കൊണ്ട് തനിക്ക് മാർക്ക് കുറയുന്നു എന്ന് അറിയില്ലായിരുന്നു. എബിന്റെ പ്രശ്നം അക്ഷരങ്ങൾ ഓർത്തിരിക്കുന്നതിലാണ്. പക്ഷെ തിരിച്ചറിയുന്നതിന് മുൻപും ശേഷവും ഡിസ്ലെക്സിയ തനിക്കൊരു പ്രശ്നമേ ആയിരുന്നില്ലെന്ന് എബിൻ പറയുന്നു.

സൗഹൃദത്തിലൂന്നിയുള്ള തൊഴിലിടം

വെബ് ആൻഡ് ക്രാഫ്റ്റ്സിലെ അന്തരീക്ഷം സൗഹൃദത്തിലൂന്നി കൊണ്ടാണ്. നമ്മൾ ചെയ്യുന്ന ജോലി ആസ്വദിക്കുന്നിടത്തോളം അതൊരു ഭാരമായി തോന്നില്ല. തുടക്കകാലം തൊട്ടേ കമ്പനിയുടെ ഒപ്പമുണ്ടായിരുന്ന ക്ലിന്റ് ആന്റണിക്കാണ് എബിൻ അടുത്തിടെ 73ലക്ഷം വിലവരുന്ന ആഡംബര കാർ സമ്മാനിച്ചത്. പത്ത് വർഷത്തിലേറെയായി എബിന്റെ ഒപ്പം ക്ലിന്റും കമ്പനിക്ക് വേണ്ടി ജോലി ചെയ്തു. ഇന്ന് വെബ് ആൻഡ് ക്രാഫ്റ്റ്സിന്റെ ചീഫ് ക്രീയേറ്റീവ് ഓഫീസർ ആണ് ക്ലിന്റ്.

abin2

ഒരിക്കലും നിക്ഷേപങ്ങൾ തേടി എബിൻ ആരുടെയും പിറകെ പോയിട്ടില്ല. എന്നാൽ ചെന്നൈ-കൊച്ചി യാത്രയിൽ ട്രെയിനിൽ നിന്നും പരിചയപ്പെട്ട പ്രിൻസ് എന്ന മനുഷ്യനെ എബിൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു. യാത്രക്കിടെ എബിന്റെ നിസ്സഹായാവസ്ഥ മനസിലാക്കിയ അദ്ദേഹം അയച്ചു നൽകിയ കുറച്ചു പണവും ചേർത്താണ് കൊരട്ടി ഇൻഫോപാർക്കിൽ ഓഫീസിന് അഡ്വാൻസ് നൽകിയത്. ലളിതമായി തുടങ്ങിയാലും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചാൽ ആവശ്യക്കാർ വരും. ലോകത്ത് അമ്പതോളം രാജ്യങ്ങളിൽ നിന്ന് വെബ് ആൻഡ് ക്രാഫ്റ്റ്സിനെ തേടി ഇന്ന് വലിയ കമ്പനികൾ വരുന്നതിന് പിന്നിലെ രഹസ്യമിതാണ്. ആത്മവിശ്വാസം കൈമുതലായി ഉള്ളത് കൊണ്ടാണ് ബിടെക്ക് പാസായിട്ടില്ലാത്ത, പഠിച്ച കാര്യങ്ങൾ പരീക്ഷാപേപ്പറിൽ പ്രതിഫലിപ്പിക്കാൻ കഴിയാത്ത എബിൻ, ഇന്ന് കേരളത്തിൽ നിന്നും ഒരു കമ്പനിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. 

English Summary : Know the Success Story of Web and Crafts

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com