എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് നേരെ സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് കാലെടുത്തുവച്ചപ്പോള്‍ റോബിന്‍ തോമസിനും ജിതിന്‍ വിദ്യ അജിത്തിനും വളരെ ശ്രേഷ്ഠമായ ഒരു ദര്‍ശനം കൂടിയുണ്ടായിരുന്നു-ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരുടെ ജീവിതം സുഗമമാക്കുന്നതിന് ഇടപെടല്‍ നടത്തുക. അങ്ങനെയാണ് 2018ല്‍ ആസ്ട്രെക് ഇന്നവേഷന്‍സിന്റെ തുടക്കം. റോബിനാണ് കമ്പനിയുടെ സിഇഒ, ജിതിന്‍ സിഒഒയും. സഹസ്ഥാപകരായ അലക്സ് എം സണ്ണി ചീഫ് ടെക്നോളജി ഓഫീസറായും വിഷ്ണു ശങ്കര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായും പ്രവര്‍ത്തിക്കുന്നു.
തുടക്കം
ശാരീരികവൈകല്യം അനുഭവിക്കുന്ന ഒരുപാട് ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നടക്കാന്‍ പ്രയാസമുള്ളവര്‍ വളരെ കൂടുതലാണ്. അവരുടെ പുനരധിവാസത്തിലും മറ്റും ടെക്നോളജിയുടെ ഉപയോഗം നന്നേ കുറവാണ്. മറ്റ് ആരോഗ്യ മേഖലകളില്‍ ടെക്നോളജി ഉപയോഗിക്കുന്നതുപോലെ ഇവിടെയില്ല. ഈ സാഹചര്യത്തിലാണ് ഒരു ഡിവൈസിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചത്-ജിതിന്‍ പറയുന്നു. ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കായി ഒരു റോബോട്ടിക് ഡിവൈസാണ് ആസ്ട്രെക് വികസിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് കാലിന് വൈകല്യം സംഭവിച്ച് നടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉപകാരപ്പെടുന്ന ഡിവൈസാണിത്. ഇതിലുള്ള മോട്ടോറുകൾ നടക്കാനുള്ള പാറ്റേണ്‍, അല്ലെങ്കില്‍ എക്സൈസിനുള്ള പാറ്റേണ്‍ റോബോട്ടിലേക്ക് ഫീഡ് ചെയ്ത് നല്‍കും. റോബോട്ട് സ്വയം രോഗിയെ എക്സൈസ് ചെയ്യിപ്പിക്കും. ഡോക്റ്ററിന് പൂര്‍ണമായും നിയന്ത്രിക്കുകയും ചെയ്യാം. മെഷീനിലുള്ള സെന്‍സറുകള്‍ ഉപയോഗപ്പെടുത്തി പേഷ്യന്റിന്റെ ഡാറ്റ റീഡ് ചെയ്ത് ഡോക്റ്റര്‍മാര്‍ക്ക് കൃത്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യാം.
നിലവിലെ റീഹാബിലിറ്റേഷന്‍ പ്രക്രിയയില്‍ ഒരു രോഗിയെ മൂന്നാളൊക്കെ പിടിച്ച് എക്സൈസ് ചെയ്യിക്കുന്ന സാഹചര്യമാണ്. തങ്ങളുടെ മെഷീന്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഒരു ഫിസിയോതെറാപ്പിസ്റ്റിന് രണ്ട് പേരെ ഒരേ സമയം തന്നെ മാനേജ് ചെയ്യുന്ന തലത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് ജിതിന്‍ പറയുന്നു. ഫിസിയോതെറാപ്പി പ്രോസസ് വേഗത്തിലാക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഭാവിയില്‍ ഇതൊരു അസിസ്റ്റീവ് ഡിവൈസായി മാറുമെന്ന് ജിതിന്‍. അതായത്, സൂപ്പര്‍വിഷന്‍ ഒന്നുമില്ലാതെ വീട്ടിലും ഓഫീസിലും നടക്കാനും പാര്‍ക്കിലും മാളിലുമെല്ലാം പോകാനും ശാരീരിക പ്രയാസങ്ങളുള്ളവരെ സഹായിക്കുന്ന ഡിവൈസ് പ്രായോഗികമാക്കുകയാണ് ആസ്ട്രെക്കിന്റെ ലക്ഷ്യം.
പ്രചോദനം
'റോബിന്റെ അപ്പൂപ്പന് ഒരു വീഴ്ച്ചയ്ക്ക് ശേഷം മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. എന്നാല്‍ അദ്ദേഹത്തിന് പിന്നങ്ങോട്ട് നടക്കാന്‍ സാധിച്ചില്ല. ഫിസിയോതെറാപ്പി കൃത്യമായി സാധ്യമാക്കുന്നതിലെ അപര്യാപ്തത ഒരു വിഷയമായിരുന്നു. സമാനമായ മറ്റൊരു അനുഭവവും ഉണ്ടായി. ഇതാണ് ഇത്തരമൊരു പ്രൊഡക്റ്റിലേക്ക് ഞങ്ങളെ നയിച്ചത്,' ജിതിന്‍ വ്യക്തമാക്കുന്നു.
എന്താണ് പ്രത്യേകത?
തങ്ങളുടെ വിഷന്‍ തന്നെയാണ് ഈ സംരംഭത്തിലെ ഇന്നവേറ്റീവ് ഘടകമെന്ന് ജിതിന്‍. 'എക്സോസ്‌കെലിട്ടണ്‍ എന്നാണ് ഡിവൈസിന് പറയുന്നത്. വെയറബിള്‍ റോബോട്ടിക്സ് എന്നും പറയും. ഇത് റിഹാബിലിറ്റേഷന്‍ മേഖലയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വളരെ അപൂര്‍വമാണ്. കാരണം ചെലവ്തന്നെ. ഇന്‍സ്റ്റലേഷനും ലാര്‍ജ് സ്‌കെയിലിലാണ്. ഇതിന്റെ സൈസും മറ്റും കാരണം റൂമിനകത്തോ മറ്റോ മാത്രമേ പ്രായോഗികമാക്കാന്‍ പറ്റൂ. ഡിവൈസനിടുത്തേക്ക് രോഗികളെ കൊണ്ടുവന്നാണ് ഇത് സാധാരണ ചെയ്യുന്നത്. എന്നാല്‍ ഞങ്ങളുടെ വിഷന്‍, രോഗികള്‍ക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല എന്നത് ഒരു തടസമായി വരരുത് എന്നാണ്. ഞങ്ങളുടെ ഡിവൈസ് എടുത്തുകൊണ്ട് രോഗിയുടെ അടുത്തേക്ക് ചെല്ലാന്‍ സാധിക്കണം. അതായിരുന്നു ലക്ഷ്യം.

പോര്‍ട്ടബിലിറ്റി വേണം, അഡ്ജസ്റ്റബിലിറ്റി വേണം, ഈസിയായി ഊരിമാറ്റാനും തിരിച്ച് അറ്റാച്ച് ചെയ്യാനും പറ്റണം. അങ്ങനെയുള്ള സവിശേഷതകൾ എല്ലാം ഉള്‍പ്പെടുത്തിയാണ് ഡിവൈസ് വികസിപ്പിക്കുന്നത്. മെഷീന്‍ ലേണിങ് സങ്കേതം കൂടി ഡിവൈസില്‍ ഉള്‍പ്പെടുത്തി. ഹൈറ്റ്, വെയ്റ്റ് പോലുള്ള വിവിധ ഘടകങ്ങള പരിഗണിച്ച് വാക്കിങ് പാറ്റേണ്‍ പ്രെഡിക്റ്റ് ചെയ്യാനുള്ള ഒരു ആല്‍ഗൊരിതം ഡിവൈസില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഉപയോഗിച്ചുവരുന്ന പല ഡിവൈസുകളും ഞങ്ങളുടെ ഫെസിലിറ്റിയുമായി ഇന്റര്‍ലിങ്ക് ചെയ്ത് ഉപയോഗിക്കാനുള്ള ശ്രമവും ഒരുക്കി.'
ഫണ്ടിങ്
2018ല്‍ തന്നെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഡിയേഷന്‍ ഗ്രാന്റ് ലഭിച്ചിരുന്നു ആസ്ട്രെക് ഇന്നവേഷന്‍സിന്. അതിന് ശേഷവും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്രാന്റ് കിട്ടി. മേക്കര്‍ വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്ത സംരംഭമാണ്, അവരുടെയും ഗ്രാന്റ് ലഭിച്ചു. 2021 അവസാനം ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കില്‍ നിന്നള്ള നിക്ഷേപവും കിട്ടി. ചിലി സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ചിലിയുടെ ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമാകാനും ആസ്ട്രെക്കിന് സാധിച്ചു. അവിടെനിന്നും ഫണ്ട് ലഭിക്കുകയുണ്ടായി. എട്ട് മാസം ചിലി കേന്ദ്രീകരിച്ചായിരുന്നു റോബിന്റെ പ്രവര്‍ത്തനം.
നിലവിലെ അവസ്ഥ
മാര്‍ക്കറ്റ് ചെയ്യാവുന്ന തരത്തില്‍ പ്രൊഡക്റ്റ് ഡെവലപ്പ് ചെയ്തുവരികയാണെന്ന് ജിതിന്‍. പല തരത്തിലുള്ള ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ക്ലിനിക്കല്‍ ട്രയല്‍ പ്രോസസും ഇവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. പ്രൊഡക്റ്റ് ഡെവലപ്മെന്റിന്റെ അവസാന സ്റ്റേജാണ്. ഈ വരുന്ന സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് പ്രൊഡക്റ്റ് ലോഞ്ച് ചെയ്യും.
ഭാവി പദ്ധതികള്‍
'ഞങ്ങളൊരു വിഷന്റെ പുറത്താണ് നീങ്ങുന്നത്. നിലവില്‍ നമുക്ക് ചുറ്റുമുള്ള ലോകത്തെ കാര്യങ്ങള്‍ 80 ശതമാനം ആളുകള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ബാക്കി 20 ശതമാനം ആളുകള്‍ ഏതെങ്കിലും തരത്തില്‍ വൈകല്യങ്ങള്‍ നേരിടുന്നവരാണ്. അവര്‍ക്ക് സമഗ്രമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്തതാണ് നമ്മുടെ ചുറ്റുമുള്ള ലോകം. അതിലൊരു മാറ്റമാണ് ഞങ്ങളുടെ വിഷന്‍. ഇതിന് സഹായിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയെന്നതാണ് ഭാവി പദ്ധതി,'ജിതിന്‍ വ്യക്തമാക്കുന്നു.
English Summary : Astrek will Help People Who are not Able to Walk