ADVERTISEMENT

സുരക്ഷയുറപ്പാക്കുന്നതിൽ വാതിലുകളുടെ പങ്ക് പ്രധാനമാണ്. അതുകൊണ്ടു തന്നെ നനഞ്ഞാലും യാതൊരു പ്രശ്നവും വരാത്തതും കൃത്യമായ ഫിനിഷിങ് ഉള്ളതുമായ എഫ്ആർപി ഡോറുകൾക്കു വലിയ സ്വീകാര്യതയുണ്ട്. ഇത്തരം എഫ്‌ആർപി ‍ഡോറുകളുടെ നിർമാണവും വിൽപനയുമാണു ശാന്തി എന്ന സംരംഭകയുടെ മേഖല. പാലക്കാട് നെല്ലിയാംപാടത്താണ് ഇവരുടെ വിജയ് ഇൻഡസ്ട്രീസ് എന്ന നിർമാണ യൂണിറ്റ്.

എന്തുകൊണ്ട് ഈ ബിസിനസ്?

ടിവി ആന്റിനയും അതിന്റെ വിവിധ ഭാഗങ്ങളും നിർമിക്കുന്ന ഒരു സംരംഭം നടത്തിയിരുന്നു. ഭർത്താവിന്റെ ഉപദേശവും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് ആന്റിന ഉൽപന്നങ്ങൾ നിർമിക്കാൻ തുടങ്ങിയത്. ഏതാനും വർഷങ്ങളോളം അതു നിലനിന്നു. പിന്നീട് ആന്റിന ഇല്ലാതായതോടെ മാറി ചിന്തിക്കേണ്ടി വന്നു ശാന്തിക്ക്. അങ്ങനെയാണ് എഫ്ആർപി ഡോറുകളിൽ എത്തുന്നത്. 

കാര്യമായ മെഷിനറികൾ േവണ്ട, വലിയ നിക്ഷേപം ആവശ്യമില്ല. വ്യാപകമായ ഡിമാൻഡ് ഉണ്ട്. മികച്ച ലാഭവിഹിതവും ലഭിക്കും. ഇതിന്റെ സാങ്കേതികവശങ്ങൾ നന്നായി അറിയാവുന്ന മാനേജരെ കിട്ടിയതോടെ അതുതന്നെ എന്ന് ഉറപ്പിച്ചു. പത്തു വർഷമായി ഈ സ്ഥാപനം വിജയകരമായി പ്രവർത്തിക്കുന്നു.

ലളിതമായ തുടക്കം

ഡോറുകളുടെ 5 മോൾഡുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. രണ്ടു തൊഴിലാളികൾ മാത്രമായിരുന്നു ആരംഭത്തിൽ. അന്നു ദിവസം 5 ഡോറുകളാണു ശരാശരി ഉൽപാദിപ്പിച്ചിരുന്നത്. പ്രാദേശികമായിരുന്നു വിൽപനകളും. ഇപ്പോൾ 110ൽപരം മോൾഡുകൾ ഉണ്ട്.  25 ൽ അധികം തൊളിലാളികൾ  ജോലി ചെയ്യുന്നുണ്ട്. 20 ലക്ഷം രൂപയോളം നിക്ഷേപിച്ചാണ് പുതിയ മോൾഡുകൾ വാങ്ങിയത്. പ്രതിദിനം 50 ഡോറുകൾ ഉണ്ടാക്കാൻ ശേഷിയുണ്ട്. ഓർഡർ അനുസരിച്ചു മാത്രമാണ് ഇവ നിർമിക്കുന്നത്. ഒരു ഡോറിന് 7,500 രൂപയോളമാണു വില വരുന്നത്. ഡോർ, കട്ടിള, ഫിറ്റിങ് സാമഗ്രികൾ, ഫിറ്റിങ് ചാർജ് എല്ലാം ഉൾപ്പെടെയാണ് ഡോറിന്റെ വില.

santhi-april2

അസംസ്കൃത വസ്തുക്കൾ കോയമ്പത്തൂരിൽനിന്ന്

എഫ്ആർപി ഡോറുകൾ നിർമിക്കുന്നതിനു വേണ്ട പ്രധാന അസംസ്കൃത വസ്തുക്കൾ ഫൈബർ ഗ്ലാസ് റെസിൻ, കളർ പിഗ്‌മെന്റ്സ് എന്നിവയാണ്. കോയമ്പത്തൂരിലെ സ്വകാര്യ ഏജൻസിയിൽനിന്നു ലഭിക്കുന്നത്. ക്വാളിറ്റി മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പക്ഷേ, ക്രെഡിറ്റ് ലഭിക്കുകയില്ല. ‘സ്കിൽഡ് ജോലിക്കാർ ആണ് സ്ഥാപനത്തിന്റെ സ്വത്ത് എന്നു പറയുന്നത്,’ ശാന്തി പറയുന്നു. ഏറ്റവും നൈപുണ്യമുള്ള തൊഴിലാളികളാണ് സ്ഥാപനത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ക്വാളിറ്റി ഫിനിഷിങ്, കൃത്യത എന്നിവ ഉറപ്പു വരുത്താനാകും. 

വിൽപന 25 ഡീലർമാർ വഴി 

25 ഡീലർമാർ ഉണ്ട്. അവർ വഴിയാണു വിൽപന. മുൻകൂട്ടി ഓർഡർ പിടിച്ച് അയച്ചു തരുന്ന സവിശേഷതകൾ അനുസരിച്ചാണ് ഡോറുകൾ നിർമിക്കുന്നത്. ഡീലർമാരാണ് അവ ഫിറ്റ് ചെയ്തു നൽകുന്നത്. ക്രെഡ‍ിറ്റ് വിൽപന ഇല്ല. എല്ലാം െറഡി കാഷ് ബിസിനസുകൾ മാത്രം. മത്സരമുണ്ടെങ്കിലും അതു വലിയ ഭീഷണിയല്ല. കാരണം, ഡോറുകളുടെ ഗുണനിലവാരം തന്നെ. 10 മുതൽ 20 ലക്ഷം രൂപ വരെയാണ് പ്രതിമാസ വിൽപന നടക്കുന്നത്. മികച്ച വിപണിയാണ് ഇത്തരം ഡോറുകൾക്ക് ഇന്നുള്ളത്.15 ശതമാനമാണ് പരമാവധി ലഭിക്കുന്ന അറ്റാദായം എന്നാണു ശാന്തി പറയുന്നത്. മാസം ഒന്നരലക്ഷം രൂപയോളം ഈ സംരംഭക സമ്പാദിക്കുന്നുണ്ട്.

20 ലക്ഷം രൂപയുടെ നിക്ഷേപം

ഏകദേശം 20 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് സ്ഥാപനത്തിലുള്ളത്. സ്വന്തം സ്ഥലത്ത് ഫാക്ടറി പ്രവർത്തിക്കുന്നു. ഫൈബർ ൈ‍ഡ സെറ്റുകൾക്കാണ് നിക്ഷേപം ആവശ്യമായിട്ടുള്ളത്. 110 സെറ്റ് ഡൈകൾ ഉപയോഗിക്കുന്നു. സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരമാണ് വായ്പ എടുത്തിരിക്കുന്നത്. കൃത്യമായി തിരിച്ചടക്കുന്നു. സർക്കാരിൽനിന്നുള്ള നിക്ഷേപ സബ്സിഡിയും ലഭിച്ചിരുന്നു. 

ബികോം ഡിഗ്രിക്കാരിയാണ് ശാന്തി. പഠനത്തിനുശേഷം ഹാർഡ്‌വെയർ ഷോപ്പിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. അതിനുശേഷമാണ് സംരംഭത്തിലേക്കു വരുന്നത്. ഭർത്താവ് അർജുനൻ കെഎസ്ഇബിയിൽ സബ് എൻജിനീയറാണ്. എൻജിനീയറിങ് പൂർത്തിയാക്കിയ മകൾ അശ്വതി ബിസിനസിൽ നന്നായി സഹായിക്കുന്നു. മറ്റൊരാൾ ശ്രീലക്ഷ്മി പ്ലസ്ടു വിദ്യാർഥിനിയാണ്. 

santhi-april1

പുതു പ്രതീക്ഷകൾ

എഫ്‌ആർപി ഡോറുകൾക്കു പുറമേ മോഡുലാർ ഇന്റീരിയർ വർക്കുകളും ഏറ്റെടുത്ത് ചെയ്യാനുള്ള ശ്രമത്തിലാണ് ശാന്തി. ഇതിനായി പ്രത്യേക പ്ലാന്റ് തുടങ്ങുന്നു.

English Summary : Door Manufacturing is a Profitable Business for this Woman Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com