ADVERTISEMENT

സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍ എങ്കിലും മക്കളെ വളർത്താനും കുടുംബത്തിനുമായി ജീവിതം മാറ്റിവെക്കേണ്ടി വരുമ്പോൾ അതൊന്നും നടക്കണമെന്നില്ല. ഉത്തരവാദിത്തങ്ങളെല്ലാം ഒന്നൊതുങ്ങി കഴിയുമ്പോൾ ജോലി എന്നത് സ്വപനം മാത്രമാകും. പിന്നെ എന്താണ് മാര്‍ഗം എന്ന് ചിന്തിക്കുന്നവർക്ക് എളിയ നിലയിലാണെങ്കിലും സംരംഭമാരംഭിക്കാം. പക്ഷേ മുന്നോട്ട് എങ്ങനെ പോകും എന്ന ചിന്തയില്‍ പല സംരംഭ ആശയങ്ങളും വഴിയില്‍ ഉപേക്ഷിക്കുന്നതാണ് കണ്ടുവരാറുള്ളത്. പണമാണ് ഇത്തരം സംരംഭങ്ങളെ പ്രധാനമായും വലിഞ്ഞു മുറുക്കുന്നത്. കൈയ്യില്‍ പണം എടുക്കാന്‍ ഇല്ലെങ്കിലെന്താ സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ അമ്മദിനത്തിലെങ്കിലും അത്തരം ചില പദ്ധതികളെ കുറിച്ച് അറിയാം, ചുവട് വെക്കാം

മുദ്ര യോജന

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെയും സഹായിക്കുന്ന പദ്ധതിയാണ് മുദ്ര യോജന. കാര്‍ഷികേതര ബിസിനസുകള്‍ക്കായാണ് വായ്പ ലഭിക്കുക.

മുദ്ര യോജന സ്‌കീം മൂന്ന് പ്ലാനുകളുമായാണ് വരുന്നത്: സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ശിശു പദ്ധതി (50,000 രൂപ വരെ വായ്പ) നന്നായി സ്ഥാപിതമായ സംരംഭങ്ങള്‍ക്കുള്ള കിഷോര്‍ പ്ലാന്‍ (50,000 രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്പ) ബിസിനസ് വിപുലീകരണത്തിനുള്ള തരുണ്‍ പ്ലാന്‍ (5 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയില്‍).  എല്ലാ പൊതുമേഖലാ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്വകാര്യമേഖലാ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍.ബി.എഫ്.സി), വിദേശ ബാങ്കുകള്‍ തുടങ്ങിയവയിൽ നിന്ന് വായ്പ നേടാം.ഈട് ആവശ്യമില്ല.

womanfinance2

ലളിതമായ അപേക്ഷ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പക്കായി അപേക്ഷിക്കുവാന്‍ വേണ്ടത്. ബാങ്ക് ശാഖകളില്‍ നിന്ന് തന്നെ ഫോം ലഭിക്കും.

മഹിളാ ഉദ്യം നിധി പദ്ധതി

ചെറുകിട വ്യവസായ വികസന ബാങ്ക് ഇന്ത്യ (സിഡ്ബി) ആണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഏതൊരു പുതിയ ചെറുകിട സ്റ്റാര്‍ട്ടപ്പിനും ഈ സ്‌കീമിന് കീഴില്‍ നിന്ന് സഹായം നേടാം. നിലവിലുള്ള പദ്ധതികളുടെ നവീകരണത്തിനും സാമ്പത്തിക സഹായം ലഭിക്കും. പണം സേവന, നിര്‍മ്മാണ, ഉല്‍പ്പാദന മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയും. വായ്പ തിരിച്ചടവിനുള്ള സമയപരിധി 10 വര്‍ഷമാണ്, കൂടാതെ അഞ്ച് വര്‍ഷത്തെ മോറട്ടോറിയം കാലയളവും ഉള്‍പ്പെടുന്നു.

സിഡ്ബിക്കാണ് അധികാരം എങ്കിലും ബാങ്കുകളാണ് വായ്പ അനുവദിക്കുന്നത്. അതിനാല്‍ ബാങ്ക് പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അടക്കം വിലയിരുത്തിയാണ് വായ്പ അനുവദിക്കുക.

സ്ത്രീ ശക്തി പദ്ധതി

women-etre

വനിതാ സംരംഭകര്‍ക്കായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഒരു പദ്ധതിയാണിത്. ഒരു സംരംഭത്തില്‍ 50ശതമാനത്തില്‍ കൂടുതല്‍ ഉടമസ്ഥതയുള്ള സ്ത്രീകള്‍ക്കാണിത് ലഭിക്കുക. ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും, ബ്യൂട്ടി പാര്‍ലര്‍ ഓപ്പറേറ്റര്‍മാര്‍ പോലുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും റീട്ടെയില്‍ വ്യാപാരവും ബിസിനസ്സ് സംരംഭങ്ങളും ആരംഭിക്കാന്‍ ഈ പദ്ധതി സഹായിക്കും. ബിസിനസ് സ്വന്തമായി കൈകാര്യം ചെയ്യുന്ന വനിതാ സംരംഭകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 2 ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകള്‍ക്ക് ബാങ്ക് പലിശ നിരക്കില്‍ 0.50% ഇളവ് നല്‍കുന്നു. 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സെക്യൂരിറ്റി നിര്‍ബന്ധമല്ല.ഈ സ്ത്രീകള്‍ അവരുടെ സംസ്ഥാന ഏജന്‍സി നടത്തുന്ന സംരംഭകത്വ വികസന പരിപാടികളില്‍  എൻറോൾ ചെയ്തിരിക്കണം.

ദേന ശക്തി പദ്ധതി

സ്ത്രീ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന മറ്റൊരു സ്‌കീമാണിത്. ഹോര്‍ട്ടികള്‍ച്ചര്‍, റീട്ടെയില്‍ എക്‌സ്‌ചേഞ്ച്, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം എന്നിവയ്ക്കായി  ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. 20 ലക്ഷം രൂപ വരെയാണ് പദ്ധതി പ്രകാരം നല്‍കുന്നത്. മൈക്രോ ക്രെഡിറ്റ് സ്‌കീമുകള്‍ക്ക് കീഴില്‍ 50,000 രൂപ വരെ അധിക മൈക്രോ ക്രെഡിറ്റും ലഭിക്കും. കമ്പനിയില്‍ ഭൂരിഭാഗം പങ്കാളിത്തമുള്ള വനിതാ സംരംഭകര്‍ക്ക് 0.25% വരെ കിഴിവുമുണ്ട്.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ

രാജ്യത്ത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. നിര്‍മാണം,സേവനം, വ്യാപാരം മേഖലകളില്‍ വായ്പ ഉപയോഗിക്കാം.തിരിച്ചടവ് കാലയളവ് പരമാവധി 7 വര്‍ഷം (18 മാസം വരെയുള്ള മൊറട്ടോറിയം കാലയളവ് ഉള്‍പ്പെടെ).

അന്നപൂര്‍ണ പദ്ധതി

ഫുഡ് കാറ്ററിങ് ബിസിനസ് നടത്തുന്ന സ്ത്രീകള്‍ക്ക് അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുക ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അന്നപൂര്‍ണ പദ്ധതി. പുതിയ പാത്രങ്ങളും ആവശ്യമായ അടുക്കള സാമഗ്രികളും വാങ്ങുന്നതുള്‍പ്പടെയുള്ളവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരുലക്ഷം രൂപ വരെ വായ്പ ലഭിക്കും. പാത്രങ്ങള്‍, വാട്ടര്‍ ഫില്‍ട്ടറുകള്‍ തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ ഉപയോഗിക്കാം. എന്നാല്‍ വായ്പ സുരക്ഷിതമാക്കാന്‍ ഒരു ഗ്യാരന്റര്‍ ആവശ്യമാണ്.

woman-entre4

സെന്റ് കല്യാണി പദ്ധതി

പുതിയൊരു സംരംഭം ആരംഭിക്കുവാനോ അല്ലെങ്കില്‍ നിലവിലുള്ള സംരംഭം വിപുലീകരിക്കുവാനോ പരിഷ്‌കരിക്കാനോ സ്ത്രീകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന വായ്പ പദ്ധതിയാണ് സെന്റ് കല്യാണി.

കാര്‍ഷിക, റീട്ടെയില്‍ വ്യവസായങ്ങളിലെ സ്ത്രീ ബിസിനസ്സ് ഉടമകള്‍ക്കായി ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഗ്രാമത്തിലെ കുടില്‍ വ്യവസായങ്ങള്‍, മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍, കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വ്യാപാര മേഖല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടികള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍ക്ക് ജാമ്യമില്ലാതെ വായ്പ ലഭിക്കും. 1 കോടി രൂപ വരെയാണ് വായ്പ ലഭിക്കുക. മാര്‍ജിന്‍ തുകയായ 20 ശതമാനം സംരംഭകര്‍ കണ്ടെത്തണം. പലിശയില്‍ ആനുകൂല്യവുമുണ്ട്.

ഉദ്യോഗിനി പദ്ധതി

വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ ആരംഭിച്ച സ്‌കീമാണ് ഇത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കുടുംബ വാര്‍ഷിക വരുമാനം 45,000 രൂപയോ അതില്‍ കുറവോ ഉള്ളവര്‍ക്കാണ് പ്രയോജനം.. വിധവകള്‍, അഗതികള്‍ അല്ലെങ്കില്‍ വികലാംഗരായ സ്ത്രീകള്‍ക്ക് വരുമാന പരിധി ബാധകമല്ല. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നു. കൂടാതെ, പട്ടികജാതി, വർഗ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അഡ്വാന്‍സ് തുകയുടെ 30% അല്ലെങ്കില്‍ 10,000 രൂപ, ഏതാണോ കുറവ് അത് അലവന്‍സായി ലഭിക്കും. അതേ പോലെ തന്നെ, പൊതുവിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 7,500 രൂപ അല്ലെങ്കില്‍ ക്രെഡിറ്റ് തുകയുടെ 20%, ഏതാണോ കുറവ് അത് ലഭിക്കും. പല ബാങ്കുകളിലും ഈ പദ്ധതി ചില വ്യത്യാസങ്ങളോടെയാണ് നടപ്പിലാക്കുന്നത്.

സ്വയം സഹായ ഗ്രൂപ്പ്-ബാങ്ക് ലിങ്കേജ് പ്രോഗ്രാം (എസ്.ബി.എല്‍.പി)

10-20 സ്ത്രീകളുള്ള സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് (എസ്എച്ച്ജി) ഈടില്ലാത്ത ബിസിനസ് ലോണുകള്‍ ലഭിക്കും. ഈ സ്‌കീമിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വായ്പ 10 ലക്ഷം രൂപയാണ് (ബാങ്കുകളില്‍ തുക വ്യത്യസ്തമാണ്). 3 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. വായ്പയുടെ ഉദ്ദേശം ബിസിനസ് വിപുലീകരണം, വരുമാനം ഉണ്ടാക്കല്‍, ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്.

( പദ്ധതികൾ തിരഞ്ഞെടുക്കും മുൻപ് ബാങ്കുകളിൽ അന്വേഷണം നടത്തുക. പലിശ നിരക്ക് അടക്കം അറിഞ്ഞു വേണം ബാങ്ക് തിരഞ്ഞെടുക്കാൻ )

English Summary : Bank Loans for Women Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com