സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന, വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് ആരംഭിച്ചു. കനകക്കുന്നിലാണ് മെഗാ പ്രദര്‍ശന, വിപണന, ഭക്ഷ്യമേള നടക്കുന്നത് ഈ മാസം 27 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
നവകേരള സൃഷ്ടി മുന്നില്‍ കണ്ട് ജനോപകാരപ്രദങ്ങളായ നവീന പദ്ധതികളുമായി മുന്നേറുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് എന്റെ കേരളം പ്രദര്‍ശനമേള നടക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്തത്ര നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനസര്‍ക്കാരിന്റെ നവീന കാഴ്ച്ചപ്പാടുകളുടെ നേര്‍ക്കാഴ്ച്ചയാകും എന്റെ കേരളം മെഗാമേളയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
വിപുലമായ പരിപാടികൾ
വ്യത്യസ്തതയാര്‍ന്ന 250ഓളം പ്രദര്‍ശന വിപണന സര്‍വീസ് സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മേയ് 20നായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തത്.
അപര്‍ണ രാജീവിന്റെ സംഗീത പരിപാടി, ഗോള്‍ഡന്‍ വോയ്‌സ് ഫ്യൂഷന്‍, രാജലക്ഷ്മി മ്യൂസിക്കല്‍ നൈറ്റ്, ഭദ്ര റെജിന്‍ മ്യൂസിക് ബാന്‍ഡ്, ഊരാളി ബാന്‍ഡ്, എംജി ശ്രീകുമാര്‍ മ്യൂസിക്കല്‍ നൈറ്റ്, ഉറുമി മ്യൂസിക് ബാന്‍ഡ്, റോഷിന്‍ദാസ് സോളോ അണ്‍പ്ലഗ്ഡ്, കനല്‍ ബാന്‍ഡ്, രൂപ രേവതി ഷോ തുടങ്ങിയവ മേളയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.
English Summary : Ente Keralam EXpo in Trivandrum