ADVERTISEMENT

കൂലിപ്പണിയെടുത്തു ജീവിക്കുന്ന കുടുംബങ്ങൾക്ക് അത്താണിയായ നാലു വനിതകളുടെ കഥയാണിത്. അൽപം തുന്നൽ അറിയാമായിരുന്നു. അതുകൊണ്ട് ഒരു ബിസിനസ് ചെയ്യാൻ തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ വടവന്നൂരിൽ സായൂജ്യം ടെയ്‌ലറിങ് എന്ന േപരിലാണ് സംരംഭം. വി.സുഭദ്രയുടെ നേതൃത്വത്തിലാണു ബിസിനസ്.

ഒരാളുടെ മുടക്കുമുതൽ 25000 രൂപ

ഒരു ലക്ഷം രൂപയോളം മുടക്കി നാല് തയ്യൽ മെഷീനുകൾ വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ബാങ്ക് വായ്പ എടുത്തതിനാൽ മൂന്നിൽ ഒന്ന് സബ്സിഡിയും കിട്ടി. റെഡിമെയ്ഡ് വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കുക എന്ന ലക്ഷ്യത്തോടെ ഗാർമെന്റ് യൂണിറ്റ് ആരംഭിച്ചു. പക്ഷേ, ഏറെനാൾ മുന്നോട്ടു പോയില്ല. ക്രെഡിറ്റ് നൽകേണ്ടി വന്നതും പണം പിരിഞ്ഞുകിട്ടാൻ വൈകിയതും മൂലം മുന്നോട്ടു പ്രവർത്തിക്കുവാൻ മൂലധനം ഇല്ലാതായതാണ് കാരണം. നഷ്ടത്തിന്റെ തോതു കൂടിയപ്പോൾ ബിസിനസ് അവസാനിപ്പിക്കാൻ നിർബന്ധിതരായി. പക്ഷേ, വായ്പത്തുക എങ്ങനെ അടച്ചു തീർക്കുമെന്നത് മുന്നിൽ വലിയ ചോദ്യമായി. അതിനു പരിഹാരമായി പല വഴികളും അന്വേഷിച്ചു. അവസാനം കണ്ടെത്തിയ വഴിയാണ് ജോബ് വർക്സ്. 

കൊടുവായൂരിലെ കച്ചവടക്കാരൻ

പാലക്കാട്ടെ പ്രധാന വസ്ത്രവ്യാപാര കേന്ദ്രമായ കൊടുവായൂരിലെ ഒരു പ്രമുഖ സ്വകാര്യ ടെക്സ്റ്റൈൽ ബിസിനസുകാരൻ സഹായിക്കാൻ തയാറായി. സ്ഥാപനത്തിന് ആവശ്യമായ ചുരിദാർ ടോപ്പുകൾ തുന്നി നൽകാനുള്ള അവസരം നൽകി, ഡിസൈൻ, തുണി, തയ്യൽ സാമഗ്രികൾ എന്നിവയെല്ലാം അവർ നൽകും. അതനുസരിച്ച് കൃത്യമായി ഉൽപന്നം നിർമിച്ചു തിരികെ നൽകണം. ഒരു ടോപ് തുന്നുന്നതിന് ഒൻപതു രൂപ കൂലിയെന്ന എഗ്രിമെന്റ് വച്ച് പണി തുടങ്ങി. 

170 ടോപ്പുകൾ

പ്രതിദിനം 170 ടോപ്പുകളാണ് ഇപ്പോൾ നിർമിക്കുന്നത്. നാലുപേരും ഉത്സാഹത്തോടെ തുന്നിയാൽ 200 എണ്ണമെങ്കിലും ഒരു ദിവസം തീർക്കാൻ പറ്റും. 1,530 മുതൽ 1,800 രൂപ വരെ പ്രതിദിനം ലഭിക്കുന്നതിനാൽ 382 മുതൽ 450 രൂപ വരെ ഓരോരുത്തർക്കും ലഭിക്കും. കുടുംബത്തിനു വലിയ ആശ്വാസമായി മാറി സ്ഥിരമായി ലഭിക്കുന്ന ഇവരുടെ േവതനം. 

ഓർഡറുകൾ ഒട്ടനവധി

ടോപ് മാത്രമായതിനാൽ അതിൽ പെർഫെക്‌ഷൻ ഉണ്ട് എന്നതാണു പ്രധാന വിജയരഹസ്യം. ഈ പെർഫെക്‌ഷൻ മൂലം തുടർച്ചയായി ഓർഡറുകൾ ലഭിക്കുന്നു. മാത്രമല്ല ഇപ്പോൾ ധാരാളം സ്വകാര്യ കച്ചവടക്കാർ ഓർഡർ നൽകാൻ മുന്നോട്ടു വരുന്നുണ്ട്. 

∙ തികച്ചും വ്യത്യസ്തമായ ഡിസൈനുകൾ നന്നായി തുന്നി നൽകുന്നു.

∙ കൃത്യസമയത്ത് തുന്നി നൽകുന്നു. ‘ഒരു ദിവസംപോലും വൈകാതെയാണ് ഞങ്ങൾ ടോപ്പുകൾ നൽകുന്നത്. ചെയ്യാൻ കഴിയാത്തത്ര ഓർഡറുകൾ തന്നാൽ ഞങ്ങൾ േവണ്ടെന്നു പറയും,’ സുഭദ്ര പറയുന്നു. 

∙ മിനിമം കൂലി 9ൽനിന്നു 12 വരെ ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം മുതൽ പത്താക്കി നൽകുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ വരുമാനം കുറെക്കൂടി മെച്ചപ്പെട്ടതാകും.

∙ അയണിങ്ങും ഫോൾഡിങ്ങും, പാക്കിങ്ങും ഓർഡർ തന്ന സ്ഥാപനങ്ങൾ തന്നെയാണു ചെയ്യുന്നത്. ആയതിനാൽ റിസ്ക് തീരെ കുറവാണ്.

∙ അൽപംപോലും വെയ്സ്റ്റ് വരാതെയാണ് വർക്കുകൾ ചെയ്യുന്നത്. 

ഒരു ജോബ് വർക്ക് കേന്ദ്രം 

വലിയ ഓർഡർ ലഭിച്ചാൽ ചെയ്യാൻ കഴിയുന്നില്ല എന്നതാണു സ്ഥിതി. അതിനാൽ, ഇതിനോടനുബന്ധിച്ച് ഒരു ജോബ് വർക്ക് കേന്ദ്രം കൂടി തുടങ്ങുകയാണ് സുഭദ്രയുടെ ലക്ഷ്യം. അതിനായി കൂടുതൽ മെഷിനറികൾ വാങ്ങണം. തയ്യൽ ജോലി ചെയ്യാൻ സ്ത്രീകൾ ധാരാളം ഉണ്ട്. അവർക്ക് അടിസ്ഥാന പരിശീലനം നൽകണം. ഇങ്ങനെ തൊഴിൽ ആഗ്രഹിക്കുന്നവർക്കു പരിശീലനം നൽകി അവർക്കു സ്ഥിരമായി തൊഴിൽ നൽകുകയാണ് അടുത്ത പരിപാടി. ഇതിനായി ബാങ്കിനെ സമീപിച്ചിട്ടുണ്ട്. നേരത്തേ എടുത്ത വായ്പകൾ കൃത്യമായി അടച്ചതിനാൽ ബാങ്കും വായ്പ അനുവദിക്കുമെന്ന പ്രതീക്ഷിയിലാണ് ഈ വനിതാ കൂട്ടായ്മ. 

പുതുസംരംഭകർക്ക്

റെ‍ഡിമെയ്ഡ് വസ്ത്രനിർമാണ–വിൽപന സംരംഭം മത്സരം നിറഞ്ഞ മേഖലയാണ്. പുതുതായി വരുന്നവർ ഏറെ ശ്രദ്ധിക്കണം. സ്ഥിര‌വരുമാനം മതിയെങ്കിൽ ജോബ് വർക്സ് ഏറ്റെടുത്തു ചെയ്യുന്നതാണ് ഉത്തമം. റിസ്ക് കുറവായിരിക്കും. തീരെ കുറഞ്ഞ നിക്ഷേപത്തിൽ ജോബ് വർക്സ് കേന്ദ്രങ്ങൾ തുടങ്ങാം. അൽപം തയ്യൽ അറിയാമെങ്കിൽ പ്രതിദിനം 500 രൂപ ഉണ്ടാക്കാൻ ഏതൊരു വീട്ടമ്മയ്ക്കും സാധിക്കും.

English Summary : Success Story of Four Women Tailors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com