ഓണ്‍ലൈന്‍ വെല്ലുവിളികളെ എങ്ങനെ നേരിടും, പ്രാദേശിക വിപണികളെ എങ്ങനെ ഉത്തേജിപ്പിക്കും

Mail This Article
ഇ കൊമേഴ്സ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വ്യാപാരം വിപണിയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ഉപഭോക്താക്കളിലുണ്ടാക്കിയ സ്വാധീനവും നമുക്കു മുന്നിലുള്ള വസ്തുതയാണ്. ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ കടന്നുകയറ്റം ഏറെ ബാധിച്ച ഒരു വിഭാഗമാണ് അയല്‍പ്പക്ക വ്യാപാരികളും ഇവര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന പ്രാദേശിക വിപണികളും. ഇവരിലൂടെ നടക്കുന്ന ധനവിനിമയങ്ങളാണ് ഓരോ പ്രദേശത്തിന്റേയും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നത്. നാടിന്റെ മുക്കുമൂലകളില്‍ വരെ സാന്നിധ്യമറിയിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുയര്‍ത്തുന്ന വെല്ലുവിളികളിലും ഇത്തരം അയല്‍പ്പക്ക വ്യാപാരങ്ങളെയും പ്രാദേശിക സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്കു മുന്നില്‍ മാര്‍ഗങ്ങളുണ്ട്. ഈ രണ്ട് വ്യാപാര രീതികളേയും പരസ്പര പൂരകമായി നിലനിര്‍ത്താനുള്ള വഴികളും സാങ്കേതിക വിദ്യകളും നാം പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ട്.
പ്രാദേശിക ഷോപ്പിങ്
ഇതിലേറ്റവും പ്രധാനമാണ് പ്രാദേശിക ഷോപ്പിങ് അല്ലെങ്കില്‍ ഷോപ്പ് ലോക്കല്‍ എന്ന സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുക എന്നത്. ഓണ്‍ലൈന്‍ വ്യാപാരം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഉപഭോക്താക്കളെ നേരിട്ട് ഷോപ്പുകളിലെത്തിക്കാനും അതുവഴി അയല്‍പ്പക്കങ്ങളിലെ ചെറുകിട വ്യാപാരങ്ങളെയും പ്രാദേശിക സമ്പദ് വ്യവസ്ഥയേയും ഉത്തേജിപ്പിക്കാനും ഈ ഷോപ്പിങ് സംസ്‌കാരത്തിലൂടെ നമുക്ക് കഴിയും.

നിങ്ങൾക്കും തുടങ്ങാം സംരംഭം; കിട്ടും 50 ലക്ഷം വരെ വായ്പ 35% വരെ സബ്സിഡിയോടെ Read more..
ഷോപ്പിങ് ആവശ്യങ്ങള്‍ക്ക് ആദ്യ ചോയ്സ് എന്ന നിലയിലേക്ക് തൊട്ടടുത്തുള്ള വ്യാപാരികളേയും ചെറുകിട കച്ചവടക്കാരേയും ആശ്രയിക്കുന്ന ഒരു സംസ്‌കാരത്തിലേക്ക് ഉപഭോക്താക്കള്‍ തിരിച്ചു വരേണ്ടതുണ്ട്. ഇതു വഴി പ്രാദേശികമായി നടക്കുന്ന ക്രയവിക്രയങ്ങളും ഇടപാടുകളും വിപണിയെ മെച്ചപ്പെടുത്തുന്നു. അവിടങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സുസ്ഥിരത കൈവരിക്കാനും സഹായിക്കുന്നു. ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതു ചെറുക്കാന്‍ ഇതു പോലുള്ള ക്രിയാത്മക ശ്രമങ്ങളാണ് ആവശ്യം.
നേരിട്ട് ഷോപ്പിലേയ്ക്ക്
ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഷോപ്പിങ് ഒരു അനുഭവം കൂടിയാണ്. ഓണ്‍ലൈനില്‍ പലപ്പോഴും ഈ അനുഭവം ലഭിക്കില്ല. പക്ഷെ പുതിയ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രാദേശിക വിപണികള്‍ക്കു കൂടി സഹായകമാകുന്ന രീതിയില്‍ ഈ അനുഭവത്തെ പുനര്‍സൃഷ്ടിക്കാന്‍ നമുക്കിന്ന് കഴിയും. ഇത്തരത്തില്‍ ഒന്നാണ് വികെസി ഗ്രൂപ്പ് അവതരിപ്പിച്ച വികെസി പരിവാര്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് അപ്ലിക്കേഷന്‍. നമുക്ക് ഒരു ഉല്‍പ്പന്നം വാങ്ങേണ്ട ആവശ്യം വന്നാല്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നമ്മുടെ ഏറ്റവും അടുത്തുള്ള അയല്‍പ്പക്ക വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അത് വാങ്ങാനാകും. വെര്‍ച്വലായി ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാനും തിരഞ്ഞെടുക്കാനും കഴിയും. ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഒരേ സമയം ചെറുകിട വ്യാപാരികളേയും അവരിലേക്ക് ഉല്‍പ്പന്നങ്ങളെത്തിക്കുന്ന വിതരണക്കാരേയും പിന്തുണയ്ക്കാനാകും. പതിവ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്ന് ഭിന്നമാണ് ഈ രീതി. ഇത് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അനുഭവം നല്‍കുന്നതോടൊപ്പം ഉപഭോക്താക്കളെ നേരിട്ട് ഷോപ്പുകളിലെത്തിക്കുകയും അത് പ്രാദേശിക വിപണികള്‍ക്കും ഉത്തേജനം നല്‍കുകയും ചെയ്യുന്നു.
തൊഴില്‍നഷ്ടം
ഇ-കൊമേഴ്സ് വ്യാപനം ഒട്ടേറെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുകയും തൊഴില്‍നഷ്ടത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ചെറുകിട സംരംഭകര്‍ക്കും ഡീലര്‍മാര്‍ക്കും ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് പോലുള്ള പരിരക്ഷാ പദ്ധതികളും നടപ്പിലാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വലിയ പങ്കുവഹിക്കാന്‍ കഴിയും. വികെസി ഗ്രൂപ്പ് ഇത്തരമൊരു വിശാല പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. വില്‍പ്പനയ്ക്ക് ആനുപാതികമായി വ്യാപാരിക്കും ഒരു ഷോപ്പിലെ നാലു വരെ സെയില്‍സ്മാന്‍മാര്‍ക്കും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും വികെസി നടപ്പിലാക്കിയിട്ടുണ്ട്.
വ്യാപാരികള്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായം ഉറപ്പാക്കുന്ന ഒരു കോടി രൂപയുടെ പ്രത്യേക ഡീലര്‍ കെയര്‍ ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ഈ തുക കമ്പനി തന്നെയാണ് നിക്ഷേപിച്ചത്. ഈ ഫണ്ടില്‍ നിന്ന് വ്യാപാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചികിത്സാ ധനസഹായമായി ലഭ്യമാക്കും. ഓരോ വര്‍ഷവും വികെസി ഗ്രൂപ്പ് ഈ ഫണ്ടിലേക്കായി ഒരു കോടി രൂപ വീതം നീക്കിവെക്കും. ഒരോ വര്‍ഷവും ബാക്കി വരുന്ന തുക അടുത്ത വര്‍ഷത്തില്‍ കൂടുതല്‍ ധനസഹായ വിതരണത്തിന് ഉപയോഗപ്പെടുത്തും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും നടത്തിപ്പിനുമായി ഹോള്‍സെയില്‍-റീട്ടെയ്ല്‍ വ്യാപാരികളുടെ പ്രതിനിധികള്‍, സ്വതന്ത്ര അംഗങ്ങള്‍, കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന പ്രത്യേക ഭരണസമിതിക്കും കമ്പനി രൂപം നല്‍കിയിട്ടുണ്ട്.
ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും സംരംഭകരും ഒപ്പം വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്നുള്ള കൂട്ടായ ശ്രമത്തിലൂടെ മാത്രമെ പ്രാദേശിക വിപണികള്‍ നേരിടുന്ന ഓണ്‍ലൈന്‍ വെല്ലുവിളികളെ ചെറുക്കാനും അയല്‍പ്പക്ക വ്യാപാരത്തേയും പ്രാദേശിക ഷോപ്പിങിനേയും പ്രോത്സാഹിപ്പിക്കാനും കഴിയൂ.
ലേഖകൻ വികെസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്
English Summary : Importance of Neighbourhood Traders and Shop Local