ADVERTISEMENT

ക്രിക്കറ്റ് ഫീല്‍ഡിലേക്ക് ഓടിയിറങ്ങുന്ന കാഡ്ബറിയുടെ പെണ്‍കുട്ടിയും ലിറിലിനെ പരിചയപ്പെടുത്തുന്ന പ്രിതി സിന്റയുമെല്ലാമായിരുന്നു തൊണ്ണൂറുകളിലെ പരസ്യത്തിന്റെ പ്രതീകമെങ്കില്‍ വിഷ്വല്‍ സ്റ്റോറി ടെല്ലിങ് എന്ന ദൃശ്യങ്ങളിലൂടെയുള്ള കഥ പറച്ചിലാണ് സോഷ്യല്‍ മീഡിയാ യുഗത്തിലെ പരസ്യത്തിന്റെ പ്രതീകം.  

കണ്ടന്റ് മാര്‍ക്കറ്റിങ്, പേഴ്‌സണലൈസേഷനും ഡാറ്റാ അനലിറ്റിക്‌സും, ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ്...ഇവയാണ് ഇന്ന് പരസ്യ മേഖലയിലും പിആര്‍ മേഖലയിലും ഏറ്റവും പ്രസക്തമായ ഘടകങ്ങളില്‍ ചിലത്.  ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും സാമൂഹ്യ മാധ്യമ സംവിധാനങ്ങളുടേയും വരവ് അത്രയേറെ മാറ്റങ്ങളാണ് പരസ്യങ്ങളുടേയും പബ്ലിക് റിലേഷന്‍സിന്റേയും മേഖലയില്‍ വരുത്തിയത്. ഇന്ത്യയിലെ  വര്‍ധിച്ചു വരുന്ന ഇന്റര്‍നെറ്റ് സാന്ദ്രതയും അതിനൊപ്പം തന്നെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് കൂടുതല്‍ എളുപ്പവുമാക്കുന്നു. 

digitalmktg
Istockphotos

ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യം വെക്കാം, പ്രചാരണത്തിന്റെ നേട്ടം അളന്നെടുക്കാം

പഴയ കാലത്ത് ഒരു പ്രചാരണ പരിപാടി സംഘടിപ്പിച്ചാല്‍ വളരെ വിപുലമായ സര്‍വേകള്‍ നടത്തി അതിന്റെ ഫലത്തെ കുറിച്ച് ഒരു വിധത്തിലുള്ള ധാരണ ഉണ്ടാക്കാനേ സാധിക്കുമായിരുന്നുള്ളു. ഈ ഓണ്‍ലൈന്‍ കാലത്താകട്ടെ ആരാണ് നിങ്ങളുടെ സേവനം അല്ലെങ്കില്‍ ഉല്‍പന്നം വാങ്ങാന്‍ സാധ്യതയുള്ളത് എന്നറിഞ്ഞ് അവരിലേക്കു കൃത്യമായി പ്രചാരണം എത്തിക്കാനും അതിന്റെ ഫലം വ്യക്തമായി വിലയിരുത്താനും സാധിക്കും. സെര്‍ച്ച്  എഞ്ചിന്‍ മാര്‍ക്കറ്റിങ്, വെബ്‌സൈറ്റുകളിലും മറ്റുമുള്ള ഡിസ്‌പ്ലേ പരസ്യം, സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം, വീഡിയോ പരസ്യം, ഇന്‍ഫ്‌ളുവന്‍സര്‍ വിപണനം തുടങ്ങിയവയാണ് ഡിജിറ്റല്‍ പരസ്യ രംഗത്തെ കൂടുതല്‍ പ്രാധാന്യം നേടിയ രീതികള്‍ 

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറെ

digital-socialmedia
Istockphotos

പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കും പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള കാമ്പെയിനുകള്‍ ഏറെ ഗുണകരമാണ്. ജനസംഖ്യാ ശാസ്ത്രം, ജനങ്ങളുടെ താല്‍പര്യങ്ങള്‍, പെരുമാറ്റം തുടങ്ങിയവയെ അടിസ്ഥാനമാക്കി ബിസിനസുകളെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇതേറെ സഹായകമാകുന്നു. ജനങ്ങളോട് ഇടപഴകിയുള്ള കാമ്പെയിനുകള്‍ക്കും ഇവ സഹായകമാകും. 

കണ്ടന്റ് മാര്‍ക്കറ്റിങ്

ഡിജിറ്റല്‍ പരസ്യ യുഗത്തില്‍ ഉള്ളടക്കത്തിന്റെ ശക്തി എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും മികച്ച ഉള്ളടക്കമുണ്ടെങ്കിലേ സാധ്യമാകു. 

പേഴ്‌സണലൈസേഷനും ഡാറ്റാ അനലിറ്റിക്‌സും

digital-social-media3
Istockphotos

പരസ്യങ്ങള്‍ ഓരോ ഉപഭോക്താവിനും യോജിച്ച വിധത്തില്‍ വ്യക്തിപരമായി മുന്നിലെത്തിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കും. ഉപഭോക്തൃ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ ഫലം വിലയിരുത്താനും പ്രചാരണത്തിനിടയ്ക്കു തന്നെ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഡാറ്റാ അനലിറ്റിക്‌സും ട്രാക്കിങ് ടൂളുകളും സഹായിക്കും. 

ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

ബ്രാന്‍ഡുകള്‍ ഇന്ന് ഏറെ ശ്രദ്ധയോടെ പരിഗണിക്കുന്ന മറ്റൊരു വിഭാഗമാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍.  ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിച്ച് അവരെ പിന്തുടരുന്നവരിലേക്ക് ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രമോട്ടു ചെയ്യുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.  മൊബൈല്‍ പരസ്യങ്ങള്‍, മൊബൈല്‍ ആപ്പുകള്‍, എസ്എംഎസ് മാര്‍ക്കറ്റിങ്, മൊബൈല്‍ വെബ്‌സൈറ്റുകള്‍, ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ടാര്‍ഗറ്റിങ് തുടങ്ങിയവ തികച്ചും ഫലപ്രദമായ പൊതു രീതികളാണ്. തല്‍സമയ സ്ട്രീമിങാണ് മറ്റൊരു പ്രധാന രീതി. ഇവന്റുകള്‍, ഉല്‍പന്ന ലോഞ്ചുകള്‍, ചോദ്യോത്തര സെഷനുകള്‍ തുടങ്ങിയവ ബ്രാന്‍ഡിന്റെ ആധികാരികത വളര്‍ത്താന്‍ സഹായകമാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കും. 

1446507976
Istockphotos

എല്ലാം മാറ്റി മറിക്കുന്ന നിര്‍മിത ബുദ്ധി

ഡിജിറ്റല്‍ യുഗത്തിലെ പുതുതലമുറ പരസ്യങ്ങളെ തന്നെ മാറ്റി മറിക്കുന്നതാണ് എഐ എന്ന നിര്‍മിത ബുദ്ധി. ചാറ്റ് ബോട്ടുകളും വിര്‍ച്വല്‍ അസിസ്റ്റന്റുകളും തല്‍സമയ പ്രതികരണം ലഭ്യമാക്കുകയും ഉപഭോക്തൃ സേവനവും ഇടപഴകലും വിപുലമാക്കുകയും ചെയ്യുന്നു. ഐഎ അധിഷ്ഠിത വിശകലനം ബ്രാന്‍ഡിനെ കുറിച്ചുള്ള പൊതു ധാരണ അളക്കാനും വിശകലനം നടത്താനും ഏറെ സഹായകമാണ്. കാമ്പെയിനുകളുടെ രൂപം, ഉള്ളടക്കം തുടങ്ങിയവ തയ്യാറാക്കാനും ഇതേറെ ഗുണകരമാണ്.

വോയ്‌സ് സെര്‍ച്ചും വോയ്‌സ് അസിസ്റ്റന്റുമാണ് മറ്റു രണ്ടു ഘടകങ്ങള്‍. ഇവ പ്രയോജനപ്പെടുത്താനാവും വിധം ഉള്ളടക്കം ക്രമീകരിക്കാന്‍ ബ്രാന്‍ഡുകള്‍ ഇന്നു വലിയ ശ്രമമാണു നടത്തുന്നത്. 

കഥ പറഞ്ഞു മുന്നോട്ടു പോകാം

ദൃശ്യങ്ങളിലൂടെയുള്ള കഥ പറച്ചില്‍ ഇന്നത്തെ പരസ്യ ലോകത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. വിഷ്വല്‍ ഉള്ളടക്കത്തിന് ഇന്നു വര്‍ധിച്ചു വരുന്ന പ്രാധാന്യത്തിന്റെ മറ്റൊരു പ്രതിഫലനമായി ഇതിനെ കാണാം. ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ഇന്‍ഫോ ഗ്രാഫിക്‌സ് എന്നിവ ജനശ്രദ്ധ പിടിച്ചു പറ്റുകയും സന്ദേശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈമാറുകയും ചെയ്യുന്നു. ഇവയെല്ലാം ഉപയോഗിച്ചുള്ള സ്‌റ്റോറി ടെല്ലിങ് സാമൂഹ്യ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഏറെ സ്വീകരിക്കപ്പെടുന്നുണ്ട്. സ്ഥാപനങ്ങളുടെ വിവരണങ്ങള്‍ ആകര്‍ഷകമാക്കാനും ഇതു സഹായിക്കും. 

പ്രതിസന്ധികളെ നേരിടാം

നെഗറ്റീവ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ അതിവേഗം പ്രചരിക്കും. ഇതു സ്ഥാപനത്തിന്റെ ഖ്യാതിയെ ബാധിക്കുകയും ചെയ്യും. ഇതിനൊരു മറുവശം കൂടിയുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതും മാനേജുമെന്റ് ടൂളുകള്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രതിസന്ധികളെ വേഗത്തില്‍ തിരിച്ചറിയാനും പരിഹാരം തേടാനും സ്ഥാപനങ്ങളെ സഹായിക്കും. ഡിജിറ്റല്‍ പരസ്യ യുഗത്തിലെ മറ്റൊരു ആശങ്കയാണ് സ്വകാര്യതയും ഉപഭോക്തൃ താല്‍പര്യവും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, സംഭരണം, പ്രോസസ്സിങ് എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ ഇന്ത്യ പാസാക്കിയിട്ടുണ്ട്. പരസ്യ ദാതാക്കളും പിആര്‍ പ്രൊഫഷണലുകളും ഈ നിയന്ത്രണങ്ങള്‍ പാലിക്കുകയും ധാര്‍മികമായ പ്രവര്‍ത്തന രീതികള്‍ പാലിക്കുകയും വേണം.

ലേഖകൻ കോമെവെർട്ടികയുടെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസി‍ഡന്റുമാണ്

English Summary : Digital Marketing and Public Relations in Social Media Era

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com