ADVERTISEMENT

ടി വി കാണുമ്പോൾ മാത്രമല്ല പഠിക്കുമ്പോഴും, യാത്രയിലും, ജോലിയിലാണെങ്കിലും, എന്തെങ്കിലും ഇപ്പോഴും കൊറിച്ചുകൊണ്ടിരിക്കുക ഇന്ത്യക്കാരുടെ സ്വഭാവമാണ്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ രീതികൾ, വിവിധ ഉൽപ്പന്നങ്ങൾക്ക്  സാധ്യതകൾ നൽകുന്ന വിശാലമായ ആഭ്യന്തര വിപണി എന്നിവ കാരണം ലഘുഭക്ഷണ വ്യവസായം ഇന്ത്യയിൽ  അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിൽ നിന്ന് വ്യത്യസ്തമായി മറ്റ് പല സംസ്ഥാനങ്ങളിലും സ്നാക്കുകൾ പ്രാതൽ വിഭവങ്ങൾ തന്നെയാണ്. പെട്ടെന്ന് വിശപ്പ് മാറ്റാനും, കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്ത് വിടാനും, വീടുകളിൽ അതിഥികളെ സൽക്കരിക്കാനും എന്തിനും, ഏതിനും ഇന്ത്യക്കാർക്ക് സ്നാക്കുകൾ കൂടിയേ തീരു. ഇന്ത്യൻ വിപണിയുടെ പ്രത്യേകത മുൻകൂട്ടി കണ്ടുകൊണ്ട് സംഘടിത ലഘുഭക്ഷണ വ്യവസായ സാധ്യതകളും കണക്കിലെടുത്ത്, പല ബ്രാൻഡുകളും  വിപണിയിൽ തങ്ങളുടേതായ പേരുണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യൻ ബ്രാൻഡുകൾ മാത്രമല്ല വിദേശ ബ്രാന്‍ഡുകള്‍ക്കും സ്നാക് വിപണയിൽ നല്ല മാർക്കറ്റ് ഷെയർ ഉണ്ട്.  DFM Foods, PepsiCo India, Haldiram, Bikanerwala, Balaji Wafers, Prataap Snacks എന്നിവ ഇന്ത്യയിലെ സംഘടിത കമ്പനികളിൽ ചിലതാണ്. ഇന്ത്യൻ ലഘുഭക്ഷണ വിപണിയെ എത്‌നിക് സ്‌നാക്ക്‌സ്, എത്‌നിക് ഭുജിയ, വെസ്റ്റേൺ സ്‌നാക്ക്‌സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ലെയ്സ്, ബിങ്കോ, പ്രിംഗിൾസ് തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകൾക്കെതിരെ ആലു ഭുജിയ, മുറുക്ക്, മഖാനെ തുടങ്ങിയ പരമ്പരാഗത സ്നാക്കുകൾക്കും  ഉപഭോക്താക്കൾ ഏറെയുണ്ട്. 

അസംഘടിത മേഖല 

snack6-istock
Photo : Istockphotos/ Arundhati sathe

പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുക, വിതരണ ശൃംഖല കൂട്ടുക, വില കുറച്ചുകൊണ്ട് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നിവക്കൊക്കെയാണ് പ്രധാനമായും കമ്പനികൾ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്.  ജോലിചെയ്യുന്നവർ,  കൗമാരക്കാരായ കുട്ടികൾ, ഹോസ്റ്റലിൽ താമസിക്കുന്നവർ, ബാച്ചിലർമാർ എന്നിവരാണ് ഈ വിപണിയുടെ പ്രധാന ഉപഭോക്താക്കൾ. ഇന്ത്യൻ ലഘുഭക്ഷണ വിപണിയെ സംഘടിതവും അസംഘടിതവുമായി തരംതിരിച്ചിരിക്കുന്നു; നിലവിൽ വിപണി വിഹിതത്തിന്റെ പകുതിയിലധികവും അസംഘടിത മേഖലയ്ക്കാണ്. അസംഘടിത വിപണി വളരെ വലുതാണ്. 

ആരോഗ്യകരമായ സ്നാക്കുകൾ 

ആരോഗ്യകരമായ സ്നാക്ക്സ് എന്നൊരു കാര്യത്തിനും ഇപ്പോൾ നഗരങ്ങളിൽ പ്രാധാന്യം ലഭിക്കുന്നുണ്ട്.  ഉൽപ്പാദന ക്ഷമത കൂട്ടാൻ, ഭാരം നിയന്ത്രിക്കാൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ ഗതിയിലാക്കാൻ, പോഷകങ്ങൾ ലഭിക്കാൻ, സന്തോഷമുള്ള മാനസിക അവസ്ഥക്ക് വേണ്ടി തുടങ്ങി ആരോഗ്യകരമായ സ്നാക്കുകൾ കഴിക്കുന്നതിനു പലർക്കും പല കാരണങ്ങളുമുണ്ട്. പ്രോട്ടീനും, ഫൈബറും കൂടുതലടങ്ങിയ സ്നാക്കുകളാണ് ഈ വിഭാഗത്തിൽ പ്രധാനമായും വരുന്നത്. ഉപഭോക്താക്കൾ സ്നാക്കുകളുടെ ലേബലുകൾ വായിച്ചു മനസിലാക്കാനും, എത്ര കാലറി ഉണ്ടെന്നു പരിശോധിച്ചു കഴിക്കാനും താല്പര്യപ്പെടുന്നതിനാലാണ് ആരോഗ്യകരമായ സ്നാക്കുകൾക്ക് കമ്പനികൾ പ്രാധാന്യം നൽകുന്നത്.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധാലുക്കളായ ഉപഭോക്താക്കൾക്കും ഇണങ്ങുന്ന തരത്തിലുള്ള പ്രോട്ടീൻ ബാറുകളും മറ്റ് വിഭാഗങ്ങളിലെ സ്നാക്കുകളോട് മത്സരിക്കാൻ വിപണിയിൽ ഉണ്ട്. പെപ്‌സികോ, ട്രോപ്പിക്കാന, ഡാബർ തുടങ്ങിയ പാക്കേജ്ഡ് ഡ്രിങ്ക്‌സ് വിൽപ്പനക്കാർ തേങ്ങാവെള്ളം, ജൽജീര, മൊസാമ്പി എന്നിവയുൾപ്പെടെയുള്ള രുചികൾ പുറത്തിറക്കിയിട്ടുണ്ട്.

പ്രധാന ഭക്ഷണത്തിനു പകരം സ്നാക്കുകൾ 

snack2-istock
Photo : Istockphotos/Deepak Sethi

പാക്കേജ്ഡ് ഫുഡ് ബ്രാൻഡായ മൊണ്ടെലെസ് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള 'സ്‌റ്റേറ്റ് ഓഫ് സ്‌നാക്കിങ് റിപ്പോർട്ട്' അനുസരിച്ച്, ഏകദേശം 81 ശതമാനം ഇന്ത്യക്കാർ ഇപ്പോൾ ഓരോ ദിവസവും കുറഞ്ഞത് ഒരു ഭക്ഷണ നേരത്തെങ്കിലും, പ്രധാന ഭക്ഷണത്തിനു പകരം സ്നാക്കുകൾ കഴിക്കാൻ ഇഷ്ട്ടപ്പെടുന്നുവെന്ന് പറയുന്നു. കുട്ടികൾക്കും, ചെരുപ്പക്കര്‍ക്കും മാത്രമല്ല മുതിർന്ന പൗരന്മാർക്കും സ്നാക്കുകൾ കൂടിയേ തീരു എന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്. സൗകര്യവും, വൈവിധ്യവുമാണ് സ്നാക്കുകൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഓരോ സംസ്ഥാനത്തിനും പ്രത്യേക സ്നാക്കുകൾ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. സംസ്ഥാനത്തിനുള്ളിൽ തന്നെ ഓരോ വിഭാഗങ്ങൾക്കും, പ്രത്യേക സ്നാക്കുകൾ ഉള്ളതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. 

ബിക്കാജി, ഹൽദിറാം തുടങ്ങിയ കമ്പനികൾ തങ്ങളുടെ പല തരത്തിലുള്ള  ഉൽപ്പന്നങ്ങളുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വില്പനയിൽ മുൻപന്തിയിൽ ഉണ്ട്. 

യുപി, ഡൽഹി എൻസിആർ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പാദകർ നിയന്ത്രിക്കുന്ന സ്നാക്ക്സ് മാർക്കറ്റിന് ഒരു  ഉത്തരേന്ത്യൻ ആധിപത്യമുണ്ട്. ജീവിതശൈലിയിലെ മാറ്റം, നഗരവൽക്കരണം, വർദ്ധിച്ചുവരുന്ന മധ്യവർഗ ജനസംഖ്യ, ചെറിയ പാക്കേജ് വലുപ്പത്തിലുള്ള ലഘുഭക്ഷണങ്ങളുടെ ലഭ്യത, കുറഞ്ഞ വില എന്നിവകൊണ്ട്  ഇന്ത്യൻ ലഘുഭക്ഷണ വ്യവസായത്തിന്റെ വളർച്ച പിടിച്ചാൽ കിട്ടാത്ത രീതിയിൽ വളരുകയാണ്.

റിലയൻസും വരുന്നു 

റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ജനപ്രിയ കോൺ ചിപ്‌സ് സ്‌നാക്ക്‌സ് 'അലൻസ് ബ്യൂഗിൾസ്' ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്‌. യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ആഗോള വിപണികളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ഇതോടെ വെസ്റ്റേൺ സ്‌നാക്‌സ് വിഭാഗത്തിലേക്ക് റിലയൻസ് കടക്കുകയാണ്. ബ്യൂഗിൾസ് സ്നാക്ക്സ് ബ്രാൻഡിന് 50 വർഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ പാരമ്പര്യമുണ്ട്, അത് ജനറൽ മിൽസിന്റെ ഉടമസ്ഥതയിലാണ്. കേരളത്തിലാണ് ഇത് ആദ്യമായി വിപണിയിൽ ഇറക്കുന്നത്. 

snack5-istock
Photo : Istockphotos/Arundhati Sathe

ഇന്ത്യൻ സ്‌നാക്ക് മാർക്കറ്റ് 2028-ൽ 23.69 ബില്യൺ യുഎസ് ഡോളറിലെത്തും, ഇത് 2023 മുതൽ 2028 വരെ 12% CAGR-ൽ വികസിക്കുമെന്നാണ് പഠനങ്ങൾ  സൂചിപ്പിക്കുന്നത്. പ്രാദേശികവും പരമ്പരാഗതവുമായ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കമ്പനികളുടെ തന്ത്രങ്ങൾ പച്ചപിടിച്ചാൽ ഇവയെല്ലാം ഇന്ത്യക്കാർ കൂടുതലുള്ള വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും സ്ഥാനം പിടിക്കും. ഗ്രാമ പ്രദേശങ്ങളിലും ചെറു നഗരങ്ങളിലും അസംഘടിത ഉൽപ്പാദകർ ധാരാളമായുള്ള ഈ ഒരു വിപണി ഉപഭോക്താക്കളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കുമനുസരിച്ച് ബ്രാൻഡുകളെയും മാറ്റുന്നുന്നുണ്ടെന്നു പഠനങ്ങൾ  കാണിക്കുന്നു. 

English Summary : Know How Big is Indian Snack Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com