ADVERTISEMENT

16 മിനിറ്റിനുള്ളില്‍ ഗ്രോസറി വീട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് സെപ്‌റ്റോ. ക്വിക്ക് കൊമേഴ്‌സ് എന്ന ആശയം ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലാക്കിയ സെപ്‌റ്റോ പുതിയ നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുകയാണ്. 2023ല്‍ ഇന്ത്യയിലെ ആദ്യ യൂണികോണ്‍ (ഒറ്റക്കൊമ്പൻ കുതിര) ആകുക സെപ്‌റ്റോ ആയിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്. 

1200 കോടി രൂപ സമാഹരിക്കാനാണ് സെപ്‌റ്റോയുടെ പദ്ധതി. ഫണ്ടിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ കമ്പനിയുടെ മൂല്യം 1.3 ബില്യണ്‍ ഡോളറായി ഉയരും. ഇതോടെ യൂണികോണ്‍ പട്ടികയിലും സെപ്‌റ്റോ ഇടം പിടിക്കും. 2021ല്‍ രാജ്യത്ത് 44 സംരംഭങ്ങള്‍ യൂണികോണ്‍ പട്ടികയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടിരുന്നു, എന്നാല്‍ 2022ല്‍ ഇത് 21 ആയി കുറയുകയാണുണ്ടായത്.

ക്വിക്കാണ് സെപ്‌റ്റോ

സ്‌കൂള്‍കാല സുഹൃത്തുക്കളായിരുന്ന ആദിത് പലിച്ചയും കൈവല്യ വോറയും ചേര്‍ന്നാണ് 2021ല്‍ സെപ്‌റ്റോയ്ക്ക് തുടക്കമിടുന്നത്. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ 100 മില്യണ്‍ ഡോളര്‍ ഇവര്‍ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച് സെപ്‌റ്റോയുടെ മൂല്യം 900 മില്യണ്‍ ഡോളറാക്കാനും ഇരുവര്‍ക്കും സാധിച്ചു. 

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന സമ്പന്നനാണ് 20കളിലുള്ള കൈവല്യ വോറ. 1,000 കോടി രൂപയാണ് കൈവല്യ വോറയുടെ സമ്പത്ത്. സെപ്റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് കൈവല്യ വോറ. സിഇഒ സ്ഥാനത്താണ് പലിച്ച, സമ്പത്ത് 1,200 കോടി രൂപ വരും. 

15 മിനിറ്റിനുള്ളിൽ വീട്ടുപടിക്കൽ

അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്സ് മേഖലയായ ക്വിക്ക് കൊമേഴ്‌സില്‍ ബിസിനസ് അവസരം കണ്ടെത്തിയതാണ് സെപ്‌റ്റോയ്ക്ക് തുണയായത്. പാല്‍, ഫ്രഷ് വെജിറ്റബിള്‍സ്, പഴങ്ങള്‍, ഹെല്‍ത്ത്, ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 3,000ത്തിലധികം ഉൽപ്പന്നങ്ങൾ 15 മിനിറ്റിലധികം വീട്ടുപടിക്കലെത്തുമെന്നതാണ് സെപ്റ്റോയുടെ സവിശേഷത. 

2023 ഒക്റ്റോബര്‍ മാസത്തോടെ 1 ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കുകയെന്ന ലക്ഷ്യവും സെപ്‌റ്റോയ്ക്കുണ്ട്. 2021 ഏപ്രിലില്‍ മുംബൈ കേന്ദ്രീകരിച്ചാണ് കൈവല്യയുടെയും ആദിത്തിന്റെയും സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. മുംബൈ, പൂണെ, ബംഗളൂരു, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങി പത്തിലധികം നഗരങ്ങളില്‍ സെപ്‌റ്റോയ്ക്ക് ഡെലിവറി സംവിധാനങ്ങളുണ്ട്.

നെക്സസ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സ്, വൈ കോമ്പിനേറ്റര്‍ കണ്ടിന്യൂറ്റി ഫണ്ട്, ഗ്ലേഡ് ബ്രൂക്ക് കാപിറ്റല്‍, ലാച്ചി ഗ്രൂം, നീരജ് അറോറ, മാനിക് ഗുപ്ത, ബ്രെയര്‍ കാപിറ്റല്‍, ഗ്ലോബല്‍ ഫൗണ്ടേഴ്സ് കാപിറ്റല്‍, കോണ്‍ട്രറി കാപിറ്റല്‍ തുടങ്ങിയവരാണ് സെപ്റ്റോയിലെ പ്രധാന നിക്ഷേപകര്‍.

English Summary : Soon Zepto is Going to be a Unicorn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com