ADVERTISEMENT

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ സ്ഥാപകനായ ഉദയ് കോട്ടക്കിന്റെ ശതകോടീശ്വരനിലേക്കുള്ള യാത്ര ആരംഭിച്ചത് 26ാം വയസ്സിൽ. ഇന്നു കാണുന്ന വിധം 1600 ലധികം ശാഖകളും 30000 ത്തിലധികം ജീവനക്കാരുമായി 3.75 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായി കോട്ടക് മഹീന്ദ്ര ബാങ്ക് ഉയർന്നതിന്റെ പിന്നിൽ ഉദയ് കോട്ടക്കിന്റെ കഴിവും നേതൃത്വപാടവവും ആണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമതയും ഏറ്റവും വളർച്ചാ നിരക്കുമുള്ള ഒരുബാങ്കാണ് കോട്ടക്.

ക്രിക്കറ്റ് ഉപേക്ഷിച്ച് പണ വ്യവസായത്തിലേക്ക്

സാധാരണക്കാരിൽ സാധാരണക്കാരായ കുംടുംബത്തിലാണ് ഉദയ് കോട്ടക്കിന്റെ ജനനം. കറാച്ചിയിൽ നിന്നും മുംബൈയിലേക്ക് കുടിയേറിയ, അറുപതിലധികം പേരുള്ള കൂട്ടുകുടുംബത്തിലെ അംഗം. പരുത്തി വ്യാപാരമായിരുന്നു മുഖ്യ ബിസിനസ്. 

ജംനാ ലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ യ്ക്കു പഠിക്കുമ്പോൾ കോളജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അസ്സൽ കളിക്കാരനും കൂടിയായിരുന്നു ഉദയ്. ക്രിക്കറ്റ് ബാൾ തലയിലിടിച്ചുണ്ടായ അപകടം ക്രിക്കറ്റ് കളിയോടുള്ള കമ്പം ഇല്ലാതാക്കി. അങ്ങനെയാണ് സ്വന്തമായി ബിസിനസ് തുടങ്ങാനുളള തീരുമാനം എടുക്കുന്നത്. എന്തുകൊണ്ടോ ഉദയിന് കുടുംബ ബിസിനസിൽ ചേരാൻ താൽപര്യമുണ്ടായിരുന്നില്ല. ഒരു തീരുമാനമെടുക്കണമെങ്കിൽ കുടുംബത്തിലെ എല്ലാവരോടും അഭിപ്രായം ചോദിക്കണം. അതെന്തായാലും പറ്റുകയില്ല. 

സ്വന്തം ബിസിനസ് തുടങ്ങണമെന്ന ആഗ്രഹത്തിന് വീട്ടുകാർ എതിർത്തൊന്നും പറഞ്ഞില്ല. ഓഫീസ് തുടങ്ങാൻ ചെറിയൊരു സ്ഥലം കൂടി അവർ സൗജന്യമായി കൊടുത്തത് ആത്മ വിശ്വാസം കൂട്ടി. അങ്ങനെ 1985 ൽ കോട്ടക് കാപിറ്റൽ മാനേജ്മെന്റ് ഫിനാൻസ് കമ്പനി എന്ന പേരിൽ കമ്പനി തുടങ്ങി ബിൽ ഡിസ്ക്കൗണ്ടിങ് സേവനങ്ങൾക്ക് തുടക്കമിട്ടു. 

പഴുതുകൾ കണ്ടെത്തി കരു നീക്കം

തന്റെ ബിസിനസ് വളർത്താൻ പറ്റിയ അവസരങ്ങൾക്കായി മാർക്കറ്റിലേക്ക് കണ്ണും കാതും തുറന്നു വച്ചു. പല വലിയ കമ്പനികളും 17-18 % പലിശയ്ക്ക് ബാങ്ക് ലോൺ എടുത്തിട്ടാണ് പ്രവർത്തന മൂലധനം കണ്ടെത്തുന്നത് എന്ന് ഉദയ് മനസിലാക്കി. 

ടാറ്റയുടെ നെൽക്കോ എന്ന കമ്പനിയും 17% പലിശക്ക് പ്രവർത്തന മൂലധന ലോൺ എടുക്കുവാൻ പോവുകയാണെന്ന് മനസിലാക്കി. ഇതു തന്നെ നല്ല അവസരം. പലരിൽ നിന്നുമായി 12 % പലിശയ്ക്ക് കടം വാങ്ങി നെൽക്കോയ്ക്ക് നൽകി. അതായിരുന്നു തുടക്കം. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തന്റെ കുടുംബ പേരിന്മേലാണ് കമ്പനി പടുത്തുയർത്തിയിട്ടുള്ളത്. വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചാൽ തകരുക തന്റെ കുടുംബപേരാണ്. അതുകൊണ്ട് കളികളെല്ലാം വളരെ സൂക്ഷിച്ചായിരുന്നു.

വഴിത്തിരിവായത് ഈ കൂട്ടുകെട്ട്

ഉദയിന്റെ വിവാഹ സൽക്കാരത്തിനിടയ്ക്കാണ് ആനന്ദ് മഹീന്ദ്ര തന്റെ ആഗ്രഹം പറയുന്നത്. ഉദയിന്റെ ബിസിനസ്സിൽ തനിക്കും പങ്കാളിയാകണം. ഉദയ് ഒരൊറ്റ വ്യവസ്ഥയേ വച്ചുള്ളു - രണ്ടു കൂട്ടരുടേയും കുടുംബ പേര് വച്ച് പുതിയ കമ്പനി റജിസ്റ്റർ ചെയ്യാം. 

∙പണ ബിസിനസ് വിശ്വാസ്യതയിലാണ് വളരുക. അതിന് ഏറ്റവും നല്ല ബ്രാന്റ് നാമം സ്വന്തം കുടുംബ പേരുകൾ തന്നെ. 

∙ആനന്ദ് മഹീന്ദ്ര ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. 1986 ൽ കോട്ടക് മഹീന്ദ്ര ഫിനാൻസ് പ്രവർത്തനം തുടങ്ങി. 

∙2003 ൽ ബാങ്കിങ് ലൈസൻസ് കിട്ടുന്ന ഇന്ത്യയിലെ ആദ്യ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കോട്ടക് മഹീന്ദ്ര ഫിനാൻസ്.

കോട്ടക് ബാങ്കിനെ ഇന്നു കാണുന്ന നിലയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവനും 20 വർഷമായി ബാങ്കിന്റെ അമരത്തുള്ള ഉദയ് കോട്ടക്കിനാണ്. പടിപടിയായുള്ള വളർച്ചയിൽ ഉദയ് കോട്ടക് നടന്നുകയറിയത് ഇങ്ങനെയാണ്:

1. സ്വന്തം കഴിവിൽ പരിപൂർണ വിശ്വാസം ഉണ്ടായിരുന്നു. കുടുംബ ബിസിനസ്സിൽ ചേരാതെ ബിസിനസ്സിൽ സ്വന്തമായ വഴി വെട്ടി. ഒരു കാര്യം തുടങ്ങിയാൽ വിജയിപ്പിച്ചേ അടങ്ങൂ എന്ന വാശി വിജയം എളുപ്പമാക്കി.

2. അതിവേഗം വളർന്നു കൊണ്ടിരിക്കുന്നതും അത്യധികം സെൻസിറ്റീവുമായ ധനവ്യവസായ മേഖലയിൽ മികച്ച അവസരങ്ങൾ കണ്ടെത്തി നടപ്പാക്കി

3. ഗോൾഡ്മാൻ സാക്സുമായുള്ള സംയുക്ത സംരംഭം ആഗോള ധന വിപണിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കാൻ അവസരമൊരുക്കി. ഇന്ത്യയിൽ അതിവേഗമാണ് മാറ്റങ്ങൾ നടക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത് അവരിൽ നിന്നാണ്. അതനുസരിച്ച് വൈവിധ്യമാർന്ന പുതിയ സേവനങ്ങൾ ഇന്ത്യയിലും അവതരിപ്പിച്ചു.

4. 1990 മുതൽ 10 വർഷക്കാലം ഫിനാൻസ് കമ്പനികൾക്ക് വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. കുറെ കമ്പനികൾ തകർന്നടിഞ്ഞു. കോട്ടക് സുരക്ഷിതമായിരുന്നുവെങ്കിലും അഗ്നി പരീക്ഷണങ്ങൾ ധാരാളം നേരിടേണ്ടി വന്നു.

5. 2001 ൽ സ്വകാര്യ മേഖലയ്ക്കും ബാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത് കോട്ടകിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിനു തുടക്കമിട്ടു. 2003 ൽ കോട്ടക് മഹീന്ദ്ര ബാങ്ക് നിലവിൽ വന്നു.

6. 2015 ൽ ING വൈശ്യ ബാങ്ക് വാങ്ങിച്ചു കൊണ്ട് ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മെർജറിനു കാരണക്കാരായി. ഇതോടെ ഒരു ആഗോള സാന്നിധ്യമാകാൻ കോട്ടക് ബാങ്കിനു കഴിഞ്ഞു.

7. ധനകാര്യ മേഖലയിൽ ഇന്നോളം കാണാത്ത തരത്തിൽ വ്യത്യസ്തമായ പ്രൊമോഷൻ തന്ത്രങ്ങൾ ഇറക്കി കൊണ്ട് കോട്ടക് ബാങ്കിന്റെ പ്രചാരം വർധിപ്പിച്ചു.

English Summary : Know the Success Story of Uday Kotak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com