ADVERTISEMENT

മെട്രോ നഗരങ്ങളെ കേന്ദ്രികരിച്ച് ഗിഗ് തൊഴിലാളികളുടെ എണ്ണം കൂടുകയാണ്. സ്വിഗി, സോമറ്റോ, ബ്ലിങ്ക് ഇറ്റ്, ഓല, യൂബർ തുടങ്ങിയ കമ്പനികൾ നൊടിയിടയിൽ സേവനങ്ങൾ നൽകുമ്പോൾ ഉപഭോക്താക്കൾക്കും കമ്പനികൾക്കും അത് ഉപകാരപ്രദമാകുന്നുണ്ടെങ്കിലും, തൊഴിലാളികൾക്ക് സാമ്പത്തികമായി ഗുണകരമാകുന്നില്ല. ബില്യൺ ഡോളറിന്റെ സേവനം ഗിഗ് പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന തൊഴിലാളികൾ വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതു പലപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, പരിഹാരത്തിനുള്ള വഴികൾ ഒന്നും തന്നെ തെളിയുന്നില്ല. ഡൽഹിയിലെ ബ്ലിങ്കിറ്റ് തൊഴിലാളികളുടെ ഈയിടെ നടന്ന പണിമുടക്ക് ഈ ഒരു മേഖലയിലെ ചൂഷണത്തിന്റെ  അടിയന്തിരമായ ഓർമ്മപ്പെടുത്തലാണ്.

ഉയർന്ന തൊഴിലില്ലായ്മ മൂലമാണ് പല വ്യക്തികളും ഇത്തരം കമ്പനികളിൽ ജോലിക്കായി എത്തിപ്പെടുന്നത്. കൃത്യമായി ശമ്പളം ലഭിക്കാത്തതും, നഗരങ്ങളിലെ ഉയർന്ന ജീവിത ചെലവും ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. തൊഴിലാളികളുടെ ദുര്‍ബലാവസ്ഥ മുതലെടുത്തുകൊണ്ടു ആദ്യം പല സാമ്പത്തിക പ്രോത്സാഹങ്ങളും നൽകി പ്രേരിപ്പിച്ചശേഷം, പിന്നീട് ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. പല സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇവർക്കായി വിഭാവനം ചെയ്യുന്നത് പേപ്പറിൽ ഉണ്ടെങ്കിലും, ഒന്നുപോലും നടപ്പിലാക്കുന്നില്ല. അസംഘടിത മേഖലയിലെ തൊഴിലാളികളെ അൽഗോരിതങ്ങളുടെ സഹായത്തോടെ ലഭിക്കേണ്ട അവകാശങ്ങൾ പോലും നിഷേധിക്കുമ്പോഴും, സർക്കാരുകളും ഇതെല്ലാം  കണ്ടില്ലെന്ന് നടിക്കുകയാണ്. 

രാജസ്ഥാനിൽ നിയമം 

ഗിഗ്തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ നൽകുന്ന ഒരു നിയമം രാജസ്ഥാനിൽ പാസ്സാക്കി. പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഗിഗ് വർക്കേഴ്‌സ് (റജിസ്‌ട്രേഷൻ ആൻഡ് വെൽഫെയർ) ബിൽ, 2023, സംസ്ഥാനത്തെ എല്ലാ ഗിഗ് തൊഴിലാളികളെയും അഗ്രഗേറ്റർമാരെയും റജിസ്റ്റർ ചെയ്യാനും ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനും അവർക്ക് എന്തെങ്കിലും പരാതികൾ അറിയിക്കാനും അവസരമൊരുക്കാനും ശ്രമിക്കും.

രാജസ്ഥാൻ പ്ലാറ്റ്‌ഫോം ബേസ്ഡ് ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ് എന്ന പേരിൽ ഒരു വെൽഫെയർ ബോർഡ് രൂപീകരിക്കുന്നതാണ് ബില്ലിന്റെ പ്രധാന ഉദ്ദേശം. അതിൽ ഗിഗ് വർക്കേഴ്‌സ്, അഗ്രഗേറ്റർ എന്നിവരിൽ നിന്ന് രണ്ട് അംഗങ്ങൾ വീതം രണ്ട് സിവിൽ സർവീസുകാരെ കൂടാതെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യും. 

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെയും അഗ്രഗേറ്റർമാരുടെയും റജിസ്ട്രേഷൻ, ബോർഡ് ഉറപ്പാക്കുകയും ഗിഗ് തൊഴിലാളികൾക്കായി ഒരു സാമൂഹിക സുരക്ഷാ ക്ഷേമനിധി സ്ഥാപിക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ ഗിഗ് തൊഴിലാളികളുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കുമെന്നും ഓരോരുത്തർക്കും പ്രത്യേക ഐഡി സൃഷ്ടിക്കുമെന്നും ബില്ലിൽ പറയുന്നു."പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ഗിഗ് വർക്കേഴ്‌സ് ഫണ്ടിന്റെയും വെൽഫെയർ ഫീസിന്റെയും ഭാഗമായി, അഗ്രഗേറ്ററുകളിൽ നിന്ന് ഒരു ഫീസ് ഈടാക്കുമെന്ന് ബില്ലിൽ പറയുന്നു.

ഗിഗ് തൊഴിലാളികൾക്ക്  സാമൂഹിക സുരക്ഷാ പദ്ധതി ഏർപ്പെടുത്തുകയും, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് ബില്ലിന്റെ ലക്‌ഷ്യം. ഇതിനുള്ള ഫീസ് കമ്പനികളിൽ നിന്നും പിരിച്ചെടുക്കും. കമ്പനികൾ  കൃത്യസമയത്ത് ക്ഷേമനിധി ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ആദ്യ ലംഘനത്തിന് 5 ലക്ഷം രൂപ വരെയും തുടർന്നുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സംസ്ഥാന സർക്കാർ പിഴ ഈടാക്കാം .

ബിൽ കൊണ്ടുവരുന്നതിന് മുമ്പ്, സംസ്ഥാന സർക്കാർ ഗിഗ് തൊഴിലാളികളുടെ ഒരു സാമ്പിൾ സർവേ നടത്തിയിരുന്നു,  50% ഗിഗ് തൊഴിലാളികൾക്ക് ഒരു തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസും ഇല്ലെന്നും ഏകദേശം 40% പേർ സംസ്ഥാന സർക്കാരിന്റെ അപകട ഇൻഷുറൻസിന് കീഴിൽ വരുന്നില്ലെന്നും സർവേ കണ്ടെത്തി. ഭൂരിഭാഗം തൊഴിലാളികളും രാജസ്ഥാനിൽ നിന്നുള്ളവരും ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary :GIG Economy is Booming in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com