ADVERTISEMENT

ഒരു സാധാരണ ബാങ്ക് ജീവനക്കാരന്റെ മകന്‍..എന്നാല്‍ ചെയ്യുന്ന കാര്യത്തില്‍ പുതുമ ഉണ്ടെങ്കില്‍ പുറകെ വരുന്നവര്‍ക്ക് വഴിവെട്ടുന്നവനാണ് യഥാര്‍ത്ഥ സംരംഭകനെന്ന്  അവന്‍ തെളിയിച്ചു. പുസ്തകം വിറ്റു സംരംഭക ലോകത്ത് പിച്ചവെച്ച ബിന്നി ബന്‍സാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പോസ്റ്റര്‍ ബോയ് തന്നെയായിരുന്നു. സച്ചിനോടൊപ്പം ബിന്നി സ്ഥാപിച്ച ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നും. സ്വന്തമായൊരു ഓഫീസ് സ്‌പേസ് പോലുമില്ലാതെ അപ്പാര്‍ട്ട്‌മെന്റില്‍ തുടങ്ങിയ ബിസിനസാണ് ലോകമറിയുന്ന സംരംഭമായി വളര്‍ന്നത്. ഇന്ന് ഫ്‌ളിപ്കാര്‍ട്ടിലെ തന്റെ ഓഹരി പൂര്‍ണമായും വിറ്റൊഴിയുമ്പോള്‍ ബിന്നി ബന്‍സാലിന്റെ സമ്പത്ത് 11500 കോടി രൂപയാണ്.

അന്ന് സകലരും പുച്ഛിച്ചു

സച്ചിന്‍ ബന്‍സാലുമൊത്ത് 2007ലാണ് ബിന്നി ഫ്‌ളിപ്കാര്‍ട്ടിന്  തുടക്കമിടുന്നത്. ഓണ്‍ലൈന്‍ വിപണിയെന്ന സങ്കല്‍പ്പം അതിന്റെ തീര്‍ത്തും ശൈശവ ദശയില്‍ നില്‍ക്കുന്ന കാലം. ഐഐടി ഡല്‍ഹി ബിരുദധാരികളായ ഇരുവരും 2,71,000 രൂപ മുതല്‍മുടക്കിയാണ്, ബെംഗളൂരുവിലെ 2-ബെഡ്‌റൂം ഫ്‌ളാറ്റില്‍ നിന്ന് സംരംഭം തുടങ്ങുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കുറവായിരുന്ന, ഇ-കൊമേഴ്‌സ് ബിസിനസ് എന്നത് വലിയ സാധ്യതയല്ല എന്ന് കരുതിയിരുന്ന കാലത്താണ് ഇരുവരും സംരംഭം തുടങ്ങുന്നത്. അന്ന് ഈ ആശയം വിജയിക്കുമെന്നുള്ള പ്രതീക്ഷയോ വിശ്വാസമോ ചുറ്റുമുള്ളവരില്‍ നിന്നൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനയില്‍ നിന്നും ഫാഷനിലേക്കും ഇലക്ട്രോണിക്‌സിലേക്കുമെല്ലാം വ്യാപിച്ച് അതിവേഗമായിരുന്നു ഫ്‌ളിപ്കാര്‍ട്ടിന്റെ വളര്‍ച്ച.

അമ്പരപ്പെടുത്തി വാള്‍മാര്‍ട്ട്

2012 ആയപ്പോഴേക്കും ഇന്ത്യയിലെ രണ്ടാമത്തെ യൂണികോണായി മാറി ഫ്‌ളിപ്കാര്‍ട്ട്. എന്നാല്‍ ഇ-കൊമേഴ്‌സ് വിപ്ലവം ഒരു കുമിളയാണോയെന്ന് ലോകം സംശയിച്ചുനിന്നിരുന്ന കാലത്തായിരുന്നു ഫ്‌ളിപ്കാര്‍ട്ടിന്റെയും ബിന്നിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. 2018ല്‍ ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളറിന് ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരിയും ഏറ്റെടുത്തു. വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ബിന്നിയും സച്ചിനും അതിസമ്പന്നരായി മാറി. 

flipkart-walmart

2023ലെത്തിയപ്പോള്‍ വാള്‍മാര്‍ട്ടിന് ഫ്‌ളിപ്കാര്‍ട്ടിലുള്ള ഓഹരി 80 ശതമാനമായി കൂടിയിട്ടുണ്ട്. ബിന്നി തന്റെ പക്കലുള്ള അവസാന ഓഹരികളും വിറ്റൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏറ്റവും അവസാനത്തെ ഇടപാടിലൂടെ മാത്രം ബിന്നിക്ക് 5347 കോടി രൂപ ലഭിച്ചുവെന്നാണ് കണക്കുകള്‍. 2021ല്‍ ഫ്‌ളിപ്കാര്‍ട്ട് 3.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. അന്ന് തന്റെ പക്കലുണ്ടായിരുന്ന ഓഹരി വിറ്റ് 250 മില്യണ്‍ ഡോളര്‍ നേടിയിരുന്നു ബിന്നി. അതിന് ശേഷം കൈവശം വച്ചിരുന്ന 2 ശതമാനം ഓഹരിയാണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. 

ഫ്‌ളിപ്കാര്‍ട്ട് തുടങ്ങുമ്പോള്‍ ബിന്നിയുടെ ബിസിനസ് പങ്കാളിയായിരുന്ന സച്ചിന്‍ ബന്‍സാല്‍ നേരത്തെ തന്നെ തന്റെ 5 ശതമാനം ഓഹരി വാള്‍മാര്‍ട്ടിന് വിറ്റ് ഒരു ബില്യണ്‍ ഡോളര്‍ നേടിയിരുന്നു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ ടൈഗര്‍ ഗ്ലോബല്‍, അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരും തങ്ങളുടെ അഞ്ച് ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റതായാണ് സൂചന. ഫ്‌ളിപ്കാര്‍ട്ടിന്റെ ആദ്യകാല നിക്ഷേപകരായിരുന്ന അക്‌സെലിന് 25 മടങ്ങ് നേട്ടം ലഭിച്ചതായാണ് കണക്കുകള്‍. ഇവര്‍ക്ക് നേരത്തെ ഫ്‌ളിപ്കാര്‍ട്ടില്‍ 20 ശതമാനത്തോളം ഓഹരികള്‍ ഉണ്ടായിരുന്നു. വാള്‍മാര്‍ട്ട് ഏറ്റെടുക്കലിന് ശേഷം അത് ആറ് ശതമാനമായി കുറഞ്ഞിരുന്നു. 

നിലവില്‍ 11,500 കോടിയിലധികം രൂപയാണ് ബിന്നി ബന്‍സാലിന്റെ മൂല്യം. ആര്‍ഭാടങ്ങളില്ലാതെ ബിന്നി തുടങ്ങിയ സംരംഭത്തിന്റെ മൂല്യമാകട്ടെ 35 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.

English Summary; Know the Success Story of Binny Bansal the Startup Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com