ADVERTISEMENT

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍. സംരംഭകത്വത്തിന്റെ പരിണാമം തന്നെ ഈ ആശയത്തിലൂന്നിയായിരുന്നു. പണമുണ്ടാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അത് സംരംഭകത്വമാകുന്നത് ഏതെങ്കിലും തലത്തില്‍ അതിന് സാമൂഹ്യമാനം കൂടി കൈവരുമ്പോഴാണ്. ഇത്തരത്തിലുള്ള നവസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന ബിസിനസുകാരനാണ് ആനന്ദ് മഹീന്ദ്ര. തോട്ടിപ്പണിക്ക് അന്ത്യം കുറിക്കുന്ന ഇന്നവേഷനുമായി എത്തിയ കേരളത്തിന്റെ സ്വന്തം ജെന്‍ റോബോട്ടിക്‌സ് മുതല്‍ കമ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സില്‍ വരെ അദ്ദേഹം നിക്ഷേപം നടത്തി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ കബടിയെ രക്ഷിക്കാന്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ അധിപന്‍ എടുത്ത റിസ്‌ക് അറിയുമോ നിങ്ങള്‍ക്ക്?

കബടിയുടെ രക്ഷകന്‍

2008ലായിരുന്നു അത്. ക്രിക്കറ്റിന്റെ വിപണിമൂല്യം വലിയ തോതില്‍ വീണ്ടും ഉയര്‍ത്തുന്നതിനായുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐപിഎല്ലിന്റെ തുടക്കകാലം. ആ സമയത്ത് ശതകോടീശ്വരനായ ആനന്ദ് മഹീന്ദ്രയോട് ഐപിഎല്ലില്‍ നിക്ഷേപം നടത്താന്‍ ഏറെ സമ്മര്‍ദമുണ്ടായി. ക്രിക്കറ്റിന്റെ മാസ്മരികതയില്‍ വന്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന ആ അവസരം അദ്ദേഹം വേണ്ടെന്ന് വച്ചു. പകരം എല്ലാവരും ഒരു മടുപ്പന്‍ കായിക ഇനമായി കരുതിയിരുന്ന കബടിയിലായിരുന്നു കൈവച്ചത്. അതിന് കാരണവുമുണ്ടായിരുന്നു.

ക്രിക്കറ്റിനെ ഇനി പ്രോല്‍സാഹിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അത്രമാത്രം ഉയരത്തില്‍ എല്ലാ തലത്തിലും എത്തിനില്‍ക്കുന്ന കായിക ഇനമാണത്. എന്നാല്‍ തദ്ദേശീയമായ, ഇന്ത്യയുടെ സ്വന്തം കായികവിനോദത്തെ പ്രൊഫഷണല്‍ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് തന്റെ പ്രതിബദ്ധതയാണെന്നായിരുന്നു ആനന്ദ് മഹീന്ദ്ര കരുതിയത്.

ദക്ഷിണേഷ്യവരെ മാത്രം പ്രശസ്തിയുള്ളൊരു കായികവിനോദമാണ് കബടി. തമിഴ്‌നാട്ടിലാണ് ഉല്‍ഭവം. തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങള്‍ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ വിനോദം ഗൗതമ ബുദ്ധന്‍ വരെ കളിച്ചിരുന്നതായാണ് ചരിത്രവിദഗ്ധരുടെ പക്ഷം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആനന്ദ് മഹീന്ദ്ര 2014ല്‍ പ്രോ കബഡി ലീഗിന്റെ സഹസ്ഥാപകനായി മാറിയത്.

pro-kabbadi

ലേലത്തില്‍ മികച്ച തുക

ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന്‍ തന്നെ 435 ദശലക്ഷം കാഴ്ച്ചക്കാരെയാണ് നേടിയത്. സച്ചിനും ധോണിയും ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളെ ഇതുമായി സഹകരിപ്പിക്കാനും മഹീന്ദ്രയ്ക്ക് സാധിച്ചു. 2017 സീസണില്‍ 12 ടീമുകളാണ് മാറ്റുരച്ചത്. വ്യൂവര്‍ഷിപ്പ് 56 ശതമാനം വര്‍ധിച്ചു. കബഡി താരങ്ങള്‍ക്കും ലേലത്തില്‍ മികച്ച തുക ലഭിക്കാന്‍ തുടങ്ങി. ഇന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനിയായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് അഞ്ച് ഭാഷകളില്‍ കബഡി ലീഗ് സംപ്രേഷണം ചെയ്യുന്നത്.

2021 മുതല്‍ 2025 വരെ കബഡി ലീഗ് സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം 180 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നേടിയത്. ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ചെറിയ തുകയാണെങ്കിലും ഇന്ന് രാജ്യത്ത് ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം ടിവി കാഴ്ച്ചക്കാരുള്ള ഇനമായി പ്രോകബഡി ലീഗ് മാറിക്കഴിഞ്ഞു. ഇനി കബഡിയെ ആഗോള കായിക ഇനമെന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യുകയാണ് ആനന്ദ് മഹീന്ദ്രയുടെ ലക്ഷ്യം.

English Summary : The Efforts of Anand Mahindra to Promote Kabbadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT