ADVERTISEMENT

നല്ല പഴങ്ങളും ജൈവ പച്ചക്കറികളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വിപണി കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല. അതുപോലെ നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നല്ല പഴങ്ങളും പച്ചക്കറികളും എവിടെ ലഭിക്കുമെന്നുമറിയില്ല. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് 2016 ല്‍ ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ നിലവില്‍ വന്നത്. ആദ്യം ഓഫ്‌ലൈന്‍  ഷോപ്പും പിന്നീട് ഓണ്‍ലൈന്‍ ശൃംഖലയുമായി ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ പടര്‍ന്നു പന്തലിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 21 കോടിയിലെത്തി. ഗ്രാമീണ കര്‍ഷകരെ നഗരങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ച് പഴങ്ങളും പച്ചക്കറികളും നിരന്തരം വിതരണം ചെയ്യുകയെന്ന ദൗത്യമാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജീനീയറായ തൃശൂര്‍ സ്വദേശി പ്രദീപ് പി.എസ്സാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമെല്ലാം.

 

എങ്ങനെ ഈ സംരംഭത്തിലേക്ക്

Pradeep2

കര്‍ഷക കുടുംബത്തില്‍ ജനിച്ച പ്രദീപിന് കര്‍ഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. ഗുണമേന്മയുള്ള ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചാലും വിപണി കണ്ടെത്താന്‍ പലപ്പോഴും കര്‍ഷകര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഉത്പന്നങ്ങള്‍ കേടു വന്നു പോകുന്ന സ്ഥിതിയുണ്ട്. ഇക്കാരണത്താല്‍ തന്നെ വില വളരെ കുറച്ച് വില്‍ക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കളുടെ കാര്യമെടുത്താല്‍ ആരോഗ്യപരവും അപകടമില്ലാത്തതുമായ നല്ല പച്ചക്കറികളും പഴങ്ങളും വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും പലപ്പോഴും എവിടെ നിന്നാണ് ഇവ ലഭിക്കുന്നതെന്ന് അറിയണമെന്നുമില്ല. കടകളെ ആശ്രയിക്കുകയാണെങ്കില്‍ തന്നെ ജൈവ ഉത്പന്നങ്ങള്‍ക്ക് പൊന്നുംവില കൊടുക്കേണ്ടതായും വരുന്നു. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് കണ്ടെത്തിയ ശരിയായ പരിഹാരമാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍.

 

ഓര്‍ഗാനിക് ഷോപ്പിലൂടെ തുടക്കം

ആദ്യ ഘട്ടത്തില്‍ തദ്ദേശീയരായ കര്‍ഷകരെ കണ്ടെത്തി പച്ചക്കറികളും പഴങ്ങളും ശേഖരിച്ച്് കടയിലെത്തിച്ച് വില്‍ക്കുന്ന തനതായ രീതിയാണ് പ്രദീപും തെരഞ്ഞെടുത്തത്. ഉപഭോക്താക്കള്‍ക്ക് കടയില്‍ നേരിട്ട് വന്ന് പച്ചക്കറികള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയത്. അതിനോടൊപ്പം ഉത്പന്നങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ടാഗ് ചെയ്തു വെച്ചു. ഓരോ ഉത്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് അവ കൃഷി ചെയ്ത കര്‍ഷകന്‍, കൃഷി സ്ഥലം, ഉപയോഗിച്ച വളം തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം ലഭ്യമാക്കി.

ഉത്പന്നങ്ങള്‍ കണ്ടു ബോദ്ധ്യപ്പെടുന്നതിനൊപ്പം കാര്‍ഷിക വിവരങ്ങളും അറിയാന്‍ കഴിഞ്ഞത് വിപണിയില്‍ ചലനമുണ്ടാക്കി. രണ്ടാം ഘട്ടമായി തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും വ്യാപകമായി ഉത്പന്നങ്ങള്‍ എത്തിച്ചു തടങ്ങി. മെട്രോ നഗരമായ കൊച്ചി തന്നെയായിരുന്നു പ്രധാന വിപണി. പിന്നീട് ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ ബിസിനസ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറി. ഓര്‍ഡര്‍ ചെയ്യുന്നതിന്റെ പിറ്റേന്ന് ഡെലിവറി ലഭിക്കുന്ന വിധത്തിലാണ് വില്‍പ്പന ക്രമീകരിച്ചിരിക്കുന്നത്. വിളവെടുത്ത കാര്‍ഷികയിടത്തില്‍ നിന്നും എത്ര ദൂരം സഞ്ചരിച്ചുവെന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇ - കോമേഴ്‌സ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെയാണ് വില്‍പ്പന നടത്തുന്നത്.

Pradeep1

 

പ്രവര്‍ത്തനം എങ്ങനെ

 

എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ ഡെലിവറിയുള്ളത്. രണ്ടായിരത്തോളം കര്‍ഷകരുടെ ഫ്രഷായ പഴങ്ങളും പച്ചക്കറികളുമാണ് ഓണ്‍ലൈനായി വിറ്റഴിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് കര്‍ഷകര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഓര്‍ഡറുകള്‍ ലഭിക്കുന്നതിന് അനുസരിച്ചാണ് കര്‍ഷകരില്‍ നിന്നും പര്‍ച്ചേസ് നടത്തുക. അതുകൊണ്ടു തന്നെ വാങ്ങുന്ന പച്ചക്കറികള്‍ കേടായി പോകാനോ വിറ്റു പോകാതിരിക്കാനോ സാദ്ധ്യത കുറവാണ്. ഈ നയമാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണിനെ വിജയകരമായ ബിസിനസ്സായി വളര്‍ത്തിയെടുത്തത്. പച്ചക്കറികളുടെ പാക്കറ്റുകളിലാണ് ഉത്പാദകരുടെ വിശദ വിവരങ്ങള്‍ നല്‍കുന്നത്. മാത്രമല്ല, പച്ചക്കറികള്‍ക്കും പ്രത്യേകിച്ച് പഴ വര്‍ഗ്ഗങ്ങള്‍ക്കും വിളവെടുപ്പിന് മുമ്പും വിളവെടുപ്പിനു ശേഷവും കീടനാശിനികള്‍  പ്രയോഗിക്കുന്നില്ലെന്ന ഉറപ്പും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 

നൂറും ശതമാനം ജൈവ പച്ചക്കറികളാണെന്ന വാഗ്ദാനം ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ നല്‍കുന്നുമില്ല. എന്നാല്‍ സുരക്ഷിതമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമാണെന്ന ഉറപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ എടുത്തു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ആ വിവരം കര്‍ഷകരിലേക്ക് എത്തിക്കും. പാലക്കാടും തൃശൂരുമുള്ള കളക്ഷന്‍ പോയിന്റില്‍ എത്തിച്ച ശേഷം, ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ ഗോഡൗണിലേക്ക് കൊണ്ടുപോകും. രാത്രിയില്‍ തന്നെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പാക്ക് ചെയ്ത് പിറ്റേന്ന് രാവിലെ ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കും.

 

എഫ്.എ.ഒ അംഗീകാരം

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ലോകമെമ്പാടു നിന്നും തെരഞ്ഞെടുത്ത 12 അഗ്രി - ഫുഡ് സ്റ്റാര്‍ട്ടപ്പുകളില്‍ ഫാര്‍മേഴ്‌സ് ഫ്രഷ് സോണും ഇടം നേടി. ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലേക്ക് തെരഞ്ഞെടുത്ത മൂന്ന് സ്റ്റാര്‍ട്ടപ്പുകളിലൊന്നും ഫാര്‍മേഴ്‌സ് ഫ്രഷ് സോണായിരുന്നു. വിപണിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഫാര്‍മേഴ്സ് ഫ്രഷ് സോണിന് ഗ്രാന്‍ഡുകളും മറ്റ് ഫണ്ടുകളും ലഭിക്കും. അങ്ങനെ വിപണി വ്യാപിപ്പിക്കാനും ആഗോളതലത്തിലേക്ക് ഈ ബിസിനസ്സിനെ അവതരിപ്പിക്കാനും കഴിയും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ദാരിദ്യ നിര്‍മ്മാര്‍ജ്ജനം, വിശപ്പ് രഹിത ലോകം, ഉത്തരവാദിത്വത്തോടെയുള്ള ഉപഭോഗവും ഉത്പാദനവും എന്നിങ്ങനെ ഐക്യരാഷ്ട്രസഭയുടെ പതിനേഴു സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മൂന്നിലും ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ സംഭാവന ചെയ്യുന്നതായി യു എന്‍ വിലയിരുത്തി.

 

ഭാവി പരിപാടികള്‍

ഫാര്‍മേഴ്‌സ് ഫ്രഷ് സോണിലൂടെ കര്‍ഷകരേയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ രാജ്യത്തും ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രദീപ് പി.എസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. മാത്രമല്ല ലോകമെമ്പാടും ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്താനുള്ള അവസരമാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ലഭിച്ചിരിക്കുന്നത്. ലോകത്ത് എവിടെയും ഈ സാങ്കേതിക വിദ്യ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരം മനസ്സിലാക്കി കച്ചവടം നടത്താനും കഴിയും. ഉദാഹരണത്തിന് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഏതെന്ന് മനസ്സിലാക്കി, അവ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT