ADVERTISEMENT

അധികം പരിചിതമല്ലാത്ത ഒരു ബിസിനസാണ് ലത കൃഷ്ണൻകുട്ടിയുടേത്. ത്രെഡ്സ് അഥവാ നൂൽ ആണ് ബിസിനസ്. തൃശൂർ ജില്ലയിലെ തലോറിലാണ് ‘റെയിൻബോ ത്രെഡ്സ്’(Rainbow Threads) എന്ന പേരിലാണ് ഈ സംരംഭം.

 

എന്താണു ബിസിനസ്?

nool4
നൂലുകളുമായി ലത കൃഷ്ണൻകുട്ടി. Photo:Manorama Sampadyam

 

ആർക്കും ഈസിയായി ചെയ്യാവുന്ന ലഘു ബിസിനസാണ് ഇത്. വലിയ നൂലുകളുടെ കെട്ടുകൾ കൊണ്ടുവന്നു മെഷിനറി ഉപയോഗിച്ച് ചെറിയ കെട്ടുകളാക്കി ചുറ്റിക്കൊടുക്കുന്നു. 5,000, 2,500,1,000 മീറ്റർ നൂലുകളാക്കി വിൽക്കുന്ന ഒരു റീപാക്കിങ് ബിസിനസ് മോഡൽ. 40 ൽ പരം കളറുകളിൽ ഉള്ള നൂൽ കെട്ടുകളാണ് ഇപ്പോൾ തയാറാക്കി വിൽക്കുന്നത്.

nool3
ത്രെഡിങ് മെഷിൻ Photo: Manorama Sampadyam

എങ്ങനെ ഈ ബിസിനസിൽ എത്തി?

നൂൽ ഉൽപാദന സ്ഥാപനത്തിൽ ഏറെ വർഷം ജോലി ചെയ്തു. സ്ഥാപനം പൂട്ടിയപ്പോൾ സ്വന്തം നിലയിൽ തുടങ്ങിയാലോ എന്നു ചിന്തിച്ചു. അങ്ങനെ മെഷിനറി വാങ്ങി, വീട്ടിൽത്തന്നെ വർക്ക് തുടങ്ങി. വലിയ മത്സരം ഇല്ലെന്നു മാത്രമല്ല, ഭർത്താവിനും കൂടി പണിയെടുക്കാവുന്ന സംരംഭം എന്നതും ഗുണം ചെയ്തു. 

 

തിരുപ്പൂരിൽനിന്നു നൂൽ

nool2
രണ്ട് ത്രെഡിങ് മെഷിനുകളാണ് സ്ഥാപനത്തിൽ ഉപയോഗിക്കുന്നത്. Photo:Manorama Sampadyam

 

തിരുപ്പൂരിലെ സ്വകാര്യ കമ്പനിയിൽനിന്നു റെഡി കാഷ് നൽകിയാണ് നൂൽ ബൾക്കായി വാങ്ങുന്നത്. ആവശ്യമായ നൂൽ സുലഭമായി ലഭിക്കും. ഫോൺ ചെയ്താൽ എത്തിച്ചുതരും. മിനിമം 10 കിഗ്രാം എടുക്കണം എന്നുമാത്രം. കോട്ടൺ, ൈനലോൺ, പ്ലാസ്റ്റിക് അങ്ങനെ വിവിധ വെറൈറ്റികളിലുള്ള നൂലുകൾ ആവശ്യമുണ്ട്. നൂലിന്റെ വലിയ കെട്ടുകൾ കൊണ്ടുവന്ന് (വലിയ ബോബിനുള്ളിൽ ചുറ്റിയ കെട്ടുകൾ) മെഷീനിൽ ഘടിപ്പിക്കുന്നു. ചെറിയ ബോബിനുകളിലേക്ക് നൂൽ ചുറ്റിയെടുക്കുന്നു. ഇങ്ങനെ ചുറ്റുന്ന രണ്ടു മെഷീനുകളാണ് ഉപയോഗിക്കുന്നത്. റെയിൻബോ ത്രെഡ്സിന്റെ ലേബലിലാണു വിൽപന. 

 

ഉപയോക്താക്കൾ തയ്യൽക്കാർ

 

ചെറു കട്ടകളാക്കിയ നൂലിന്റെ ഉപയോക്താക്കൾ പ്രധാനമായും ചെറുകിട തയ്യൽക്കാരാണ്. തയ്യൽ സ്ഥാപനങ്ങളിലേക്കു നേരിട്ടും നൂൽ നൽകുന്നു. തയ്യൽ സ്ഥാപനങ്ങള്‍ നേരിട്ടു വന്നു വാങ്ങുകയും ചെയ്യും. പ്രധാന വിൽപന തൃശൂർ ജില്ലയിലെ സ്റ്റിച്ചിങ് മെറ്റീരിയലുകൾ വിൽക്കുന്ന ഷോപ്പുകൾ വഴിയാണ്. ഇതിന് വിതരണക്കാരോ ബ്രോക്കർമാരോ ഇല്ല. ഭർത്താവ് കൃഷ്ണൻകുട്ടി വിൽപന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. കടം നൽകാറില്ല. റെഡി കാഷ് ബിസിനസ് മാത്രം. വസ്ത്രങ്ങൾ, ബാഗുകൾ, ഏപ്രണുകൾ, എംബ്രോയിഡറി വർക്കുകൾ എന്നിവയ്ക്കെല്ലാം ആവശ്യമായ നൂലുകൾ സപ്ലൈ ചെയ്യുന്നു. കടകളിൽ പലവട്ടം കയറിയിറങ്ങി സ്ഥിരം കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുത്തതോടെ തുടക്കത്തിൽ ഉണ്ടായിരുന്ന വിപണന പ്രശ്നങ്ങൾ പരിഹരിക്കാനും കഴിഞ്ഞു.

 

രണ്ടു ലക്ഷം രൂപയുടെ മെഷിനറികൾ

 

രണ്ടു സെറ്റ് ത്രെഡിങ് മെഷിനറികളാണ് ഇപ്പോൾ ഉള്ളത്. തുടക്കം ചെറിയ മെഷീനിൽ ആയിരുന്നു. കൂടുതൽ ഓർഡർ ലഭിച്ചപ്പോൾ ഒരു മെഷീൻ കൂടി വാങ്ങിയതോടെ കൂടുതൽ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും റീത്രെഡിങ് നടത്തി വിൽക്കാൻ കഴിഞ്ഞു. 

ഇത് ഒരു കുടുംബ ബിസിനസാണ്. വീടിനോടു േചർന്നുള്ള ചെറിയ റൂമിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. ജോലിക്കാർ ആരും ഇല്ല. 

ലതയും കൃഷ്ണൻകുട്ടിയും േചർന്നാണ് ബിസിനസ് കൊണ്ടുപോകുന്നത്. മകളുടെ വിവാഹം കഴിഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മെഷീൻ ഓപ്പറേറ്റ് ചെയ്യുന്നതിനടക്കം സഹായിക്കും. 

 

മികവുകൾ

 

∙നിക്ഷേപവും റിസ്കും തീരെ കുറവാണ്.

∙ക്രെഡിറ്റ് നൽകാത്തതിനാൽ കിട്ടാക്കടം ഇല്ല.

∙കുറഞ്ഞ വിലയ്ക്ക് നൂൽകെട്ട് ലഭ്യമാക്കാൻ കഴിയുന്നു.

∙ വീട്ടിൽ ഇരുന്നു മാനേജ് ചെയ്യുന്നതിനാൽ മറ്റു കാണാചെലവുകൾ ഇല്ല. 

∙മത്സരം കുറവാണ്.

 

പ്രശ്നങ്ങൾ

∙കുറഞ്ഞ ഉൽപാദന സൗകര്യങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന മെറ്റീരിയലിന്റെ വിലവർധനയും ആണ് ഈ ബിസിനസിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. 

 

പ്രതിമാസം ശരാശരി 3 ലക്ഷം രൂപ

 

പ്രതിമാസം എത്ര രൂപയുടെ വിറ്റുവരവുണ്ട് എന്നു കൃത്യമായി നോക്കിയിട്ടില്ല. എങ്കിലും മൂന്നു ലക്ഷം രൂപ ശരാശരി എന്നു പറയാം. 15% ആണ് കച്ചവടത്തിൽ ലഭിക്കുന്ന അറ്റാദായം. ഒരു മെഷീൻ കൂടി സ്ഥാപിച്ച് ഉൽപാദനം വർധിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com