ADVERTISEMENT

സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ സംരംഭക രംഗത്തെത്തിയവര്‍ ഏത് പ്രതിസന്ധിയിലും ഉലയാതെ നില്‍ക്കും. അത്തരമൊരു കഥയാണ് പല്ലവിയുടേതും. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സംരംഭകത്വമെന്ന അടിസ്ഥാനപാഠത്തിലൂടെയാണ് പല്ലവി ഉത്തഗിയും സംരംഭകയായി മാറിയത്. വലിയ കോര്‍പ്പറേറ്റ് ജോലികളില്‍ അനുഭവപരിചയമുള്ള പല്ലവിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതോടെയാണ്. പുനരുപയോഗിക്കാവുന്ന ഡയപ്പര്‍ വിപണിയില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ കമ്പനിയാണ് പല്ലവിയുടെ സൂപ്പര്‍ ബോട്ടംസ്. 

കുഞ്ഞ് നല്‍കിയ ബിസിനസ് അവസരം

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ ബിരുദവും മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടിയ പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത് ഇന്ത്യയുടെ ടെക് ഭീമനായ ഇന്‍ഫോസിസിലാണ്, 2005ല്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി തുടങ്ങിയ അവര്‍ 2009ല്‍ സ്‌ട്രൈഡ്‌സ് അക്രോലാബിന്റെ മാര്‍ക്കറ്റിങ് ഡിവിഷനിലേക്ക് ചേക്കേറി. അതിന് ശേഷം പിരമള്‍ ഹെല്‍ത്ത് കെയറില്‍ ഐ-പില്‍, ഐ-ഷുവര്‍, ഐ-കാന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചുമതല വഹിക്കുന്ന വിഭാഗത്തില്‍ ജോലി നോക്കിയ ശേഷം 2015ല്‍ സനോഫിയില്‍ ചേര്‍ന്ന് ഹൈജിന്‍ ഉല്‍പ്പന്നങ്ങളുടെ മേല്‍നോട്ടവും വഹിച്ചു. 

കുഞ്ഞുണ്ടായ ശേഷമാണ് പല്ലവിയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ കുഞ്ഞിന്റെ മൃദുലമായ ചര്‍മ്മത്തില്‍ പാടുകളുണ്ടാക്കുന്നതും നിറം മാറുന്നതും ആ അമ്മയെ ചിന്തിപ്പിച്ചു. പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിതെന്ന് മറ്റുള്ളവരുമായുള്ള ചര്‍ച്ചകളിലൂടെ പല്ലവിക്ക് മനസിലായി. അങ്ങനെയാണ് ക്ലോത്ത് ഡയപ്പറുകള്‍ നിര്‍മിക്കുന്ന സംരംഭമെന്ന ആശയത്തിലേക്ക് പല്ലവിയെത്തുന്നത്. 2016ല്‍ സൂപ്പര്‍ ബോട്ടംസ് എന്ന ബ്രാന്‍ഡ് ജനിക്കുന്നതിലേയ്ക്ക് അത് വഴിമാറി. 

തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ, റീയൂസബിള്‍ ക്ലോത്ത് ഡയപ്പര്‍, ബേബി കെയര്‍ ഉല്‍പ്പന്ന ബ്രാന്‍ഡെന്ന രീതിയിലാണ് സൂപ്പര്‍ ബോട്ടംസിനെ പല്ലവി പൊസിഷന്‍ ചെയ്തത്. സൂപ്പര്‍ ബോട്ടംസ് കമ്പനിയുടെ ഭാഗമായ 90 ശതമാനം പേരും അമ്മമാരാണ്. പല്ലവിയുടെ അവകാശവാദമനുസരിച്ച് 20 ലക്ഷത്തിലധികം മാതാപിതാക്കളാണ് സൂപ്പര്‍ ബോട്ടംസിന്റെ വിശ്വസ്ത ഉപഭോക്താക്കള്‍. സൂപ്പര്‍ ബോട്ടംസ് യുഎന്‍ഒ ഡയപ്പറാണ് കമ്പനിയുടെ പതാകവാഹക ബ്രാന്‍ഡ്. ഓര്‍ഗാനിക് കോട്ടന്‍ പാഡുകളാല്‍ നിര്‍മിക്കുന്ന ഇവ കുട്ടിയുടെ ചര്‍മത്തെ ബാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Representative Image: Shutterstock | Photo Contributor: Liudmila Fadzeyeva
Representative Image: Shutterstock | Photo Contributor: Liudmila Fadzeyeva

പിന്തുണയ്ക്കാന്‍ എത്തിയവര്‍

സ്‌നാപ്ഡീല്‍ സ്ഥാപകരായ കുനാല്‍ ബഹ്ലിന്റെയും രോഹിത് ബന്‍സാലിന്റെയും നിക്ഷേപ സ്ഥാപനമായ ടൈറ്റന്‍ കാപ്പിറ്റല്‍ 2018ല്‍ സൂപ്പര്‍ ബോട്ടംസില്‍ നിക്ഷേപിക്കാനെത്തിയത് വഴിത്തിരിവായി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഫണ്ടിങ് നേടുന്നതിന് പല തടങ്ങളുമുണ്ടായി. കൂടുതലും വനിതകള്‍ നയിക്കുന്ന സംരംഭമായതിനാലായിരുന്നു പല ഫണ്ടിങ് റൗണ്ടും പരാജയപ്പെട്ടത്. 2020ല്‍ ക്ലോത്ത് ഡയപ്പറുകളുമായി ബഹുരാഷ്ട്ര ഭീമന്‍ പാംപേഴ്‌സ് രംഗത്തെത്തിയതോടെ സൂപ്പര്‍ ബോട്ടംസിന്റെ സാധ്യതകളെ പലരും എഴുതിത്തള്ളി.

എന്നാല്‍ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കി എല്ലാ പ്രതിസന്ധികളെയും സൂപ്പര്‍ ബോട്ടംസ് അതിജീവിച്ചു. ഓണ്‍ലൈനിലൂടെയാണ് സജീവ വില്‍പ്പനയെങ്കിലും രാജ്യത്ത് ഇതിനോടകം 80 ഓഫ് ലൈന്‍ സ്റ്റോറുകളും പല്ലവി തുടങ്ങി. കേരളവും തമിഴ്‌നാടുമാണ് സൂപ്പര്‍ ബോട്ടംസിന്റെ ഏറ്റവും വലിയ വിപണികള്‍. പ്രതിദിനം 2800ഓളം ഡയപ്പറുകളാണ് പല്ലവിയുടെ കമ്പനി വില്‍ക്കുന്നത്. നേരത്തെ ചൈനയില്‍ നിന്നായിരുന്നു ഉല്‍പ്പന്നങ്ങള്‍ സോഴ്‌സ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡായി മാറി ഇവര്‍. 

ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ്, സാമ കാപ്പിറ്റല്‍ തുടങ്ങിയ വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികള്‍ കൂടി നിക്ഷേപമിറക്കിയതോടെ ശക്തമായ അടിത്തറയില്‍ മുന്നോട്ടുപോകാന്‍ സൂപ്പര്‍ ബോട്ടംസിനായി. 2019 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം 2022 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും 56.2 കോടി രൂപയായി ഉയര്‍ന്നു. 

നിക്ഷേപം തുടരുന്നു

ഈ ഓഗസ്റ്റില്‍ സൂപ്പര്‍ബോട്ടംസ് സീരീസ് എ1 ഫണ്ടിങ്ങിലൂടെ 5 ദശലക്ഷം ഡോളര്‍ കൂടി സമാഹരിച്ചു.  ഉപഭോക്താക്കളുടെ നിര കൂടുതല്‍ വിപുലമാക്കുന്നതിനായി ഉല്‍പ്പന്നങ്ങൾ വൈവിധ്യവല്‍ക്കരിക്കാനാണ് പുതിയ ഫണ്ടിങ് എന്ന് പല്ലവി പറയുന്നു. ലോക് കാപ്പിറ്റല്‍, ഷാര്‍പ്പ് വെഞ്ച്വേഴ്‌സ്, നേരത്തെ സൂപ്പര്‍ ബോട്ടംസില്‍ നിക്ഷേപം നടത്തിയ ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ്, സാമ കാപ്പിറ്റല്‍ തുടങ്ങിയ കമ്പനികളാണ് പുതിയ ഫണ്ടിങ് റൗണ്ടില്‍ പങ്കെടുത്തത്. 

മാതാപിതാക്കളില്‍ നിന്നുള്ള മികച്ച പിന്തുണയാണ് സൂപ്പര്‍ ബോട്ടംസിനെ മുന്നോട്ട് നയിക്കുന്നതെന്നും ക്ലോത്ത് ഡയപ്പര്‍ എന്ന ആശയം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പുതിയ ഫണ്ടിങ് റൗണ്ടിന്റെ പശ്ചാത്തലത്തില്‍ പല്ലവി ഉത്തഗി പറഞ്ഞു. സുസ്ഥിരതയെന്ന ആശയത്തിലൂന്നിയ ഇക്കോ ബ്രാന്‍ഡെന്ന നിലയില്‍ ക്ലോത്ത് ഡയപ്പര്‍ കൂടാതെ കോട്ടന്‍ ലങ്കോട്‌സ്, പോട്ടി ട്രെയ്‌നിങ് പാന്റ്‌സ്, കിഡ്‌സ് ക്ലോത്തിങ്, മാക്‌സ്അബ്‌സോര്‍ബ് പിരിയഡ് വെയര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്.

English Summary : Success story of Pallavi and SuperBottoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com