ADVERTISEMENT

ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടികളിലൊരാളാണ് അലിയ ഭട്ട്. ഏറെ ആരാധകവൃന്ദമുള്ള താരം. എന്നാല്‍ സ്‌ക്രീനില്‍ മാത്രമല്ല അലിയ തിളങ്ങി നില്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിജയിച്ച വനിതാ സംരംഭകരില്‍ ഒരാള്‍ കൂടിയാണ് അലിയ ഭട്ട്. താരത്തിന്റെ എഡ് എ മമ്മ എന്ന സംരംഭത്തിന്റെ 51 ശതമാനം ഓഹരി കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുത്തതോടെ അലിയയുടെ സമ്പത്തില്‍ വീണ്ടും വര്‍ധന വന്നിരിക്കുകയാണ്.

അതിസമ്പന്ന നായിക

Alia-845-B

ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടികളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട് അലിയ ഭട്ട്. 560 കോടി രൂപയാണ് അവരുടെ സമ്പത്ത്. ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ അലിയ ഭട്ട് പ്രതിഫലം വാങ്ങുന്നതായാണ് കണക്കുകള്‍. അത്യാഡംബര പ്രോപ്പര്‍ട്ടികളും അഡംബര വാഹനങ്ങളുമെല്ലാം അലിയയുടെ സമ്പത്തിന് മാറ്റ് കൂട്ടുന്നു. 2018ല്‍ ലണ്ടനിലെ പോഷ് മേഖലയില്‍ അലിയ വാങ്ങിയ വീടിന്റെ വില 25 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ 40 കോടി രൂപയുടെ വീടും അലിയക്കുണ്ട്. ഇത് കൂടാതെ ജൂഹുവിലും അത്യാഡംബര ഭവനം ബോളിവുഡ് നടിക്ക് സ്വന്തമായുണ്ട്. റേഞ്ച് റോവര്‍ വോഗ് മുതല്‍ ബിഎംഡബ്ല്യു 7 സീരീസും ഔഡിയുടെ വിവിധ മേഡലുകളുമെല്ലാം അലിയയുടെ ഗരാജിലുണ്ട്.

150 കോടിയുടെ സംരംഭം

തന്റെ ക്ലോത്തിങ് ബ്രാന്‍ഡായ എഡ് എ മമ്മയ്ക്ക് അലിയ തുടക്കമിടുന്നത് 2020ലാണ്. അതിവേഗമാണ് സംരംഭത്തിന്റെ മൂല്യം കുതിച്ച് 150 കോടി രൂപയിലെത്തിയത്. രണ്ട് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു ബ്രാന്‍ഡ് തുടങ്ങിയത്. നാച്ചുറല്‍ ഫാബ്രിക്‌സില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തനം. ഓണ്‍ലൈന്‍ ബിസിനസായി തുടങ്ങിയ സംരംഭം പിന്നീട് ഓഫ്‌ലൈനിലേക്കും വ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മറ്റേണിറ്റി ക്ലോത്തിങ്ങിലേക്കും എഡ് എ മമ്മ ചുവടുവെച്ചു. ഇതും വിജയമായിരുന്നു. സുസ്ഥിരതയിലൂന്നിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നാണ് അലിയ ഭട്ട് പറയാറുള്ളത്.

ആലിയ ഭട്ടും ഇഷ അംബാനിയും
ആലിയ ഭട്ടും ഇഷ അംബാനിയും

കമ്പനിയുടെ വലിയ സാധ്യതകള്‍ മനസിലാക്കിയാണ് റിലയന്‍സ് റീട്ടെയ്ല്‍ എഡ് എ മമ്മയുടെ 51 ശതമാനം ഓഹരി ഏറ്റെടുത്തത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന് നേതൃത്വം നല്‍കുന്നത്. ഏകദേശം 300-350 കോടി രൂപയുടേതാണ് ഏറ്റെടുക്കലെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള സ്റ്റോറി ബുക്കുകളിലേക്കും അനിമേറ്റഡ് സീരീസുകളിലേക്കുമെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എഡ് എ മമ്മയ്ക്ക് പദ്ധതിയുണ്ട്.

2.6 ലക്ഷം കോടി രൂപയാണ് ഇഷയുടെ റീട്ടെയ്ല്‍ സംരംഭത്തിന്റെ മൂല്യം. അതുകൊണ്ടുതന്നെ പുതിയ പങ്കാളിത്തം അലിയ ഭട്ടിന്റെ സംരംഭത്തെ വലിയ തോതില്‍ വളര്‍ത്തുമെന്നാണ് പ്രതീക്ഷ.

English Summary : Alia Bhatt and Isha Ambani Joined Together in Their Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com