ADVERTISEMENT

ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പരമാവധി മുതലെടുത്ത് യുഎസ് ടെക് ഭീമന്‍ ആപ്പിള്‍. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം സ്മാര്‍ട്‌ഫോണുകള്‍ കയറ്റി അയക്കുന്ന കമ്പനിയായി ആപ്പിള്‍ മാറിയിരിക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയുടെ 49 ശതമാനവും ആപ്പിളിന്റെ വിഹിതമാണ്. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിനെ കടത്തിവെട്ടിയാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്മാര്‍ട് ഫോണുകള്‍ കയറ്റി അയക്കുന്ന കമ്പനിയായി ആപ്പിള്‍ മാറിയിരിക്കുന്നത്.

നിർമിത ബുദ്ധി കൊണ്ട് പോക്കറ്റ് നിറയ്ക്കാനാകുമോ? Read more ... 

മൊത്തം 12 ദശലക്ഷം ഫോണുകളാണ് ഇന്ത്യയില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കയറ്റി അയച്ചത്. 2022 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കേവലം 8 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിഹിതം. ഇതാണ് 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദമായപ്പോഴേക്കും 40 ശതമാനവും രണ്ടാം പാദമായപ്പോഴേക്കും 49 ശതമാനവുമായി കുതിച്ചു. 84 ശതമാനത്തില്‍ നിന്നാണ് സാംസങ്ങിന്റെ വിഹിതം 45 ശതമാനമായി കുറഞ്ഞിരിക്കുന്നത്.

ചൈനയല്ല, ഇനി അവസരം ഇന്ത്യയില്‍

Apple1

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ചൈന. യുഎസുമായുള്ള വ്യാപാര ബന്ധവും വലിയ തിരിച്ചടിയാണ് ഷി ജിന്‍പിങ്ങിന്റെ രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ഉള്‍പ്പടെയുള്ള നിരവധി ടെക് കമ്പനികള്‍ ചൈനയില്‍ നിന്നും ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റുന്നത്. ഇന്ത്യ, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ബിസിനസ് അവസരങ്ങള്‍ തുറന്നിട്ട് വന്‍കിട കമ്പനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വലിയ തോതില്‍ ഉല്‍പ്പാദനം കൂട്ടാന്‍ ആപ്പിള്‍ തീരുമാനിച്ചത്. 

ഉല്‍പ്പാദനം കരാര്‍ കമ്പനികളിലൂടെ

2017 മുതലാണ് കരാര്‍ മാനുഫാക്ച്ചറിങ് കമ്പനികളിലൂടെ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം തുടങ്ങിയത്. ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രണ്‍ എന്നിങ്ങനെ മൂന്ന് കമ്പനികളിലൂടെയാണ് ഉല്‍പ്പാദനം തകൃതിയായി നടക്കുന്നത്. രാജ്യത്തെ മാനുഫാക്ച്ചറിങ് ഹബ്ബാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം) പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.  

പ്രീമിയം സൂപ്പര്‍ പ്രീമിയം കാറ്റഗറിയിലുള്ള ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്നത്. എന്നാല്‍ സാംസങ് എല്ലാ കാറ്റഗറിയിലുമുള്ള ഫോണുകള്‍ കയറ്റി അയക്കുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്നുമുണ്ട്. 

samasung-galaxy

ആവശ്യകത കുറയുന്നു

അതേസമയം സാംസങ് ഉള്‍പ്പടെയുള്ള മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവാണ് വരുന്നത്. ആഗോളതലത്തില്‍ ഈ ബ്രാന്‍ഡുകളുടെ ആവശ്യകത കുറയുന്നത് ഒരു കാരണമാണ്. എന്നാല്‍ സാംസങ് വിയ്റ്റ്‌നാമിലേക്ക് കയറ്റുമതി കേന്ദ്രം മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2022 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സാംസങ്ങിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വിഹിതം 84 ശതമാനമായിരുന്നു. 2023 ഒന്നാം പാദത്തിലെത്തിയപ്പോള്‍ ഇത് 50 ശതമാനമായും രണ്ടാം പാദത്തിലെത്തിയപ്പോള്‍ 45 ശതമാനമായും കുറഞ്ഞു. 

ഷഓമി, മോട്ടൊറോള, വിവോ, ഒപ്പോ തുടങ്ങി മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെയെല്ലാം കൂടി കയറ്റുമതി വിഹിതം കേവലം ആറ് ശതമാനം മാത്രമാണ്. 

English Summary : Apple's Stunning Production Perfomance in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com