ADVERTISEMENT

ഒരു തവണ തോറ്റാല്‍ മനസ് മടുക്കും, രണ്ട് തവണ തോറ്റാല്‍ ചിലപ്പോള്‍ മരവിക്കും...20 തവണ തോറ്റാലോ...ഇന്ത്യയില്‍ ജനിച്ച് ലിബിയയിലേക്ക് കുടിയേറി, കാനഡയില്‍ വളര്‍ന്ന്, അമേരിക്കയില്‍ ജീവിക്കുന്ന അപൂര്‍വ മെഹ്തയെന്ന സംരംഭകന്റെ കഥ സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം തന്നെ ആവേശജനകമാണ്. 20 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ട അപൂര്‍വയുടെ 21ാമത്തെ സംരംഭം അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പാണ്. 9.9 ബില്യണ്‍ ഡോളര്‍ മൂല്യം വരും കമ്പനിക്ക്...അപൂര്‍വ മെഹ്തയുടെ സമ്പത്താകട്ടെ, 10,000 കോടി രൂപയ്ക്കടുത്തും. 

ഇന്ത്യന്‍ പാരമ്പര്യം

ഇപ്പോള്‍ 37 വയസുള്ള അപൂര്‍വ ജനിച്ചത് ഇന്ത്യയിലാണ്,1986ല്‍. ജനിച്ചയുടന്‍ തന്നെ കുടുംബം ലിബിയയിലേക്കും പിന്നീട് കാനഡയിലേക്കും കുടിയേറി. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്നായിരുന്നു ബിരുദം, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍. അതിന് ശേഷം ഡിസൈന്‍ എന്‍ജിനീയറായി ബ്ലാക്ക്‌ബെറിയിലും ക്വാല്‍കോമിലും ജോലി ചെയ്തു. തുടര്‍ന്ന് 2008ല്‍ ആമസോണില്‍ സപ്ലൈ ചെയ്ന്‍ എന്‍ജിനീയറായി ജോലിക്ക് കയറിയ അപൂര്‍വ 2010ല്‍ സ്വന്തം സംരംഭം ആരംഭിക്കണമെന്ന ചിന്തയില്‍ ജോലി വിട്ട് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് താമസം മാറ്റുകയും ചെയ്തു. 

പരാജയത്തിന്റെ കാലം

ഒരു സംരംഭകനാകുകയെന്ന അടങ്ങാത്ത ആഗ്രഹത്താലാണ് ജോലി വിട്ട് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയതെന്ന് അപൂര്‍വ പലപ്പോഴും പറയാറുണ്ട്. എന്നാല്‍ എന്ത് സംരംഭം തുടങ്ങണമെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ അയാള്‍ക്ക് ഒരു ധാരണയുമില്ലായിരുന്നു. ഗെയിമിങ് കമ്പനികള്‍ക്കായുള്ള അഡ്വര്‍ടൈസിങ് സ്റ്റാര്‍ട്ടപ്പ് മുതല്‍ വക്കീലന്മാര്‍ക്കുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം വരെ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ അപൂര്‍വ തുടങ്ങി. എന്നാല്‍ എല്ലാം പൂട്ടിപ്പോകുകയാണുണ്ടായത്. 

വഴിത്തിരിവായ ഫ്രിഡ്ജ്

apoorva2

വീട്ടിലെ ഫ്രിഡ്ജായിരുന്നു അപൂര്‍വയുടെ ജീവിതത്തിന്റെ ഗതി മാറ്റിയത്. അതിനെക്കുറിച്ച് അപൂര്‍വ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സില്‍ (മുമ്പത്തെ ട്വിറ്റര്‍) അടുത്തിടെ കുറിച്ചതിങ്ങനെ, 'ഒരു പതിറ്റാണ്ട് മുമ്പാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ എന്റെ അപ്പാര്‍ട്‌മെന്റില്‍ ഒരു ദിവസം ഞാനങ്ങനെ ഇരിക്കുകയായിരുന്നു. ഫ്രിഡ്ജ് നോക്കിയപ്പോള്‍ ഹോട്ട് സോസല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. കാലിയായ ഫ്രിഡ്‌ജെന്ന് പറയാം. അതൊരു തിരിച്ചറിവായിരുന്നു. എല്ലാം ഓണ്‍ലൈനായി ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഗ്രോസറി മാത്രമില്ല.''

അങ്ങനെയാണ് 2012ല്‍ ഗ്രോസറികള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്താമെന്ന ആശയം അപൂര്‍വ മെഹ്തയുടെ തലയില്‍ ഉദിക്കുന്നത്. അതിന്റെ ഫലമായിരുന്നു ഇന്‍സ്റ്റകാര്‍ട്ട് എന്ന സ്റ്റാര്‍ട്ടപ്പ്. ആപ്പിന്റെ കോഡിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അപൂര്‍വ തന്നെയാണ് ചെയ്തത്, മൂന്നാഴ്ചയ്ക്കുള്ളിലാണ് ഇന്‍സ്റ്റകാര്‍ട്ട് ജനിച്ചതെന്ന് അദ്ദേഹം പറയുന്നു. 

സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ വൈ കോമ്പിനേറ്ററിന്റെ സഹായത്തോടെ 2.3 മില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം സമാഹരിക്കാനായത് സംരംഭത്തിന് നേട്ടമായി. അതോടെ വളര്‍ച്ചയുടെ വേഗം കൂടി. ഇപ്പോള്‍ അമേരിക്കയിലെ 80,000 കടകളില്‍ നിന്നുള്ള സാധനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് ഇന്‍സ്റ്റകാര്‍ട്ട്. 14,000ത്തിലധികം നഗരങ്ങളില്‍ കമ്പനിക്ക് വിതരണസംവിധാനങ്ങളുണ്ട്. 

ഐപിഒയിലൂടെ ശതകോടീശ്വരന്‍

സെപ്റ്റംബറിലായിരുന്നു ഇന്‍സ്റ്റകാര്‍ട്ടിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ). ഇതിന് ശേഷം ഏകദേശം 10,000 കോടി രൂപയായി അപൂര്‍വയുടെ സമ്പത്ത് വര്‍ധിച്ചു. 2021ല്‍ തന്നെ അദ്ദേഹം കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടിവായിരുന്ന ഫിഡ്ജി സിമോയാണ് സിഇഒ സ്ഥാനത്തേക്ക് എത്തിയത്. അപൂര്‍വ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറി. 

apoorva1
സിഇഒ ഫിഡ്ജി സിമോയ്‌ക്കൊപ്പം അപൂര്‍വ മെഹ്ത/ഫോട്ടോ: instacart.com

ഇന്‍സ്റ്റകാര്‍ട്ടിന്റെ മൂല്യം 39 ബില്യണ്‍ ഡോളര്‍ കല്‍പ്പിക്കപ്പെട്ടിരുന്ന കാലത്ത് ഐപിഒ നടത്തണമെന്ന ആവശ്യത്തിന്മേല്‍ പ്രധാന നിക്ഷേപകരും അപൂര്‍വയും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഒടുവില്‍ 9.9 ബില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിച്ചായിരുന്നു ഇന്‍സ്റ്റകാര്‍ട്ടിന്റെ ഐപിഒ. പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 90 കോടി ഓര്‍ഡറുകളും 2000കോടി സാധനങ്ങളുമാണ് ഇന്‍സ്റ്റകാര്‍ട്ട് ഡെലിവറി ചെയ്തത്. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഭാവി സാധ്യതകളെക്കുറിച്ച് നിക്ഷേപ വിദഗ്ധര്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. 

English Summary : Success Story of Instacart and Its IPO Related Developments

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT