ബജറ്റ്: തലോടലിനായി കാത്ത് ചെറുകിട വ്യവസായ മേഖല

HIGHLIGHTS
  • വ്യവസായ മേഖലയ്ക്ക് ബജറ്റില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളുമുണ്ട്
Ring in Finger
SHARE

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മലാ സീതാരമന്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റ്. നോട്ട് നിരോധനത്തിന്റെയും  ജി.എസ്.ടിയുടെയും പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറിവരുന്ന വ്യവസായ മേഖലയ്ക്ക് ബജറ്റില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും ഇല്ലാതില്ല.3,790 കോടി രൂപയാണ് സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയ്ക്ക് മൂലധന സഹായം, പലിശ സബ്‌സിഡി തുടങ്ങിയ വിഭാഗങ്ങളിലായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വക ഇരുത്തിയിരുന്നത്. മുദ്രാ യോജനാ പദ്ധതിയുടെ വിപുലീകരണം ആയിരുന്നു മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. ഇതിനായി 4.6 കോടി രൂപ വക ഇരുത്തി. എന്നാല്‍ പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപ വരെയേ വായ്പ ലഭിക്കുന്നുള്ളൂ എന്ന് സംരംഭകര്‍ പരാതിപ്പെടുന്നു. 

ചെറുകിട സംരംഭകര്‍ക്ക് സെക്യൂരിറ്റി ഇല്ലാതെ 75 ശതമാനം സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 1 കോടി രൂപ വരെ വായ്പ നല്‍കിയിരുന്ന (CGTMS)(ക്രെഡിറ്റ് ഗ്യാരന്റീ ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ്)  പോലുള്ള പദ്ധതികള്‍ പുനസ്ഥാപിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിക്കണം എന്ന ഏറെ നാളത്തെ ആവശ്യം ഇത്തവണയെങ്കിലും യാഥാർത്ഥ്യമായെങ്കിൽ എന്നാണ് പ്രതീക്ഷ. ഇതില്‍ സൂക്ഷ്മ, ഇടത്തരം സംരഭകര്‍ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതി, പെന്‍ഷന്‍ പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവ ഇത്തവണത്തെ ബജറ്റില്‍ പ്രതിപാദന വിഷയമാകുമോ എല്ലാ തവണത്തെയും പോലെ തിരസ്‌കരിക്കപ്പെടുമോ  എന്ന ആശങ്കയും  സംരംഭകര്‍ക്കുണ്ട്. 

ജിഎസ്ടി  ലഘൂകരിക്കണം

ജിഎസ്ടി കൂടുതല്‍ ലഘൂകരിക്കണം എന്നതാണ് മറ്റൊരു ആവശ്യം. സങ്കീര്‍ണമായ ജിഎസ്ടി ഫയലിങ് ലഘൂകരിക്കുന്നതിനു  പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെങ്കില്‍  ഇടത്തരം സംരംഭകര്‍ക്ക് സഹായകമാകും. സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുക, ഈ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA