ADVERTISEMENT

വിദേശത്തു ജോലി ചെയ്യുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കയുടെ (Non Resident Keralites Affairs Department) ഉത്തരവാദിത്തം. വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും നോർക്ക റൂട്സ് എന്ന സ്വതന്ത്ര സ്ഥാപനം വഴിയാണ് നടപ്പിലാക്കുന്നത്.

സംസ്ഥാന സർക്കാരിന് 51.3% ഓഹരി പങ്കാളിത്തം ഉള്ള നോർക്ക റൂട്സ് പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേവലം 315 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ മുതൽ പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ ചികിത്സാ സഹായം, മരണാനന്തര സഹായം, പെൺമക്കളുടെ വിവാഹ ധനസഹായം എന്നിവയെല്ലാം ഇതിൽ ഉൾ‌പ്പെടുന്നു.

315 രൂപയ്ക്ക് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ്

നോർക്കയുടെ ഇൻഷുറൻസ് കാർഡുള്ള വിദേശ മലയാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ഇൻഷുറൻസ് ഉടമയ്ക്ക് വിദേശരാജ്യത്ത് അപകടമരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ നോമിനിക്കു ലഭിക്കും. അപകടത്തിൽ പൂർണമായോ ഭാഗികമായോ അംഗഭംഗം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും. മൂന്നു വർഷത്തേക്ക് 315 രൂപയാണ് പ്രീമിയം. കാലാവധി തീർന്ന ശേഷം വീണ്ടും പുതുക്കണം.

നോർക്ക റൂ‍ട്സ് ഓഫീസുകൾ വഴി നേരിട്ടും, ഓൺലൈനിലൂടെയും (www.norkaroots.org) ഇൻഷുറൻസ് കാർഡിനായി അപേക്ഷിക്കാം. ഇ-കാർഡും ലഭ്യമാണ്. അപേക്ഷകന്‍ വിദേശരാജ്യത്തു ജോലി ചെയ്യുന്ന, കുറഞ്ഞത് ആറു മാസമെങ്കിലും വീസ കാലാവധിയുള്ള ആളായിരിക്കണം. 18 വയസ്സ് പൂർത്തിയായിരിക്കണം.

‘സാന്ത്വന’ പദ്ധതി

പ്രവാസജീവിതത്തിനു ശേഷം തിരിച്ചെത്തിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്നതാണ് ‘സാന്ത്വന’ പദ്ധതി. ഇതുവഴി ഒരു തവണ മാത്രമേ സഹായം ലഭിക്കൂ. നോർക്ക വെബ്സൈറ്റ് വഴി ഓൺലൈനായും നോർക്ക റൂട്സ് ഓഫിസുകൾ വഴി നേരിട്ടും അപേക്ഷ നൽകാം.

പദ്ധതിയുടെ ഗുണഫലങ്ങൾ

1. ചികിത്സാസഹായം– കാൻസർ, ഹൃദയ ശസ്ത്രക്രിയ, ഗുരുതരമായ കിഡ്‌നി–നാഡീ രോഗങ്ങൾ, അപകടം മൂലമുണ്ടായ അംഗവൈകല്യം തുടങ്ങിയവയ്ക്ക് 50,000 രൂപ വരെയാണ് ചികിത്സാസഹായമായി ലഭിക്കുക.
മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി 20,000 രൂപ വരെ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോർട്ട്, ആധാർ കാർഡ്, ഇലക് ഷൻ ഐഡി കാർഡ് (അഡ്രസ് പ്രൂഫ്‌), റേഷൻ കാർഡ് എന്നിവയുടെ കോപ്പികളും മെഡിക്കൽ സർട്ടിഫിക്കറ്റും ബില്ലുകളും സമർപ്പിക്കണം.

2. മരണാനന്തര സഹായം– ഒരു ലക്ഷം രൂപ വരെയാണ് പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരുടെ മരണാനന്തര ചടങ്ങുകൾക്കു സഹായമായി ലഭിക്കുന്നത്. അപേക്ഷയോടൊപ്പം പാസ്‌പോർട്ട്, ആധാർ കാർഡ്, ഇലക് ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികളും വരുമാന സർട്ടിഫിക്കറ്റും റിലേഷൻഷിപ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും നൽകണം.

3. വിവാഹ ധനസഹായം– പ്രവാസികളുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി 15,000 രൂപ വരെയാണു ലഭിക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം പാസ്‌പോർട്ട്, ആധാർ കാർഡ്, ഇലക് ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയും വിവാഹ ക്ഷണക്കത്ത്, വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പി, റിലേഷൻഷിപ് സർട്ടിഫിക്കറ്റ് എന്നിവയും വേണം.

4. അംഗവൈകല്യ പരിഹാര ഉപകരണങ്ങൾക്കുള്ള സഹായം– വീൽചെയർ, ക്രച്ചസ് തുടങ്ങിയ അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായമായി 10,000 രൂപ വരെ ലഭ്യമാകും.ഇതിനായി പാസ്‌പോർട്ട്, ആധാർ കാർഡ്, ഇലക് ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികൾ, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കാം.

നിബന്ധനകൾ

∙ അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

∙ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസജീവിതം നയിച്ചിരിക്കണം

കൂടുതൽ വിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിൽനിന്നോ ഇന്ത്യയിൽനിന്നുള്ള ടോൾഫ്രീ നമ്പറായ 1800 425 3939 ലൂടെയോ ലഭ്യമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com