ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും
Mail This Article
സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വരികയാണ് സംസ്ഥാന തൊഴിൽ വകുപ്പ്. അത്തരത്തിൽ ഗ്രൂപ്പ് സംരംഭം ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകൾ. വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ അനുവദിക്കുക.
പദ്ധതി ആനുകൂല്യങ്ങൾ
∙10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവു വരുന്ന പ്രോജക്ടുകൾക്കു പദ്ധതി പ്രകാരം വായ്പ ലഭിക്കും. വരുമാന വർധനയ്ക്ക് ഉതകുന്ന എല്ലാത്തരം പദ്ധതികളും ഇതു പ്രകാരം തിരഞ്ഞെടുക്കാം
∙സബ്സിഡി/ ഗ്രാൻഡ് –പദ്ധതിച്ചെലവിന്റെ 25% ആണ് സബ്സിഡി നൽകുക. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും.
∙സംരംഭക വിഹിതം – പദ്ധതിച്ചെലവിന്റെ 10% തുക സംരംഭകർ സ്വന്തം നിലയിൽ കണ്ടെത്തണം
യോഗ്യതകൾ
പ്രായം: 21നും 40 നും ഇടയിൽ. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗങ്ങൾക്ക് മൂന്നു വർഷത്തെയും ഇളവ് അനുവദിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. റജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ, തൊഴിൽ നൈപുണ്യമുള്ള അപേക്ഷകരെ സംബന്ധിച്ച് ഇതു നിർബന്ധമല്ല.
എന്തിനെല്ലാം കിട്ടും?
പൊതുവേ വ്യാപാരാവശ്യങ്ങൾക്ക് സർക്കാർ സബ്സിഡിയോടു കൂടിയുള്ള വായ്പ സൗകര്യം വളരെ കുറവാണ്. ഈ പദ്ധതി മികച്ചതാക്കാൻ പ്രധാന കാരണം ഏതുതരം വരുമാന വർധനയ്ക്ക് ഉതകുന്ന പ്രവർത്തിയും ഇതു പ്രകാരം തിരഞ്ഞെടുക്കാം എന്നുള്ളതാണ്. എല്ലാത്തരം സംരംഭങ്ങൾക്കും ഇതു പ്രകാരം വായ്പ കിട്ടും. വ്യവസായം, സേവനം, കൃഷി, ട്യൂഷൻ സെന്ററുകൾ, ജിംനേഷ്യം, വർക് ഷോപ്പുകൾ, ടാക്സി സർവീസ് എന്നിവയ്ക്ക് എല്ലാം തന്നെ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നു.
അപേക്ഷയിലെ നടപടികൾ
ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഓഫിസിൽ നിന്നു നേരിട്ടും ലഭ്യമാണ്. നൽകിയിരിക്കുന്ന ഫോർമാറ്റിൽ പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, സ്ഥിര ആസ്തികൾ, സമ്പാദിക്കുന്നതിനുള്ള ക്വട്ടേഷൻ എന്നിവയുടെ പകർപ്പും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.
∙ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനുമായുള്ള ജില്ലാ കമ്മിറ്റിയാണ് അർഹരെ ഇന്റർവ്യൂ ചെയ്തു തിരഞ്ഞെടുക്കുന്നത്.
∙പാസാക്കുന്ന അപേക്ഷ വിലയിരുത്തി ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിച്ചാൽ 15 ദിവസത്തിനുള്ളിൽ സബ്സിഡി തുക സംരംഭകന്റെ വായ്പ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
∙പദ്ധതിയുടെ ഭാഗമായി സംരംഭകർക്കു പ്രത്യേക സംരംഭകത്വ വികസന പരിശീലനവും നൽകും.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിലെ മുൻ ഡപ്യൂട്ടി ഡയറക്ടറാണ്