ADVERTISEMENT

തിരുവനന്തപുരം∙ പഴങ്ങളിൽ നിന്ന് ഉൽപാദിപ്പിച്ച, കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. ഇന്ത്യയിലെ മുൻനിര വൈൻ ഉൽപാദകരായ സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലെത്താനൊരുങ്ങുന്നത്.

സംസ്ഥാനത്ത് വൈൻ ഉൽപാദനത്തിന് ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്. ആദ്യബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചുനൽകി. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബവ്റിജസ് കോർപറേഷൻ വഴി വിൽപനയ്ക്ക് നൽകുമെന്ന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാലാ വൈസ്ചാൻസലറുമായ ഡോ.ബി.അശോക് പറഞ്ഞു.

വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവ ഉപയോഗിച്ചാണ് സർവകലാശാലയിലെ വൈനറിയിൽ നിന്ന് വൈൻ ഉണ്ടാക്കിയത്. 125 ലീറ്റർ ആണ് വൈനറിയുടെ ശേഷി. വൈൻ ഉണ്ടാക്കാൻ 7 മാസം വേണമെന്ന് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ഒരുമാസം പഴച്ചാർ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനും. രാജ്യത്ത് മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് വൈൻ പോളിസിയുള്ളത്. സർക്കാർ മേഖലയിൽ വൈൻ ബോർഡ് ഉള്ളത് കർണാടകയിലാണ്. ഈ ബോർഡിന്റെ പരിശോധനയിൽ നിളയ്ക്ക് ഉന്നത മാർക്ക് ലഭിച്ചു.

750 മില്ലി ലീറ്ററിന് 1000 രൂപയ്ക്കടുത്ത് വിലയാകും. 1000 ലീറ്റർ ശേഷിയുള്ള ഹോർട്ടി വൈനറി തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കൃഷി വകുപ്പിന്റെ കീഴിലുള്ള കാബ്കോ കമ്പനിയെ ചുമതലപ്പെടുത്തി.

English Summary:

Kerala's own wine brand Nila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com