ADVERTISEMENT

വൈപ്പിൻ∙ കടലിൽ നിന്ന് കയറിയാൽ തീൻ മേശയിലേക്കായിരുന്നു പതിവുള്ള യാത്രയെങ്കിൽ കറിയാകാനല്ല, പൊടിയായി കപ്പൽ കയറാനാണ് ചാള അടക്കമുള്ള കടൽമീനുകളുടെ പുതിയ നിയോഗം. നൂറുകണക്കിന് ടൺ മീനാണ് ദിനംപ്രതി ഹാർബറുകളിൽ നിന്ന് നേരെ ഇതര സംസ്ഥാനങ്ങളിലേതടക്കമുള്ള ഫാക്ടറികളിലേക്കു കയറിപ്പോകുന്നത്.

ചാകരക്കോളുള്ള ദിവസങ്ങളിൽ ഇത് അനേകം ഇരട്ടിയായി മാറും. ഭക്ഷ്യ ആവശ്യം കഴിഞ്ഞുള്ള മീനുകൾ തെങ്ങിന് വളമാക്കാനും മറ്റും നിസാര വിലയ്ക്ക് വിറ്റഴിക്കേണ്ടി വന്നിരുന്നത് ഇപ്പോൾ പഴങ്കഥയായി. പൊടിയാക്കി മാറ്റാൻ ഏതു മീനും മോശമല്ലാത്ത വിലയ്ക്ക് വാങ്ങാൻ ഹാർബറുകൾ തോറും ആളുണ്ട്. 

പൊടി രൂപത്തിൽ മാത്രമല്ല ക്രീം ആയും കേരള തീരത്തുനിന്നുള്ള മീനുകൾ വിദേശ വിപണിയിൽ എത്തിക്കുന്നുണ്ട്. കോഴിത്തീറ്റ മുതൽ മൂല്യവർധിത ഭക്ഷ്യവിഭവങ്ങൾ വരെ ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

മീൻപൊടിക്ക് ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ളതിനാൽ നേരത്തെ മുതൽ പൊടിപൊടിച്ചാണ് കച്ചവടം. മീൻപൊടിക്കു വില കിലോഗ്രാമിന് 130 രൂപയ്ക്ക് മുകളിലാണ്. വിയറ്റ്നാം, കൊറിയ, മലേഷ്യ, തയ്‌വാൻ, ചൈന തുടങ്ങിയവയാണ് പ്രധാന വിദേശ വിപണികൾ. കറി ആവശ്യത്തിനുള്ള ചാളയ്ക്ക് കിലോഗ്രാമിന് നൂറു രൂപ വരെ വിലയുള്ളപ്പോൾ കിലോഗ്രാമിന് 45 രൂപ വരെ നൽകിയാണ് പൊടിയാക്കാനായി ഏജന്റുമാർ ചാള എടുക്കുന്നത്.

കിളിമീൻ ക്രീം രൂപത്തിലാണ് കയറ്റിപ്പോകുന്നത്. ഇവ വിദേശത്ത് വിവിധതരം കടൽവിഭവങ്ങളുടെ എസൻസ് ചേർത്ത് മറ്റു വിഭവങ്ങളാക്കി മാറ്റുന്നു.പച്ച മീൻ ഇട്ടുകൊടുത്താൽ പൊടിയായി പുറത്തേക്കു വരുന്ന അത്യാധുനിക സൗകര്യമുള്ള ഫാക്ടറികൾ കേരളത്തിലും ഉണ്ടെങ്കിലും ബിസിനസ് മുഖ്യമായും നടക്കുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ്. ബോട്ടുകൾക്ക് വള്ളങ്ങൾക്കും നല്ല ചരക്കുള്ള ദിവസങ്ങളിൽ 300ടൺ വരെ മീൻ വൈപ്പിനിൽ നിന്ന് പൊടിയാക്കാൻ കയറ്റിപ്പോകുന്നുണ്ട്. 

കേരളത്തിലെ മൊത്തം കണക്കെടുക്കുമ്പോൾ ഇത് 8000–10,000 ടൺ വരെ വരുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

English Summary:

Fish products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com