ADVERTISEMENT

കോവിഡ് ഉയർത്തിയ ഭീഷണിയിൽ ആടിയുലഞ്ഞ മലയാളി കുടുംബങ്ങളിലെ വിട്ടുമാറാത്ത സാമ്പത്തിക ഭീതി, ചെലവുകൾ നിയന്ത്രിച്ചേ മതിയാകൂ എന്ന തിരിച്ചറിവ് മൂന്നിൽ രണ്ടു കുടുംബങ്ങളിലുമുണ്ടാക്കി. വരും കാല സാമ്പത്തികസ്ഥിതിയെക്കുറിച്ച്, നാലിൽ മൂന്ന് കുടുംബങ്ങളിലെങ്കിലും ആശങ്കകൾ നിലനിൽക്കുന്നതായി കാണാം. വഴിപാടു പോലെ, ഫോം പൂരിപ്പിക്കുന്ന തരത്തിൽ കുടുംബ ബജറ്റ് തയാറാക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കങ്ങളെ മറികടക്കാനും മിച്ച സമ്പാദ്യം വർധിപ്പിച്ചെടുക്കുന്നതിനുമുള്ള ശക്തമായ അതിജീവന ഉപകരണങ്ങളായി ബജറ്റിനെ പ്രയോജനപ്പെടുത്താം.

ചെലവുകൾക്കു മുൻപേ മിച്ചം കാണണം

വരുമാനത്തിൽ നിന്നു ചെലവു കുറച്ച് ബാക്കി തുക മിച്ച സമ്പാദ്യമെന്ന് കരുതുന്ന പരമ്പരാഗത സമവാക്യം മാറ്റിപ്പിടിക്കാൻ കുടുംബ ബജറ്റിലൂടെ സാധ്യമാകും. വരുമാനത്തിൽ നിന്ന് ഉറപ്പായും മിച്ചം പിടിക്കേണ്ട തുക എത്രയാണെന്ന് ആദ്യംതന്നെ ഉറപ്പാക്കി ബജറ്റിൽ രേഖപ്പെടുത്തണം. ഇതു കിഴിവു ചെയ്ത് ബാക്കി വരുന്ന തുക മാത്രമേ ചെലവാക്കാൻ ലഭ്യമുള്ളൂവെന്ന് മുൻകൂട്ടി തീരുമാനിക്കുകയും വേണം. മാത്രമല്ല വരുമാനം പണമായെത്തുന്ന സേവിങ്സ് അക്കൌണ്ടുകളിൽ നിന്ന് നിക്ഷേപമാക്കേണ്ട സമ്പാദ്യത്തുക മാസം തോറും സ്വയമേവ മുൻകൂർ കുറവ് ചെയ്തെടുക്കാൻ സ്റ്റാൻഡിങ് ഇൻസ്ട്രക്‌ഷൻ നൽകി മിച്ചം പിടിക്കുന്നത് ഉറപ്പാക്കാ

അക്ഷരാർഥത്തിൽ  ധനമന്ത്രിയാകാം

ആഡംബരച്ചെലവുകൾ പാടെ ഒഴിവാക്കാനാകില്ല. കൂട്ടുകാരോടൊത്ത് ഒരാഘോഷം, വിനോദയാത്ര തുടങ്ങിയവയ്ക്ക് പണം ചെലവാക്കുമ്പോൾ സാധാരണ ധനമന്ത്രിമാർ എടുക്കുന്ന സമീപനം ഇവിടെയും ഗുണം ചെയ്യും. അത്തരം ചെലവിനങ്ങൾ നടത്തുമ്പോൾ നികുതി എന്ന നിലയിൽ ഒരു തുക കൂടി മാറ്റി വയ്ക്കണം. ഒഴിവാക്കാനാകുന്ന ഇനങ്ങളിൽ പണം ചെലവു ചെയ്യുമ്പോൾ ഇത്തരത്തിൽ മാറ്റിവയ്ക്കുന്ന തുക മിച്ച സമ്പാദ്യത്തിലേക്കു കൂട്ടുകയും വേണം.

ഉപഭോഗ വസ്തുക്കൾ ചോർച്ചയുണ്ടാക്കും

വിപണിയിൽ ഏറ്റവും കൂടുതൽ വിപണന തന്ത്രങ്ങൾ ഉപയോഗിച്ച് വിറ്റഴിക്കപ്പെടുന്നവയാണ് കൺസ്യൂമർ ഗുഡ്സ് എന്നറിയപ്പെടുന്ന ഉപഭോഗവസ്തുക്കൾ. അടിസ്ഥാനപരമായി ഒരു ഗ്രാം അല്ലെങ്കിൽ 100 മില്ലിലീറ്റർ വസ്തുക്കൾക്ക് എന്തു വില വരുമെന്ന് ഉപയോക്താവ് എളുപ്പത്തിൽ കണ്ടുപിടിക്കാതിരിക്കാനായി വിചിത്രമായ 75 ഗ്രാം, 130 ഗ്രാം, 370 ഗ്രാം തുടങ്ങിയ പാക്കറ്റുകളിൽ ഉൽപന്നങ്ങൾ ഇറക്കുന്നു. നൂറോ ഇരുന്നൂറോ മില്ലിഗ്രാം വേണ്ട ഉപഭോഗ വസ്തു ഒന്നോ രണ്ടോ ലിറ്ററിന്റെ വലിയ പാക്കറ്റുകളിലാക്കി ഓഫർ നൽകി വാങ്ങാൻ പ്രലോഭിപ്പിക്കുമ്പോൾ ബജറ്റിലുണ്ടാകുന്ന ചോർച്ച മനസ്സിലാക്കണം. മാസത്തിൽ മൂന്നോ നാലോ തവണ മാത്രം ഉപയോഗിക്കേണ്ടിവരുന്ന വസ്തുക്കൾ 5 രൂപയ്ക്കും 10 രൂപയ്ക്കും ചെറുപായ്ക്കറ്റുകളിൽ കിട്ടുന്ന സാഷേകളായി വാങ്ങി ആദായകരമായി ഉപയോഗം നടത്താം. പണച്ചോർച്ച തടയുകയുമാകാം.

ചില ചെലവുകൾ താമസിപ്പിക്കാം

ഉയർന്ന വിലയുള്ള ഉപകരണങ്ങളും മറ്റും വാങ്ങുന്നത് ഒന്നോ രണ്ടോ മാസത്തേക്ക് മനഃപൂർവം താമപ്പിക്കാവുന്നതാണ്. രണ്ടോ മൂന്നോ മാസങ്ങളിലായി മറ്റ് ചെലവുകൾ നിയന്ത്രിച്ച് ഇതിന് വേണ്ടി വരുന്ന തുക മറ്റു ചെലവുകളിൽ മിച്ചം പിടിച്ചു സമാഹരിക്കാൻ ശ്രമിക്കാം. ഉപകരണങ്ങളുടെ ആവശ്യകത യാഥാർഥ്യമായിരുന്നോ എന്ന് ഇതിനിടയിൽ വിലയിരുത്താനും സാധിക്കും. പലപ്പോഴും ഉപകരണങ്ങൾക്ക് വിപണിയിൽ വിലകുറയുന്നതിന്റെയോ വരാൻ സാധ്യതയുള്ള ഓഫറുകളോ പ്രയോജനപ്പെടുത്തിയാൽ ചെലവു കുറയ്ക്കാം.

ആരോഗ്യപരിപാലന ചെലവ് നിയന്ത്രിക്കാം

കോവിഡനന്തരം ശരാശരി മലയാളിയുടെ കുടംബബജറ്റിൽ ആരോഗ്യ പരിപാലന ചെലവ് കുത്തനെ ഉയർന്നതായി കാണാം. മരുന്നിനും മറ്റും ചെലവാക്കുന്ന തുക നിയന്ത്രിക്കുന്നതിനായി പൊതുജനാരോഗ്യകേന്ദ്രങ്ങളെയും സർക്കാർ ആശുപത്രികളെയും കൂടുതലായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണം. എന്തിനും ഏതിനും വില കൂടിയ മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നതിനുള്ള അനിയന്ത്രിത ആവേശം കുറയ്ക്കുകയും വേണം. മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതും കുടുംബാംഗങ്ങളെ എല്ലാം പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുന്ന രീതിയിലും ആവശ്യത്തിന് പരിരക്ഷാ തുക ഉറപ്പാക്കുകയും വേണം.

വളർത്തു മൃഗങ്ങൾ വരുമാനം വർധിപ്പിക്കണം

അടുത്ത കാലത്തായി മുന്തിയ ഇനം നായ്ക്കൾ, പൂച്ചകൾ, വില കൂടിയ അലങ്കാര മത്സ്യങ്ങൾ, വിലയേറിയ ചെടിയിനങ്ങൾ തുടങ്ങിയവ വളർത്തുന്നതിനായി പണം ചെലവാക്കുന്ന പ്രവണത മലയാളി കുടുംബങ്ങളിൽ കൂടി വരുന്നു. ഇവയെ വളർത്തുന്നതോടൊപ്പം അവയുടെ കുഞ്ഞുങ്ങളെയോ ചെറുചെടികളേയോ ഉൽപാദിപ്പിച്ച് വിപണനം നടത്തി മുടക്കിയ തുക തിരിച്ചു പിടിക്കാൻ കൂടി ശ്രമിച്ചാൽ പണച്ചോർച്ച തടയാം. വളർത്തുമൃഗങ്ങളെ എല്ലാം തന്നെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരാനും ശ്രദ്ധിക്കണം.

ഡിജിറ്റൽ ഇടപാടുകൾ നിയന്ത്രിക്കണം

ചെലവിനങ്ങൾക്കായി പണമെടുത്ത് നൽകുമ്പോഴുണ്ടാകുന്ന മാനസിക വിഷമം ഡിജിറ്റൽ ഇടപാടുകളിൽ പ്രകടമാകില്ല. ഫലപ്രദമായി ചെലവുകൾ നിയന്ത്രിക്കാൻ സ്വയം നിയന്ത്രണം വേണം.

പാൽ, മുട്ട ചുരുക്കരുത്

ഭക്ഷ്യ വസ്തുക്കൾക്ക് വിലകയറുമ്പോൾ ചെലവു നിയന്ത്രിക്കാനായി അവയുടെ ഉപയോഗം കുറയ്ക്കുന്നതു സ്വാഭാവികമാണ്. ഭക്ഷ്യവസ്തുക്കൾക്കായി ബജറ്റ് ചെയ്തിട്ടുള്ള തുകയിൽ ധാന്യങ്ങൾ മുതലായവ ചുരുക്കിയാലും അടിസ്ഥാന സംരക്ഷണ പോഷണങ്ങൾ നൽകുന്ന പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവ കൂടുതലായി ചുരുക്കുന്നതു കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

ഉള്ളതു വച്ച് നിക്ഷേപം തുടങ്ങാം

കുടുംബ ബജറ്റ് തയാറാക്കുന്നതിന്റെ ആദ്യമാസങ്ങളിൽ വരവും ചെലവും കൂട്ടിമുട്ടിക്കാനായി ശ്രമിക്കുമ്പോൾ ചുരുങ്ങിയ തുകയെങ്കിലും മിച്ച സമ്പാദ്യമായി കാണാൻ ശ്രമിക്കണം. എത്ര കുറഞ്ഞ തുകയാണെങ്കിൽ പോലും ആവർത്തന നിക്ഷേപങ്ങൾ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ എന്നിങ്ങനെ നിക്ഷേപ അക്കൗണ്ടുകൾ തുടങ്ങാൻ ശ്രമിക്കണം.

കരുതൽ പുനഃസൃഷ്ടിക്കണം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് മുൻപ് സ്വർണാഭരണങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങി മിക്ക കുടുംബങ്ങളിലും മെച്ചപ്പെട്ട കരുതൽ ശേഖരം ഉണ്ടായിരുന്നത് എടുത്തുപയോഗിച്ചതാണ് ഇപ്പോഴുള്ള സാമ്പത്തിക ഭയപ്പാടിന്റെ അടിസ്ഥാനം. ഇവ വീണ്ടും സൃഷ്ടിച്ചെടുക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ കുടുംബ ബജറ്റിലൂടെ പുനഃസൃഷ്ടിക്കുന്നതിനു ചെലവുകൾ നിയന്ത്രിച്ചേ മതിയാകൂ. 

(അവസാനിച്ചു)

English Summary:

Household budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com