ADVERTISEMENT

അഴിമതി ഒരു നീരാളിയെന്നപോലെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ചുറ്റിപ്പിടിച്ചിരിക്കുന്നു. മായം,ചതി,വഞ്ചന എന്നിവ നെല്ലും പതിരും തിരിച്ചറിയാൻ കഴിയാത്ത വിധം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഇതെല്ലാം നിയന്ത്രിക്കേണ്ട സർക്കാറിനോട് ഏതു സാധാരണക്കാരനും ഒരു കാര്യം  ചോദിക്കാനുണ്ടാവും. അതിനാണ് വിവരാവകാശ നിയമം!

സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം സമ്പാദ്യം മാസികയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

എല്ലാ നിയമ നിർമ്മാണത്തിനും ഒരു ലക്ഷ്യമുണ്ടല്ലോ. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം എന്താണ്?

∙അഴിമതി ഇല്ലാതാക്കുക,സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും കൈവരുത്തുക, ഉദ്യോഗസ്ഥർക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം വർധിപ്പിക്കുക, സർക്കാറിലെ വിവരങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2005ൽ ഇന്ത്യൻ പാർലമെൻറ് വിവരാവകാശ നിയമം പാസാക്കിയത്.

വിവരാവകാശം എന്ത് തരം വിവരത്തിനുള്ള അവകാശമാണ്?

∙സർക്കാർ പണം നേരിട്ടോ പരോക്ഷമായോ വിനിയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളിലുമുള്ള വിവരങ്ങൾ പൗരന് ലഭിക്കാനുള്ള അവകാശമാണ്.

സർക്കാർ പണം വിനിയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നത് വിശദമാക്കാമോ?

∙ശമ്പളം, പ്രവർത്തന മൂലധനം, ഗ്രാൻറ്, ബജറ്റ് വിഹിതം തുടങ്ങിയ മാർഗങ്ങളിലൂടെ സർക്കാർ പണം ചെലവിടുന്ന എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. വില്ലേജ് ഓഫീസ് മുതൽ സെൻട്രൽ സെക്രട്ടേറിയറ്റ് വരെയും പഞ്ചായത്ത് ഓഫീസ് മുതൽ പാർലമെൻറ് വരെയും ഇതിന്റെ പരിധിയിൽ വരും. ഗ്രാമ സേവകൻ മുതൽ രാഷ്ട്രപതി കാര്യാലയം വരെ ആരും ഇതിൽ നിന്ന് ഒഴിവല്ല.

വ്യാപാര വ്യവസായ സ്ഥാപനങ്ങളും കാർഷിക, സ്വയം തൊഴിൽ സംരംഭങ്ങളും സ്വകാര്യ മേഖലയിലാണല്ലോ?

∙ഇവ എല്ലാം സ്വകാര്യ മേഖലയിലല്ല. സർക്കാർ നേരിട്ടു നടത്തുന്നവയും സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്നവയുമെല്ലാമുണ്ട്.

ഈ എല്ലാ സ്ഥാപനങ്ങളും ഏതെങ്കിലും വിധത്തിൽ ആർടിഐ യുടെ പരിധിയിൽ വരും.

വിശദമാക്കാമോ?

വ്യാപാര സ്ഥാപനങ്ങൾ പ്രധാനമായും ജി.എസ്.ടി വഴിയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് പോലുള്ള നടപടി ക്രമങ്ങളിലൂടെയും ബില്ല്, പരസ്യം തുടങ്ങിയ രേഖകളിലൂടെയും ലേബർ നിയമങ്ങൾ വഴിയുമെല്ലാം വിവരാവകാശ നിയമ പ്രകാരം പൗരനോട് മറുപടി പറയേണ്ടവരാണ്. അതിന് ബന്ധപ്പെട്ട ഓഫീസർമാർ ആ വിവരം ശേഖരിച്ച് പൗരന് നല്കണം. വിലവിവരപ്പട്ടികപോലും ഇതിന്റെ ഭാഗമാകും.

വ്യവസായ കാർഷിക സ്വയം തൊഴിൽ സംരംഭങ്ങളുമെല്ലാം ജനങ്ങൾക്ക് അറിയേണ്ട വിവരങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ് .

സ്വകാര്യ ബസുകളുടെ സ്റ്റോപ്പും സമയക്രമവും വരെ ഈ നിയമ പ്രകാരം ലഭിക്കും .

വ്യവസായിയും കർഷകനും ഇതിൽ പെടുമോ ?

∙പെടും. വ്യവസായിയുടെ ലൈസൻസുകൾ,പെർമിറ്റുകൾ, അയാൾ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ തുടങ്ങിയവയെല്ലാം അറിയാൻ പൗരന് അവകാശമുണ്ട്. അയാൾ ബന്ധപ്പെട്ട സർക്കാർ ഓഫീസ് മുഖാന്തിരം ആവശ്യപ്പെടണം. 

ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ നിരോധിക്കപ്പെട്ട കീടനാശിനി ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ പരിസരവാസികൾക്ക് അവകാശമുണ്ട്.

വ്യവസായത്തിന്റെ ലാഭ ചേത കണക്കുകൾ നല്കണമെന്നു വന്നാൽ?

വേണ്ട, ഒരു വ്യവസായ സ്ഥാപനത്തിന്റെ വിജയരഹസ്യങ്ങൾ, അവരുടെ മത്സര സ്വഭാവത്തെ ബാധിക്കുന്നതോ മാർക്കറ്റിങ് രഹസ്യങ്ങളോ ഒന്നും ലഭിക്കില്ല.

ഒരു സ്ഥാപനം പുതുതായി ആരംഭിക്കാനിരിക്കുന്ന സംരംഭം സംബന്ധിച്ച് സർക്കാർ ഓഫീസിൽ സമർപ്പിക്കപ്പെട്ട രേഖകൾ, ആദ്യമായി പുറത്തിറക്കാൻ പോകുന്ന ഉത്പന്നങ്ങൾ എന്നിവയെ സംബന്ധിച്ച് ചോദിച്ചാൽ വിവരം ലഭിക്കില്ല.

ഒരു സ്ഥാപനത്തിന്റെ വ്യാപാര വളർച്ചയോ തളർച്ചയോ അനവസരത്തിൽ വെളിവാക്കുന്നത് ആ സ്ഥാപനത്തിന് ദോഷം ചെയ്യുമെന്ന് കണ്ടാൽ ആ വിവരം കൊടുക്കേണ്ടതില്ല.

രാജ്യസുരക്ഷ, വിശ്വാസാധിഷ്ഠിത ബന്ധത്താൽ കൈമാറി ലഭിച്ച വിവരം എന്നിവയൊന്നും നല്കേണ്ടതില്ല.

അതുകൊണ്ടാണോ പല വിവരങ്ങളും കിട്ടാത്തത് ?

∙വിവരങ്ങൾ കിട്ടാത്തത് മിക്കപ്പോഴും നിയമം അനുവദിക്കാത്തതിനാലല്ല. ചില ഉദ്യോഗർക്ക് ചിലതൊക്കെ മറച്ചു വയ്ക്കാനുള്ളതുകൊണ്ടാണ്. അത്തരം അവസരങ്ങളിൽ വിവരാവകാശ കമ്മിഷന് ഇടപെടാം.

അതേസമയം വിവരാവകാശ നിയമം എല്ലാ വിവരങ്ങളും എപ്പോഴും പറയാൻ വേണ്ടിയുള്ളതല്ല. പറയേണ്ടവ വ്യക്തമായി പുറത്തു പറയാനും അനുവദനീയമല്ലാത്ത വിവരങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി പറയാതിരിക്കാനുമുള്ളതാണ്.

English Summary:

Know More About Right to Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com