വ്യാപാരികളാണ് യഥാര്‍ഥ ഹീറോകളെന്ന് കസ്റ്റംസ് കമ്മീഷണര്‍

Mail This Article
സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ് വ്യാപാരി സമൂഹമെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരന്‍ സിങ് ബയിന്‍സ്. വ്യാപാരവും വാണിജ്യവും സക്രിയമായി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അടുത്തിടെ കൊച്ചി കസ്റ്റംസ് ഹൗസില്‍ ചുമതലയേറ്റെടുത്ത ഐആര്‍എസ് ഓഫീസറായ ഗുര്‍കരന്‍ പറഞ്ഞു. മനോരമ ക്വിക്ക് കേരളയുമായി സഹകരിച്ച് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച എക്‌സിം സമ്മിറ്റ് 2023-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നടക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന യഥാര്‍ത്ഥ ഹീറോകള്‍ നിങ്ങളാണ്. നിങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കരുത്ത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് മറ്റ് സ്ഥാപനങ്ങളെയും സര്‍ക്കാരിനെയുമെല്ലാം ഉത്തേജിപ്പിക്കുന്നതും നാടിന്റെ വരുമാനം കൂട്ടാന്‍ സഹായിക്കുന്നതും-കയറ്റുമതിക്കാരും ഇറക്കുമതിക്കാരും വ്യാപാരികളുമെല്ലാം പങ്കെടുത്ത പരിപാടിയില്‍ കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.
വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതില്‍ ചലനാത്മകമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കാരണം സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ആത്യന്തിക പരിഹാരമാണ് അത്. പുരോഗതി നേടാനുള്ള ഏക മാര്‍ഗവും അതുതന്നെ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ വഴിയുള്ള വ്യാപാരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ മാറ്റമാണുണ്ടാകുന്നതെന്നും നിരവധി കാര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടുകയും ലളിതവല്‍ക്കരിക്കപ്പെടുകയും ചെയ്‌തെന്ന് ഗുര്‍കരണ്‍ വ്യക്തമാക്കി.
തുറമുഖ മേഖലയില്‍ വെല്ലുവിളികള്‍

കയറ്റുമതിയിലും ഇറക്കുമതിയിലും കണ്ടെയ്‌നര്‍ മാനേജ്‌മെന്റിലുമെല്ലാം പലതരത്തിലുള്ള വെല്ലുവിളികളാണ് വിവിധ വ്യവസായങ്ങള്‍ നേരിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസിനെക്കുറിച്ച് സര്‍ക്കാര്‍ എപ്പോഴും വാചാലരാകാറുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തുറമുഖവുമായി ബന്ധപ്പെട്ട ചെറിയ തൊഴില്‍ പ്രശ്‌നം പോലും പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്-ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
'ബ്രിഡ്ജിങ് ബോര്‍ഡേഴ്‌സ്; അണ്‍ലോക്കിങ് എക്‌സിം പൊട്ടന്‍ഷ്യല്‍' എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എക്‌സിം ഉച്ചകോടി നടന്നത്. കയറ്റുമതിയും ഇറക്കുമതിയുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ മാനേജിങ് പാര്‍ട്ണര്‍ അലക്‌സ് കെ നൈനാന്‍, മലയാള മനോരമ വൈസ് പ്രസിഡന്റ് പി പി പ്രകാശ്, പ്ലാന്റ് ലിപിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ അനില്‍ കുമാര്‍ രാധാകൃഷ്ണന്‍, കാല്ലിഡസ് ലീഗല്‍ മാനേജിങ് പാര്‍ട്ണര്‍ ജോയ് തട്ടില്‍ ഇട്ടൂപ്പ് തുടങ്ങിയവരാണ് കയറ്റുമതി– ഇറക്കുമതി മേഖലയിലുള്ളവർ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച സെഷനില്‍ പങ്കെടുത്തത്.
കൊച്ചിന്‍ ചേംബര്‍ മുന്‍ പ്രസിഡന്റും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ആന്‍ഡ് മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്ററുമായ കെ ഹരികുമാര്‍ സെഷന്‍ മോഡറേറ്റ് ചെയ്തു.
നിറ്റ ജെലാറ്റിന്‍ ഇന്ത്യ ജനറല്‍ മാനേജര്‍ റിയാസ് ഖാന്‍, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് പ്രൊജക്റ്റ്‌സ് ഹെഡ് സുനില്‍ കുമാര്‍ അയ്യപ്പന്‍, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ട്രാഫിക് മാനേജര്‍ വിപിന്‍ ആര്‍ മേനോത്ത്, കേരള സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിനു കെ എസ് തുടങ്ങിയവര്‍ ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ എക്‌സിം ട്രേഡ് എന്ന സെഷനില്‍ പങ്കെടുത്തു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സിഇഒയും കൊച്ചിന്‍ ചേംബര്‍ പ്രസിഡന്റുമായ ആനന്ദ് വെങ്കിട് രാമന്‍ സെഷന്‍ മോഡറേറ്റ് ചെയ്തു.

ട്രാന്‍സാക്ഷന്‍ ചെലവുകള്‍ എങ്ങനെ ചുരുക്കാമെന്നത് സംബന്ധിച്ച സെഷനില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ സാജന്‍ ബി നായര്‍, കൊച്ചിന്‍ കണ്ടെയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ടോമി തോമസ്, ഷോര്‍ട്ട് സീ ഷിപ്പിങ് ആന്‍ഡ് എന്‍വിഒസിസി റെനസ് എ ആന്‍ഡ് ഒ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ കിരണ്‍ ബി നന്ദ്രെ, ഗ്ലോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്ററും സ്ഥാപകനുമായ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിന്‍ ചേംബറിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പറും മറൈന്‍ കണ്ടെയ്‌നര്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജരുമായ പ്രകാശ് അയ്യര്‍ സെഷന്‍ മോഡറേറ്റ് ചെയ്തു.
മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് എസ് പി കമ്മത്ത്, മുൻ പ്രസിഡന്റ് വി വേണുഗോപാൽ എന്നിവരും സംസാരിച്ചു.