ADVERTISEMENT

കൊച്ചി ∙ പ്രതിവർഷം ശരാശരി 7 – 7.5 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, കൂടുതൽ ക്രെയിനുകൾ സ്ഥാപിച്ചു കണ്ടെയ്നർ കൈകാര്യ ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി. നിർമാണം പുരോഗമിക്കുന്ന പുതിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ അടുത്ത വർഷം സജ്ജമാകുന്നതും വല്ലാർപാടം ടെർമിനൽ കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും എന്നാണു ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡിന്റെ പ്രതീക്ഷ. 10 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ടെർമിനൽ ശേഷിയുടെ 75% വിനിയോഗിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ടം വികസനത്തിലേക്കു കടന്നത്. 

കാർബൺ മുക്ത ടെർമിനൽ

ടെർമിനൽ വികസനത്തിന്റെ ഭാഗമായി 4 പുതിയ ഇലക്ട്രിക് ആർടിജി (റബർ ടയർഡ് ഗാൻട്രി) ക്രെയിനുകൾ എത്തിച്ചു. ഇലക്ട്രിക് ക്രെയിനുകൾ ആയതിനാൽ 2030ന് അകം കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ 28% കുറയ്ക്കുകയെന്ന ഡിപി വേൾഡിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനും സാധിക്കും. ഇവയ്ക്കു പുറമേ ഡിസംബറിൽ രണ്ട് അത്യാധുനിക എസ് ടി എസ് (ഷിപ്പ് - ടു - ഷോർ) മെഗാ മാക്സ് ക്രെയിനുകളും എത്തും. നിലവിലെ ആർടിജികളുടെ സമ്പൂർണ വൈദ്യുതീകരണത്തിനും നടപടിയുണ്ട്. പരിസ്ഥിതി സുസ്ഥിരതയോടെ ബിസിനസ് എന്ന ഡിപി വേൾഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പു കൂടിയാകും ഇത്. 

കുറഞ്ഞ സമയത്തിൽ ചരക്കു നീക്കം 

പ്രവർത്തന മികവും ഉയർന്ന നിലവാരത്തിലുള്ള സേവനവും ലക്ഷ്യമിട്ടാണു  ഡിപി വേൾഡ് കൊച്ചി പ്രവർത്തിക്കുന്നതെന്നു സിഇഒ പ്രവീൺ തോമസ് ജോസഫ് പറഞ്ഞു.  ഇക്കൊല്ലം പുതിയ സർവീസ് ലൈനുകൾ ആരംഭിക്കാൻ കഴിഞ്ഞു. പുതിയ ആർടിജി ക്രെയിനുകൾ കണ്ടെയ്നർ നീക്കം കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ സമയത്തിൽ കണ്ടെയ്നർ നീക്കം (ടേൺ എറൗണ്ട് ടൈം) നടക്കുന്ന ടെർമിനലുകളിലൊന്നാണു വല്ലാർപാടം.

English Summary:

Vallarpadam terminal Ready to increase capacity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com