ADVERTISEMENT

കൊച്ചി ∙ 10 – 12 വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും. 2035ൽ സംസ്ഥാനത്തിന്റെ 95% പ്രദേശങ്ങളും നഗര സ്വഭാവം കൈവരിക്കുമെന്നാണു സൂചന. കഷ്‌മൻ ആൻഡ് വെയ്ക്ഫീൽഡ് ഇന്ത്യ റിസർച് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. അതിദ്രുതം വ്യവസായവൽക്കരണം നടക്കുന്ന തെലങ്കാനയാണു രണ്ടാമത്; 57%. കർണാടക മേഖല 50%. ദേശീയ ശരാശരി 39% മാത്രം. 2011 ജനസംഖ്യാ കണക്കെടുപ്പിൽ 48% മാത്രമായിരുന്നു കേരളത്തിലെ നഗരവൽക്കരണം!

വളർച്ചയിൽ പാലക്കാട്, കോഴിക്കോട് തൃശൂർ

കേരളത്തിലെ എല്ലാ ജില്ലകളുംതന്നെ അതിവേഗം വികസിക്കുകയും നഗര സ്വഭാവം ആർജ്ജിക്കുകയും ചെയ്യുന്നുവെന്നതാണു വലിയ പ്രത്യേകത. രാജ്യത്തെ അതിവേഗം വളരുന്ന 10 നഗരങ്ങളിൽപ്പെടുന്ന കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകൾ മാത്രമല്ല, പാലക്കാടും കോഴിക്കോടും തൃശൂരുമൊക്കെ അതിവേഗം നഗരവൽക്കരണത്തിന്റെ വഴിയിലാണ്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, എല്ലാ ജില്ലകൾക്കും ഏറെക്കുറെ വികസന രീതിയിൽ സമാനതകളുള്ളതും കേരളത്തിന്റെ നഗരവൽക്കരണത്തിനു വേഗം കൂട്ടുന്നതായി പഠനം വ്യക്തമാക്കുന്നു.

പൊന്നും വിലയിൽ മറൈൻ ഡ്രൈവും ശാസ്തമംഗലവും

കൊച്ചിയിലും തിരുവനന്തപുരത്തും പൊന്നും വിലയുള്ള ചില മേഖലകളുണ്ട്. കൊച്ചിയിൽ ഏറ്റവും വിലയേറിയ പാർപ്പിട മേഖല മറൈൻ ഡ്രൈവ് തന്നെ. ചതുരശ്ര അടിക്കു വില 10,000 –13,000 രൂപ! തൊട്ടു പിന്നിൽ പനമ്പിള്ളിനഗറാണ്; 7,000 – 9,500 രൂപ. ഐടി നഗരമായ കാക്കനാടാണു മൂന്നാമത്. ചതുരശ്ര അടിക്കു വില 5,800 – 7,000 രൂപ. വ്യവസായ മേഖലകളും ഷോപ്പിങ് മാളുകളും ഉൾക്കൊള്ളുന്ന കളമശേരിയിൽ 5,500 – 6,500 രൂപ. തിരുവനന്തപുരത്തെ നക്ഷത്ര േമഖലയായ കവടിയാറിൽ വില 8,000 – 10,000 രൂപ. 

ശാസ്തമംഗലത്തു ചതുരശ്ര അടിക്കു വില 6,000 – 9,000 രൂപ. ദേശീയ പാത 66ൽ ആക്കുളം പാലം മേഖല തൊട്ടു പിന്നിലുണ്ട്; വില 5,000 – 8,500 രൂപ.

English Summary:

Within 12 years, 'Kerala is a single city'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com