ADVERTISEMENT

ബിസിനസിൽ നിന്നു പെട്ടെന്ന് അമിതമായി പണം വന്നു കുമിഞ്ഞാൽ എന്തൊക്കെ സംഭവിക്കാം? അന്തംവിട്ട മാതിരി ചെലവു ചെയ്യും, ആഡംബരങ്ങൾ വാങ്ങിക്കൂട്ടും, അതോടൊപ്പം പണം കൈകാര്യം ചെയ്തു പരിചയമില്ലാത്തവരെ ചതിക്കാനും കൊന്നിട്ടായാലും മുതലുകൾ സ്വന്തമാക്കാനും സുഹൃത്തുക്കളായി ഭാവിച്ചു പലരും വന്നുകൂടും.

ഹോളിവുഡ് മഹാ സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നത് അത്തരമൊരു ചരിത്രമാണ്. അമേരിക്കയിലെ ഒസേജ് എന്ന റെഡ് ഇന്ത്യക്കാരുടെ സമൂഹത്തിന് 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൻ ലോട്ടറിയടിച്ചു. അവരുടെ ഓക്‌ലഹോമയിലെ ഒന്നുമില്ലാത്ത നാട്ടിൽ പെട്രോളിയം കണ്ടെത്തി. എവിടെ കുഴിച്ചാലും എണ്ണ! കുഴിച്ചെടുത്തു വിറ്റ് കണക്കറ്റു പണം വന്നു കൂടി. ഗൾഫിൽ എണ്ണ കണ്ടുപിടിക്കുന്നതിന് എത്രയോ മുൻപ്!

റെഡ് ഇന്ത്യൻ ആദിവാസികൾക്ക് പെട്ടെന്നു കാശു വന്നപ്പോൾ–സർവ ആഡംബരങ്ങളും വാങ്ങിക്കൂട്ടി. അക്കാലത്തെ ബ്യൂക്ക്, റോൾസ് റോയ്സ് കാറുകളും, വജ്രാഭരണങ്ങളും മുന്തിയ സ്കോച്ചുകളും, വമ്പൻ ബംഗ്ലാവുകളും...! വെള്ളക്കാരും അവിടെ വന്നു പാർപ്പു തുടങ്ങി. ഒസേജ് ഇന്ത്യൻസ് ലോകത്തിലെ ഏറ്റവും ധനിക സമുദായം ആയിരുന്നത്രെ. അങ്ങനെ കാശുവരുമ്പോൾ കുറച്ചൊക്കെ പൊട്ടിക്കാം, കൂടുതൽ ഷോ കാണിച്ചാൽ വഞ്ചകർ അടുത്തുകൂടുമെന്നാണ് ആഗോളപാഠം.

കൊലകൾ 60ൽ ഏറെ നടന്നത്രെ. ഇൻഷുറൻസ് തട്ടിയെടുക്കാനും കൊല. ഒസേജ് പെണ്ണിനെ സായിപ്പ് കല്യാണം കഴിച്ച് കുറേശെ വിഷംകൊടുത്തു കൊന്നുവരെ സ്വത്തു തട്ടിയെടുക്കൽ നടന്നു. കൊലകൾ അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നൊരു സംവിധാനമുണ്ടാക്കി. അതാണ് പിന്നീട് എഫ്ബിഐ ആയത്. അവരുടെ ആദ്യ കേസ് ആയിരുന്നു ഒസേജ് കൊലകൾ. മാന്യൻമാരായി നടിച്ചിരുന്ന വെള്ളക്കൊലയാളികളെ പിടികൂടി തുറുങ്കിലടച്ചു.

ഇന്ത്യയിലും ഇത്തരം കഥകളൊരുപാടുണ്ട്. ഡൽഹി ഉപഗ്രഹ നഗരമായ ഗുഡ്ഗാവ് പണ്ട് വെറും ഗോതമ്പ്–ബജ്റ–കടുക് പാടങ്ങളായിരുന്നു. ഐടി വന്നു കേറി സ്ഥലവില കൂടി, വൻ വ്യവസായ നഗരമായി. ബിൽഡർമാർ വയലുകൾ വാങ്ങിക്കൂട്ടി ഗ്ലാസ്–സ്റ്റീൽ അംബരചുംബികളുണ്ടാക്കി. ഏക്കറിന് വില 10 കോടി നിസ്സാരം! വർഷം കഷ്ടി–പിഷ്ടി 15000 രൂപ കൃഷിയിൽ നിന്നു കിട്ടിയാൽ ഭാഗ്യം എന്ന അവസ്ഥയിലായിരുന്ന കർഷകരുടെ കയ്യിൽ ഭൂമിവില പത്തും മുപ്പതും കോടി വന്നു മറിഞ്ഞു!

ഇതെന്ത് ചെയ്യും? വില്ലകൾ, വജ്രങ്ങൾ, ഫോറിൻ കാറുകൾ, സ്കോച്ചുകൾ... ഹാർട്ട് അറ്റാക്കും ഡയബെറ്റിസും വന്നു കൂടിയത്രെ. പാടത്ത് പണിയെടുത്തിരുന്നപ്പോൾ ഇല്ലാതിരുന്ന അസുഖങ്ങളെല്ലാം മെത്തയിൽ കിടന്നു പിത്തംപിടിച്ചപ്പോൾ വന്നു.

ഒ‌ടുവിലാൻ∙ കേരളത്തിൽ ഹൈവേക്കു സ്ഥലം വിട്ടുനൽകുന്നവർക്കും ഏതാണ്ട് ഇതേ അവസ്ഥയാണ്. കാശ് കുമിയുന്നു. സിനിമാക്കഥയ്ക്കു സ്കോപ്പുണ്ട്.

English Summary:

Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com