ADVERTISEMENT

തിരുവനന്തപുരം∙ ഈ വർഷം തന്നെ സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി ലഭിച്ചേക്കും. നിലവിൽ അനുമതി നൽകിയ 15 എണ്ണത്തിനു പുറമേയാണിത്. തൃശൂരിൽ നാലും കോട്ടയത്തു മൂന്നും കണ്ണൂരിൽ രണ്ടും പാർക്കുകൾക്കുള്ള അപേക്ഷകളാണു പരിഗണിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോന്നു വീതവും തുടങ്ങാനാകും. കഴിഞ്ഞ വർഷം അനുമതി നൽകിയ 15 പാർക്കുകളിൽ ആദ്യത്തേതു 13നു പാലക്കാട്ട് തുറക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകൾക്കു ഡവലപ്മെന്റ് പെർമിറ്റ് നൽകിയത്. പാലക്കാട്ടും കോട്ടയത്തും മൂന്നു വീതവും, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ രണ്ടു വീതവും, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും പാർക്കുകൾക്ക് ഇതിനകം അനുമതി ലഭിച്ചു. കുറഞ്ഞത് 10 ഏക്കർ സ്ഥലമുണ്ടെങ്കിൽ പാർക്ക് തുടങ്ങാം എന്നതാണു വ്യവസ്ഥ. സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി മാതൃകയിൽ ബഹുനില മന്ദിരം നിർമിച്ചാണു പാർക്കെങ്കിൽ അഞ്ച് ഏക്കർ മതിയാകും. അനുമതി ലഭിച്ച 15ൽ രണ്ടെണ്ണം എസ്ഡിഎഫ് മാതൃകയിലുള്ളതാണ്.

പുതിയതായി പരിഗണിക്കുന്ന 15 അപേക്ഷകളുടെ വിശദ പരിശോധനയ്ക്കായി കൂടുതൽ സമയം ലഭിക്കണമെന്ന വകുപ്പുകളുടെ ആവശ്യം അംഗീകരിച്ച് ഒരു മാസം വകുപ്പുതല പരിശോധനയ്ക്കായി അനുവദിച്ചിട്ടുണ്ട്.

സർക്കാ‍ർ ഏജൻസികൾ നേരിട്ടു നടത്തുന്ന വ്യവസായ എസ്റ്റേറ്റുകളിലെ ലാൻഡ് അലോട്മെന്റ് കൂടുതൽ ഉദാരമാക്കുന്നതിനുള്ള നയത്തിന് ഈ മാസം മന്ത്രിസഭ അനുമതി നൽകിയേക്കും. പ്രത്യേക വ്യാവസായിക ഉൽപന്നം നിർമിക്കാനായി അനുവദിക്കുന്ന സ്ഥലം മറ്റു വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഇപ്പോൾ നിയന്ത്രണമുണ്ട്. ഇതുൾ‍പ്പെടെയുള്ള വ്യവസ്ഥകൾ ലളിതമാക്കിക്കൊണ്ടാണു പുതിയ ലാൻഡ് അലോട്മെന്റ് നയം വരുന്നത്.

English Summary:

15 more industrial parks in the private sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com