ADVERTISEMENT

കൊച്ചി∙ നടപ്പു സാമ്പത്തിക വർഷം 11 മാസം കൊണ്ട് കിൻഫ്രയിൽ 1000 കോടിയിലേറെ നിക്ഷേപവും ഏഴായിരത്തോളം തൊഴിലവസരങ്ങളും. വളരെ വേഗം അനുമതികൾ ലഭിക്കുന്നതും സ്ഥല–കെട്ടിട സൗകര്യവുമാണു കാരണമെന്ന് നിക്ഷേപകർ പറയുന്നു.

കൊച്ചി കാക്കനാട്ടെ പാർക്കിൽ അലോട്ട് ചെയ്ത 36 ഏക്കറിൽ ടിസിഎസ് 600 കോടി നിക്ഷേപത്തിന്റെ ഭാഗമായി കെട്ടിട രൂപകൽപന പൂർത്തിയാക്കി. ജനുവരിയിൽ നിർമാണം തുടങ്ങും. 3000 പേർക്കു തൊഴിൽ ചെയ്യാനുള്ള സൗകര്യമിവിടെയുണ്ട്. ടെക്നോപാർക്കിൽ പരിമിതമായി പ്രവർത്തിച്ചിരുന്ന ടാറ്റാ എലക്സി പൂർണമായി കഴക്കൂട്ടം കിൻഫ്രപാർക്കിലേക്കു മാറുകയാണ്. 9 നിലകളിലായി 2 ലക്ഷം ചതുരശ്രയടിയുള്ള പ്രഗതി കെട്ടിടം പൂർണമായി ഏറ്റെടുത്തു. ഇനി ഇതേ മോഡലിൽ പണി തുടങ്ങിയ അടുത്ത കെട്ടിടവും പൂർണമായി ഏറ്റെടുക്കും.

ഓട്ടമോട്ടീവ്, മീഡിയ വ്യവസായങ്ങൾക്കു വേണ്ട എംബഡഡ് സൊല്യൂഷൻസ് നൽകുന്ന ടാറ്റാ എലക്സിയിൽ 3200 പേർ ജോലി ചെയ്യുന്നു. മറ്റൊരു 2000 പേരെ കൂടി വിവിധ ഘട്ടങ്ങളായി റിക്രൂട്ട് ചെയ്യും. ടാറ്റാ എലക്സിയുടെ അതേ രംഗത്തുള്ള ഡീപ് സ്പേയ്സ് എന്ന ജർമൻ കമ്പനിയും സ്ഥലം ഏറ്റെടുത്തു. ബെൻസ്, ബിഎംഡബ്ല്യു പോലുള്ള വാഹനങ്ങൾക്കു വേണ്ട സോഫ്റ്റ്‌വെയറുകളാണ് ഡീപ് സ്പെയ്സ് നൽകുന്നത്. 200 പേർക്ക് തൊഴിൽ തുടക്കത്തിൽ.

ഇലക്ട്രോണിക് ഉപകരണ നിർമാണത്തിന് വിൻവിഷ് ടെക്നോളജി 155 കോടിയും വി ഗാർഡ് 50 കോടിയും കൊച്ചിയിൽ മുതൽമുടക്കുന്നു. ഡയഗ്നോസ്റ്റിക് ഉപകരണ നിർമാണത്തിന് അഗപ്പെ 9.3 കോടി, സൗരോർജ പാനലുകളുടെ നിർമാണത്തിന് ഹൈകോൺ 40 കോടി, ജോളി കോട്സിന്റെ വസ്ത്രനിർമാണം 38 കോടി, ജൻറോബോട്ടിക്സ് 10.3 കോടി, വെൻഷുവർ 5 കോടി എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങൾ.

കോഴിക്കോട് രാമനാട്ടുകരയിലെ അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിലുള്ള സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറിയുടെ 90% സോഫ്റ്റ്‌വെയർ കമ്പനികൾക്ക് അലോട്ട് ചെയ്തുകഴിഞ്ഞു.

ട്രാൻസ്ഏഷ്യൻ ഷിപ്പിങ് കഴക്കൂട്ടം പാർക്കിൽ 29 കോടി മുടക്കിൽ ലോജിസ്റ്റിക്സ് സെന്റർ സ്ഥാപിക്കുകയാണ്. ഇനി എല്ലാ പാർക്കുകളിലും 5% സ്ഥലം ലോജിസ്റ്റിക്സിനായി മാറ്റി വയ്ക്കുമെന്ന് കിൻഫ്ര എംഡി സന്തോഷ് കോശി അറിയിച്ചു.

കമ്പനി, നിക്ഷേപം (കോടിയിൽ)

ടിസിഎസ്– 600

ടാറ്റ എലക്സി– 75

ജൻറോബോട്ടിക്സ്– 10.3

വിഗാർഡ്– 50

അഗപ്പെ– 9.3

ട്രാൻസ് ഏഷ്യൻ ഷിപ്പിങ്– 29

ഹൈക്കോൺ– 40

വിൻവിഷ്– 155

ജോളി കോട്സ്– 38

വെൻഷുവർ– 5

ആകെ– 1011.6

English Summary:

1011 Crore Investment in Kinfra Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com