ADVERTISEMENT

കോഴിക്കോട്∙ സഹകരണ ബാങ്കുകൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ). പ്രമുഖ മാധ്യമങ്ങളിൽ സമാന പരസ്യം മുൻപും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ തുടർന്നുള്ള വിവാദങ്ങളിൽ നിന്നു സഹകരണ മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ പരസ്യം വീണ്ടും വന്നത്. പേരിലെ ബാങ്ക് ഒഴിവാക്കണമെന്നു മുൻപ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടതിനെതിരെ സംഘങ്ങൾ നൽകിയ ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

സഹകരണ സംഘങ്ങൾക്ക് ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്നാണു പരസ്യത്തിൽ പറയുന്നത്. ഇവർക്ക് ബാങ്കിങ് ലൈസൻസ് നൽകിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് സ്കീം പ്രകാരമുള്ള നിക്ഷേപ സുരക്ഷ ലഭിക്കില്ല. നാമമാത്ര അംഗത്വമുള്ളവരിൽ നിന്ന് (സി ക്ലാസ് മെംബർമാർ) നിക്ഷേപം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണു തുടങ്ങിയ കാര്യങ്ങളാണു പരസ്യത്തിൽ പറയുന്നത്. 

എന്നാൽ റിസർവ് ബാങ്കിന്റെ പരസ്യം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നു സഹകാരികൾ പറയുന്നു. പതിറ്റാണ്ടുകളായി കേരളത്തിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ ‘സർവീസ് സഹകരണ ബാങ്ക്’ എന്ന പേരിലാണു പ്രവർത്തിക്കുന്നത്. വിശ്വസ്തരായ സഹകാരികൾ നൽകുന്ന ഉറപ്പിലും വിശ്വാസ്യതയിലുമാണ് ഇവിടത്തെ നിക്ഷേപങ്ങൾ ഏറെയും. അതു കൊണ്ടു തന്നെ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ഉള്ളതോ ഇല്ലാത്തതോ വലിയ പ്രാധാന്യമുള്ള കാര്യമല്ല. 

ഇവിടത്തെ നിക്ഷേപങ്ങൾക്കു സംസ്ഥാന സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് ആണു നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്നത്. സുരക്ഷ ഇപ്പോൾ 5 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുമുണ്ട്. ദേശസാത്കൃത ബാങ്കുകളിലും 5 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപ സുരക്ഷയുള്ളൂ. നാമമാത്ര അംഗത്വമുള്ളവരുമായുള്ള ഇടപാട് കേരള സഹകരണ നിയമപ്രകാരം സാധുതയുള്ളതാണെന്ന് നേരത്തെ സുപ്രീംകോടതി വിധി നൽകിയതുമാണ്. അതിനാൽ റിസർവ് ബാങ്ക് പരസ്യം സഹകരണ സംഘങ്ങളെ സംബന്ധിച്ചു വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്നു സഹകാരികൾ പറയുന്നു.

എങ്കിലും റിസർവ് ബാങ്ക് നിശ്ചിത ഇടവേളകളിൽ ഇടയ്ക്കിടെ പരസ്യം പ്രസിദ്ധീകരിക്കുന്നത് ഇടപാടുകാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

English Summary:

Co-operative Bank Societies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com