ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റൽ മീഡിയ, ഒടിടി(ഓവർ ദി ടോപ്) മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിനു ഉൾപ്പെടെ പകരമാകുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ്(റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചു. 

പ്രക്ഷേപണ മേഖലയിലെ സ്വയം നിയന്ത്രണം ശക്തമാക്കാനുള്ള വിവിധ നിർദേശങ്ങൾ പുതിയ ബില്ലിലുണ്ട്. ഉള്ളടക്കങ്ങൾ പരിശോധിക്കാനുള്ള കണ്ടന്റ് ഇവാലുവേഷൻ കമ്മിറ്റികൾ ബ്രോഡ്കാസ്റ്റർമാർ രൂപീകരിക്കണമെന്നതാണു പ്രധാന വ്യവസ്ഥകളിലൊന്ന്. വിവിധ സാമൂഹിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളാകണം. കമ്മിറ്റി അംഗങ്ങളുടെ എണ്ണം കേന്ദ്രം വ്യക്തമാക്കും. കമ്മിറ്റിയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. 

എല്ലാ ബ്രോഡ്കാസ്റ്റിങ് കമ്പനികളും ഒരു പരാതി പരിഹാര ഓഫിസറെ നിയോഗിക്കണമെന്നും ശുപാർശ ചെയ്യുന്നു. ബ്രോഡ്കാസ്റ്റിങ് രംഗത്തെ സ്ഥാപനങ്ങൾ ചേർന്ന് സ്വയം നിയന്ത്രണത്തിനുള്ള ഒരു സംവിധാനം രൂപീകരിക്കണം.

 അംഗത്വം സസ്പെൻഡ് ചെയ്യുക, മുന്നറിയിപ്പു നൽകുക, പിഴ ചുമത്തുക തുടങ്ങിയ അധികാരങ്ങളും ഇവർക്കുണ്ടാകും. ടെലിവിഷൻ മേഖലയിൽ ഉൾപ്പെടെ നിലവിൽ ഇത്തരം സ്വയം നിയന്ത്രണത്തിനുള്ള സംവിധാനമുണ്ടെങ്കിലും ഇവർക്ക് അധികാരം കുറവാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതു കൂടാതെ ബ്രോഡ്കാസ്റ്റ് അഡ്വൈസറി കൗൺസിൽ എന്ന ഉന്നതതല സമിതിയുമുണ്ടാകും. മേഖലയിൽ ഏറെ പരിചയസമ്പന്നനായ വ്യക്തി അധ്യക്ഷനാകുന്ന സമിതിയിൽ 5 പേർ കേന്ദ്ര വാർത്താവിതരണ, സ്ത്രീ–ശിശുക്ഷേമ, ആഭ്യന്തര, വിദേശകാര്യ, സാമൂഹിക നീതി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാകും. മാധ്യമം, വിനോദം, ബ്രോഡ്കാസ്റ്റിങ്, ശിശുക്ഷേമം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന 5 പേരെയും കൗൺസിലിലേക്കു ശുപാർശ ചെയ്യും. പ്രക്ഷേപണം ചെയ്ത ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെ പരിശോധിക്കാൻ ഇവർക്ക് അധികാരമുണ്ടാകും. 

പ്രക്ഷേപണ രംഗത്തെ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും പിഴവുകൾ കണ്ടെത്തുന്ന പക്ഷം ആവശ്യമെങ്കിൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും അധികാരമുണ്ടാകും. 

അതേസമയം സ്ഥാപനങ്ങൾക്കെതിരായ ശിക്ഷകളിൽ ഇളവു വരുത്തുന്ന തരത്തിലാണു കരടിലെ ശുപാർശകൾ. വളരെ ഗുരുതരമായ പിഴവുകൾക്കു മാത്രമേ പിഴ, തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാവൂ എന്നതാണു ശുപാർശ. സ്ഥാപനങ്ങളുടെ വലുപ്പം അനുസരിച്ചു പിഴത്തുകയിലും മാറ്റമുണ്ടാകും. പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും സബ്ടൈറ്റിലുകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കാൻ സംവിധാനം ഒരുക്കണമെന്നും ശുപാർശ ചെയ്യുന്നു. വാർത്താ വിതരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കാം. തുടർന്നാകും അന്തിമ ബിൽ തയാറാക്കുക. ഇമെയിൽ: jsb-moib@gov.in

ഡിജിറ്റൽ പരസ്യനയം അവതരിപ്പിച്ചു

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പരസ്യങ്ങളും പ്രചാരണങ്ങളും ഡിജിറ്റൽ മീഡിയയിലും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡിജിറ്റൽ പരസ്യനയം അവതരിപ്പിച്ചു. കേന്ദ്ര കമ്യൂണിക്കേഷൻ ബ്യൂറോയുടെ(സിബിസി) കീഴിലുള്ള പ്രചാരണങ്ങൾ കൂടുതൽ ഡിജിറ്റൽ മാധ്യമങ്ങളിലേക്കും അതിലൂടെ കൂടുതൽ ജനങ്ങളിലേക്കും എത്തിക്കുക എന്നതാണു ലക്ഷ്യം. 

മാർച്ചിലെ കണക്കനുസരിച്ചു രാജ്യത്ത് ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ 88 കോടിക്കു മുകളിലാണെന്നും മൊബൈൽ ഫോൺ കണക്ഷനുള്ളവർ 117.2 കോടിയിലേറെയാണെന്നും വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. ഈ സാഹചര്യത്തിലാണു ഡിജിറ്റൽ ഇടത്തെ പ്രചാരണം ശക്തമാക്കാനുള്ള കേന്ദ്ര തീരുമാനം. 

ഒടിടി പ്ലാറ്റ്ഫോമുകൾ, പോഡ്കാസ്റ്റുകൾ, യുട്യൂബ് ചാനലുകൾ എന്നിവിയിലൂടെയെല്ലാം കേന്ദ്രസർക്കാർ വിവരങ്ങൾ പ്രചരിപ്പിക്കും.

 പ്രചാരം, സംപ്രേഷകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാകും പരസ്യ നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

English Summary:

New Broadcasting Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com