ADVERTISEMENT

ദീപാവലിദിനസന്ധ്യയിലെ ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം സെൻസെക്സിനും നിഫ്റ്റിക്കും സമ്മാനിച്ചതു വൻ നേട്ടം. നിക്ഷേപകരുടെ ശുഭപ്രതീക്ഷകൾ തിരിയിട്ട ലക്ഷ്‌മീപൂജയ്‌ക്കു ശേഷം നടന്ന നടന്ന വ്യാപാരത്തിൽ ഓൺലൈനായും ട്രേഡിങ് ടെർമിനലുകളിലൂടെയും പങ്കെടുത്തവർ ഏറെ.

സെൻസെക്സ് 351.98.00 പോയിന്റ് വർധനയോടെ 65,256.66 ൽ ക്ളോസ് ചെയ്തപ്പോൾ നിഫ്റ്റി 98.16 പോയിന്റ് ഉയർന്ന് 19,523.50 നിലവാരത്തിൽ അവസാനിച്ചു. സെൻസെക്സ് 65,000 പോയിന്റ് പിന്നിട്ടുവെന്നതാണു ശ്രദ്ധേയമായ മറ്റൊരു നേട്ടം. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽ നിന്നുമുള്ള ഓഹരികൾ നേതൃത്വം നൽകി.

ഹൈന്ദവ സാമ്പത്തിക വർഷമായ സംവത് 2080 നു തുടക്കം കുറിക്കുന്നതു പ്രമാണിച്ചായിരുന്നു മുഹൂർത്ത വ്യാപാരം. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വർഷാവസാനം വരെ ആവർത്തിക്കുമെന്നാണു വിശ്വാസം.

കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ വില സൂചികകൾ 0.88% വർധനയാണു കൈവരിച്ചത്. ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയ മുഹൂർത്ത വ്യാപാരം 2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തായിരുന്നു. പിന്നിട്ട 25 വർഷത്തിനിടയിൽ ഇരുപതിലേറെ വർഷങ്ങളിലും മുഹൂർത്ത വ്യാപാരം നേട്ടത്തിലാണ് അവസാനിച്ചിട്ടുള്ളത്.

ഓഹരി ശുപാർശകളുടെ മഹാപ്രളയം

ദീപാവലി സ്‌പെഷൽ എന്ന ലേബലിൽ വിവിധ ബ്രോക്കിങ് കമ്പനികൾ നിക്ഷേപത്തിനു നിർദേശിച്ചതു നൂറ്റൻപതോളം ഓഹരികളാണ്. അനലിസ്‌റ്റുകളുടെ വക കൂടി കൂട്ടിയാൽ ശുപാർശകൾ ഇരുന്നൂറോളം. മുൻപെങ്ങും ശുപാർശകളുടെ ഇത്ര വലിയ പ്രളയമുണ്ടായിട്ടില്ല; നിക്ഷേപകർക്ക് ഇത്രയേറെ ആശയക്കുഴപ്പവും.

വിപണിക്കു നാളെ അവധി

ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരം നാലു ദിവസത്തിലൊതുങ്ങുന്നതാണ്. ദീപാവലി ആഘോഷത്തിന്റെ അനുബന്ധമായ ബലിപ്രതിപദ പ്രമാണിച്ചു നാളെ എക്‌സ്‌ചേഞ്ചുകൾക്ക് അവധിയായിരിക്കും.

അനിശ്‌ചിതത്വത്തിന്റെ ദിനങ്ങൾ

വിപണിയുടെ ഇനിയുള്ള ഏതാനും ദിനങ്ങൾ എങ്ങനെയായിരിക്കുമെന്നു കണ്ടറിയണം. ഗാസയിലെ യുദ്ധം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം, യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനം, അസംസ്‌കൃത എണ്ണയുടെ വില നിലവാരം, ഡോളർ – രൂപ വിനിമയ നിരക്ക്, രാജ്യത്തെ പണപ്പെരുപ്പ നിരക്ക്, വിദേശ ധനസ്‌ഥാപനങ്ങളുടെ നിലപാട് തുടങ്ങിയ കാര്യങ്ങളിലെ നീണ്ടുപോകുന്ന അനിശ്‌ചിതത്വം മൂലമുള്ള വിഷമസന്ധിയിലാണു വിപണി.

സെപ്‌റ്റംബറിലെ വ്യവസായോൽപാദനത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ നിരാശപ്പെടുത്തുന്നതാണ്. 5.8 ശതമാനമാണു നിരക്ക്. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഗസ്‌റ്റിൽ 10.3 ശതമാനമായിരുന്നു നിരക്ക്. അതാകട്ടെ 14 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കും.

പണപ്പെരുപ്പ നിരക്ക് ഇന്ന് അറിയാം

ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ കണക്കുകൾ ഇന്നു പുറത്തുവരും. സെപ്‌റ്റംബറിൽ 5.02 ശതമാനമായിരുന്ന നിരക്ക് 4.80 നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടാവുമെന്നാണ് 53 സാമ്പത്തിക നിരീക്ഷകർക്കിടയിൽ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ അനുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലക്ഷ്യമിട്ടിട്ടുള്ള 4 ശതമാനമെന്ന നിലവാരത്തോട് അടുത്തുവരുന്നതാണ് ഈ നിരക്കെന്നത് ആശ്വാസകരമാണ്. മൊത്ത വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു നാളെയാണു പ്രഖ്യാപിക്കുന്നത്.

അതേസമയം, വായ്‌പകൾക്ക് ആർബിഐ നിശ്‌ചയിച്ചിട്ടുള്ള മുഖ്യ നിരക്കുകൾ 2024 ജൂൺ വരെയെങ്കിലും തുടരുമെന്നാണു റോയിട്ടേഴ്‌സിന്റെ തന്നെ മറ്റൊരു സർവേയുടെ അനുമാനം. അതിനുശേഷമുള്ള ത്രൈമാസത്തിൽ നിരക്ക് 0.25% കുറച്ചേക്കാമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.

മണപ്പുറവും വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സും

കേരളം ആസ്‌ഥാനമായുള്ള വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ബോർഡ് യോഗം ഇന്നു ചേർന്നു പ്രവർത്തന ഫലം പരിഗണിക്കും. നാരായണ ഹൃദയാലയയുടെ ബോർഡ് യോഗവും ഇന്നാണ്.

പ്രവർത്തന ഫലം പരിഗണിക്കാൻ എംഎംടിസി, വോഖാർട്ട്, എൻഎംഡിസി, നാഗാർജുന ഫെർട്ടിലൈസേഴ്‌സ്, രാജേഷ് എക്‌സ്‌പോർട്‌സ്, പുറവങ്കര, പിസി ജ്വല്ലർ, കല്യാൺ ജ്വല്ലേഴ്‌സ്, പ്ലാസ വയേഴ്‌സ് എന്നിവയുടെ ബോർഡ് യോഗം നാളെ.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com