ADVERTISEMENT

ഇന്ത്യൻ വിപണിയെ സംബന്ധിച്ച് കടന്നു വരാൻ പോകുന്നത് സുവർണ കാലഘട്ടം ആണെന്നും അതിന്റെ പ്രതിഫലനം ഓഹരി വിപണിയിൽ ഉണ്ടാകുമെന്നും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാന്‍ഷ്യൽ സർവീസ് സിഇഒ പ്രിൻസ് ജോർജ്. മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 7 രാജ്യങ്ങൾ വളർച്ചയ്ക്കായി പോരാട്ടം നടത്തുമ്പോൾ ഇന്ത്യ അതിവേഗം വളർച്ചയുടെ പാതയിലേക്ക് നീങ്ങുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് സർക്കാർ കേന്ദ്രത്തിൽ വന്നാലും  രാജ്യത്തിന് മുന്നേറാനാകുമെങ്കിലും വിപണി ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്. കേരളം ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനം അല്ല എന്നാണ് പൊതുവിൽ കേൾക്കുന്നത്. ആ ധാരണ മാറ്റുന്നതിൽ പൊതുജനങ്ങൾക്കും കാര്യമായി പങ്കുവഹിക്കാൻ ഉണ്ട്. കേരളത്തിനെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യം ആണെന്നും തങ്ങളുടെ വരുമാനത്തിന്റെ 5% എങ്കിലും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തയ്യാറാകണമെന്നും  അദ്ദേഹം കൂട്ടിചേർത്തു. ആരോഗ്യ പരിചരണത്തിലും മറ്റും കേരളം മുന്നിലാണെങ്കിലും ഓഹരിയിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ പിന്നിലാണ്. തമിഴ് നാടിന്റെ പകുതി പോലും ഡീമാറ്റ് അക്കൗണ്ടുകൾ കേരളത്തിലില്ല. ഇത് മാറണമെങ്കിൽ കേരളത്തിൽ കൂടുതൽ ബിസിനസുകൾ വരണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതിന് സര്‍ക്കാരിനെക്കാൾ കൂടുതൽ ജനങ്ങൾ മുൻകൈ എടുക്കണമെന്നും ജനങ്ങൾ ഇത്തരത്തിൽ മാറിയാൽ സർക്കാരും മാറുമെന്നുറപ്പാണ്.

ബിസിനസ്സ് തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചത് 20 വർഷം മുമ്പ് വെഞ്ച്വർ ക്യാപിറ്റൽ എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന സമയത്ത് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച സമീർ ഭാട്ടിയയെ പറ്റി ഉള്ള ലേഖനത്തിൽ നിന്നുമാണെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസിന്റെ സഹസ്ഥാപകനും  സി ഇ ഒയുമായ  അനീഷ് അച്യുതൻ. വെഞ്ച്വർ ക്യാപിറ്റലിനെ കുറിച്ച് മനസിലാകാത്ത ആളുകളായിരുന്നു അന്ന് കൂടുതലും. എന്നാൽ ഇന്ന്  ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്പുകൾ ( fintech start up) അത്യാവശ്യമാണെന്ന് അവർക്കിടയിൽ അവബോധം വളർന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക ധനകാര്യ ടെക്നോളജി രംഗത്ത് ഇനിയുമേറെ ചെയ്യാനുണ്ടെന്നു അദ്ദേഹം കൂട്ടി ചേർത്തു.  

കേരളത്തിൽ സാധ്യതകളേറെ

 ഏറ്റവും സുഖകരമായി ബിസിനസ് ചെയ്യാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  വികെസി റസാക്ക്. കൃത്യമായും നിയമപരമായും നീങ്ങിയാൽ ഏറ്റവും നന്നായി ബിസിനസ് ശോഭിക്കുന്ന സംസ്ഥാനമാണ് കേരളം.  ലോകത്ത് എന്ത് ട്രെൻഡ് ഇറങ്ങിയാലും നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവരും അതേറ്റെടുക്കുന്നു. ഇവിടെ ഒരു വിപണി പ്ലാൻ ചെയ്യുന്ന സമയത്ത് അവിടുത്തെ രീതികൾക്ക് അനുസരിച്ച്  മുന്നോട്ട് പോവുക. കോവിഡ് കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ – കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ആണ് വിജയിച്ചു നിന്നത്. ഡിജിറ്റൽ കൊമേഴ്സ്  കൂടുതലായി ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വ്യാവസായിക നിർമാണ രംഗം ആധുനിക നിർമാണ ശൈലിയിലേയ്ക്ക് മാറിയപ്പോൾ അത് ആഗോളതലത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറിയെന്ന് തെറുമോ പെൻപോൾ ഫൗണ്ടർ സി ബാലഗോപാൽ. ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കേരളത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച കശുവണ്ടി – കയർ മേഖലകളിലെ കമ്പനികളെല്ലാം തന്നെ ഇന്ന് ആഗോളതത്തിൽ മുന്നിട്ടുനിൽക്കുന്നു. അതിനു കാരണം അവരുടെ പ്രയത്നവും ഒപ്പം ആധുനിക നിർമാണ രീതികൾ അനുവർത്തിച്ചതുമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

English Summary:

Public also Have an Active Role to Bring Business in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com