വേണമെങ്കിൽ വ്യവസായച്ചക്ക ഊരിലും കായ്ക്കും

Mail This Article
സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.
ഇത് മനസ്സിലാക്കി വിദേശത്തു പോയി അവിടെ പ്രശസ്തമായ ബ്രാൻഡ് പേര് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അവകാശം വാങ്ങിക്കൊണ്ടു വരുന്ന അതിസാമർഥ്യക്കാരുണ്ട്. സംഗതി ഉണ്ടാക്കുന്നത് കുന്നംകുളത്തോ കൂത്താട്ടുകുളത്തോ. പക്ഷേ വിദേശ ബ്രാൻഡ് പേര് കണ്ട് ജനം വാങ്ങും. ഗുണമുണ്ടെങ്കിൽ വച്ചടി കേറും. ഇനിയും ചിലർ ബ്രാൻഡ് വാങ്ങാനൊന്നും മിനക്കെടാതെ സായിപ്പിന്റേതെന്നു തോന്നുന്ന പേരിടും. മാർക്ക് & ബ്രൂക്ക്! ഇമ്മാതിരിയൊരു ഇംഗ്ലിഷ് പേര് വച്ചു നാടൻ മലയാളികൾ നാട്ടിൻപുറത്തുണ്ടാക്കുന്ന ഷൂസുകൾ ഉത്തരേന്ത്യയിൽ വരെ വിപണി പിടിച്ചു.
എന്നാൽ ഇമേജ് പ്രശ്നങ്ങളൊക്കെ അതിജീവിച്ച് നാടൻ പേരുമായി കേരളത്തിൽ നിന്ന് ആഗോള വിപണിയിലെത്തിയ മിടുക്കൻമാരും മിടുക്കികളുമുണ്ട്. ബഹുരാഷ്ട്ര കോഫിഷോപ് ശൃംഖല കോസ്റ്റ കോഫിക്ക് ഉൾപ്പെടെ കപ്പുകൾ ലക്ഷക്കണക്കിന് വിൽക്കുന്ന ലീത ഇൻഡസ്ട്രീസ് ഉദാഹരണം. പാക്കേജിങ് ബിസിനസിൽ തുടങ്ങി പിന്നീട് പേപ്പർ കപ്പിലേക്കും വേഗം ദ്രവിച്ച് മണ്ണിൽ അലിയുന്ന (ബയോ ഡീഗ്രേഡബിൾ) കപ്പുകളിലേക്കും മാറി.
ചൈനക്കാരുടെ മൽസരം അതിജീവിച്ചത് ഗുണനിലവാരം കൊണ്ടാണ്. കൊള്ളാമെന്നു മനസിലാക്കിയപ്പോൾ മുൻപ് വിളിച്ചാൽ എടുക്കാത്ത, ഇമെയിലിനു മറുപടി നൽകാത്ത, കാണാൻ കൂട്ടാക്കാത്തവരൊക്കെ ഇങ്ങോട്ട് ബന്ധപ്പെടാൻ തുടങ്ങിയെന്ന് ലീത ഇൻഡസ്ട്രീസിന്റെ ജാക്സൺ മാത്യു പറയുന്നു. മില്യൻ കണക്കിന് കപ്പ് ഉൽപാദനമുണ്ട്.
മൂവാറ്റുപുഴയിലെ ഡെന്റ് കെയർ ഇതുപോലൊരു വിസ്മയമാണ്. സാമ്പത്തിക പിന്നാക്ക കുടുംബത്തിൽ വളർന്ന് പത്താം ക്ലാസ് പാസായി പഠിപ്പു നിർത്തി ഡെന്റിസ്റ്റിന്റെ സഹായിയായി ജോലി ചെയ്ത്, പല്ല് കമ്പികെട്ടാനുള്ള ക്രൗൺ ഉണ്ടാക്കി പരിചയിച്ച് സ്വന്തം സമ്പാദ്യവും വായ്പയുമായി തുടങ്ങിയ ബിസിനസ് 4000 ജീവനക്കാർ കവിയുന്നു. സിർകോണിയൻ ക്രൗണും മറ്റനേകം ഡെന്റൽ ഉൽപന്നങ്ങളുമായി 450 എണ്ണമുണ്ട്. തൊഴിൽ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഉടമ ജോൺ കുര്യാക്കോസ് പറയുന്നു. യുഎസ്, യുകെ, ജർമനി, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി.
അപ്പോൾ നാട്ടിൻപുറത്ത് നാടൻ പേരുകളുമായി തുടങ്ങിയാലും ആഗോളമായി വളരാം. എറിയാനറിയാവുന്നവന് ദൈവം വടി കൊടുക്കും.
ഒടുവിലാൻ∙ നാട്ടുകാർ പണ്ടേ നേടിയ വിജയങ്ങളൊക്കെ സർക്കാർ സ്വന്തം കണക്കിലെഴുതുകയാണ്. എല്ലാം ഞമ്മളാ.