ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനമെത്തുക കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. 4ജിയുടെ ട്രയൽ പഞ്ചാബിലാണു നടക്കുന്നത്.

കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ 4ജി ആക്കി മാറ്റുന്നതിനു പുറമേ, 871 പുതിയ 4ജി ടവറുകൾ കൂടി ആദ്യഘട്ടത്തിൽ വരും. പുതിയ ടവർ നിർമിക്കുകയോ ടവർ സേവനദാതാക്കളുടെ ടവറുകൾ ഇതിനായി ഉപയോഗിക്കുകയോ ചെയ്യും. ഇതോടെ ആകെ ടവറുകളുടെ എണ്ണം 6,923 ആകും. കവറേജ് കുറവുള്ള സ്ഥലങ്ങളിലും ഇതോടെ ബിഎസ്എൻഎൽ ശൃംഖല എത്തുമെന്നാണ് കരുതുന്നത്.

ബിഎസ്എൻഎലിന് ഏറ്റവും വരുമാനമുള്ള ടെലികോം സർക്കിളുകളിലാണ് ആദ്യം 4ജി എത്തുക. കേരളമാണ് ഈ പട്ടികയിൽ മുന്നിൽ. ഏകദേശം 1,656 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം.

ടവറിൽ സ്ഥാപിക്കാനുള്ള 4ജി ഉപകരണങ്ങൾ വൈകാതെ എത്തിച്ചുതുടങ്ങും. ഇവ താൽക്കാലികമായി സൂക്ഷിക്കാനായി മിക്ക ജില്ലകളിലും സ്പേസ് നീക്കിവച്ചുകഴിഞ്ഞു.

ടിസിഎസ് (ടാറ്റ കൺസൽറ്റൻസി സർവീസസ്) ആണ് 4ജി സാങ്കേതികവിദ്യ നൽകുന്നത്. ഇവരുടെ ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെത്തിയിരുന്നു. പഞ്ചാബിലെ ട്രയൽ കഴിഞ്ഞാലുടൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 4ജി പ്രവൃത്തികൾ ആരംഭിക്കും. കേരളത്തിലടക്കം ബിഎസ്എൻഎലിന് കഴിഞ്ഞ ദിവസം ടെലികോം സ്പെക്ട്രം അനുവദിച്ചിരുന്നു. ജൂണിൽ രാജ്യമാകെ ബിഎസ്എൻഎൽ 4ജി എത്തുമെന്നാണ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രവീൺ കുമാർ പർവാർ പറഞ്ഞത്.

മെയ്ക് ഇൻ 4ജി; ടവർ '5ജി റെഡി'

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക. ഇതുവരെ നോക്കിയ, എറിക്സൺ പോലെയുള്ള കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 5ജിയിലേക്ക് ബിഎസ്എൻഎലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല. ‘5ജി റെഡി’ ആയ സംവിധാനമാണിത്.

കേരളത്തിലെ പുതിയ 4ജി ടവറുകൾ

(ബ്രാക്കറ്റിൽ നിലവിലുള്ള ബിഎസ്എൻഎൽ ടവറുകൾ)

∙ ആലപ്പുഴ: 54 (312) ∙എറണാകുളം: 137 (984) ∙ കോഴിക്കോട്: 107 (560) ∙കൊല്ലം: 63 (438) ∙കണ്ണൂർ: 98 (856) ∙കോട്ടയം: 60 (513) ∙മലപ്പുറം: 90 (451) ∙പാലക്കാട്: 59 (435) ∙ പത്തനംതിട്ട: 47 (354) ∙തൃശൂർ: 62 (506) ∙ തിരുവനന്തപുരം: 94 (643)

കേരളത്തിലെ മൊബൈൽ കണക‍്ഷനുകൾ

(ഓഗസ്റ്റ് 31 വരെയുള്ള കണക്ക്)

ബിഎസ്എൻഎൽ: 97.37 ലക്ഷം

വോഡഫോൺ ഐഡിയ: 1.41 കോടി

റിലയൻസ് ജിയോ: 1.04 കോടി

എയർടെൽ: 83.15 ലക്ഷം

ആകെ: 4.26 കോടി

English Summary:

BSNL 4G

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com