ADVERTISEMENT

കൊച്ചി ∙ ആദ്യ പൊതു വിൽപനയ്ക്ക് (ഐപിഒ) ഈ ആഴ്‌ച മൂലധന വിപണിയെ സമീപിച്ച കമ്പനികളുടെ ഓഹരികൾക്കു നിക്ഷേപകരിൽനിന്ന് ആവേശകരമായ സ്വീകരണം. ആകെ 7500 കോടിയോളം രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 5 ഐപിഒകളിൽ നാലിനും ആദ്യ ദിനം തന്നെ ലക്ഷ്യമിട്ടതിലേറെ അപേക്ഷകർ. ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്കു വേണ്ടതിലേറെ അപേക്ഷകരെ ലഭിക്കാൻ വേണ്ടിവന്നത് വിൽപനയുടെ ആദ്യ 40 മിനിറ്റ്.

ഇത്രയും കമ്പനികൾ ഒരേസമയം മൂലധന സമാഹരണത്തിനു വിപണിയിലെത്തുന്നത് അപൂർവമാണ്. ഐപിഒകൾക്കു സ്വീകാര്യത വർധിച്ചുവരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഐപിഒകൾ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വലിയ കുതിപ്പിനിടയാക്കുമെന്ന നേട്ടമുണ്ട്. കഴിഞ്ഞ വർഷം മേയിലെ എൽഐസി മെഗാ ഐപിഒ ലക്ഷക്കണക്കിനു പോളിസി ഉടമകളെയാണ് ഓഹരി വിപണിയിലെത്തിച്ചത്.

ഈ ആഴ്‌ചയിലെ ഐപിഒകളിൽ കൂടുതൽ സ്വീകാര്യത ടാറ്റ ടെക്‌നോളജീസിനാണ്. ഇതിനു കാരണം ടാറ്റ ഗ്രൂപ്പിൽനിന്നുള്ള കമ്പനിയാണെന്നതു തന്നെ. 20 വർഷം മുൻപ് ടിസിഎസ് ഐപിഒക്കു ശേഷം ടാറ്റ ഗ്രൂപ്പിൽനിന്ന് ഒരു സംരംഭം ഐപിഒ വിപണിയിലെത്തുകയാണെന്ന പ്രത്യേകത വേറെ. 475 – 500 രൂപ നിരക്കിൽ 65,850,278 ഓഹരികളുടെ വിൽപന ലക്ഷ്യമിട്ട സ്ഥാനത്ത് ആദ്യ ദിവസം ഏഴിരട്ടിയോളം അപേക്ഷകരെയാണു ലഭിച്ചത്.

വൈറ്റ് ഓയിൽ നിർമാതാക്കളായ ഗാന്ധാർ ഓയിൽ റിഫൈനറിയുടെ ഐപിഒയ്ക്ക് അഞ്ചിരട്ടിയോളം അപേക്ഷകരെ ലഭിച്ചു. പേനകൾക്കു പേരെടുത്ത ഫ്ലെയർ റൈറ്റിങ് ഇൻഡസ്‌ട്രീസിന്റെ ഓഹരികൾക്ക് ഒന്നാം ദിവസം ലഭിച്ചതു മൂന്നിരട്ടിയോളം അപേക്ഷകരെ. ഫെഡറൽ ബാങ്കിന്റെ ഉപസ്‌ഥാപനമായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഒയ്ക്കും ആദ്യ ദിനം മോശമല്ലാത്ത പിന്തുണ ലഭിച്ചു. 4 ഐപിഒകളും നാളെ അവസാനിക്കും.

പൊതു മേഖലയിലെ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) 21ന് ഇഷ്യു ആരംഭിച്ചു. ആദ്യദിനം രണ്ടിരട്ടിയിലേറെയായിരുന്നു അപേക്ഷകർ. രണ്ടു ദിനം പിന്നിട്ടതോടെ അപേക്ഷകരുടെ എണ്ണം അഞ്ചിരട്ടിയോളമായി. ഇഷ്യു ഇന്ന് അവസാനിക്കും.

5 ഓഹരികൾക്കും ‘ഗ്രേ മാർക്കറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന അനൗപചാരിക വിപണിയിൽ നല്ല മതിപ്പാണുള്ളത്. ടാറ്റ ടെക് ഓഹരികൾക്ക് 70% വരെയാണ് അധിക വില വാഗ്ദാനം. ഗാന്ധാർ ഓയിൽ, ഫ്ലെയർ, ഐആർഇഡിഎ ഓഹരികൾക്ക് 30% വരെയാണു ‘പ്രീമിയം’. 5 ശതമാനത്തോളമാണു ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഓഹരിക്ക് വാഗ്ദാനം. 

English Summary:

IPOs target more applicants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com