ADVERTISEMENT

കൊച്ചി ∙ 60 കോടിയോളം ഓഹരികളുടെ ആദ്യ പൊതു വിൽപനയിലൂടെ (ഐപിഒ) ലക്ഷ്യമിട്ടത് ആകെ 7500 കോടി രൂപ. 2500 കോടിയോളം ഓഹരികൾക്കുള്ള അപേക്ഷകളിലൂടെ 2 കോടിയിലേറെ നിക്ഷേപകർ നൽകിയത് 2,50,000 കോടിയോളം രൂപ. ഐപിഒ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശോജ്വലമായ ആഴ്ചയ്ക്കു നിരത്താനുള്ളത് ഈ കണക്കുകളാണ്.

ടാറ്റ ടെക്‌നോളജീസ്, ഗാന്ധാർ ഓയിൽ റിഫൈനറി, ഫ്ലെയർ റൈറ്റിങ് ഇൻഡസ്‌ട്രീസ്, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) എന്നീ കമ്പനികളാണ് ഒരേ സമയം ഐപിഒ വിപണിയെ സമീപിച്ചത്.

പ്രിയമേറെ ടാറ്റയോട്

5 ഐപിഒകൾക്കും ലക്ഷ്യമിട്ടതിലേറെ അപേക്ഷകരെ ലഭിച്ചെങ്കിലും ഏറ്റവും കൂടുതൽ പ്രിയം അനുഭവപ്പെട്ടത് ടാറ്റ ടെക്നോളജീസിന്റെ ഓഹരികൾക്കാണ്. 69.5 ഇരട്ടി അപേക്ഷകർ. നിക്ഷേപകരിൽ നിന്നു ലഭിച്ചത് 1.5 ലക്ഷം കോടി രൂപ. വിൽപനയുടെ ആദ്യ 40 മിനിറ്റിനകം ലക്ഷ്യം കൈവരിച്ചു. 20 വർഷം മുൻപ് ടിസിഎസിനു ശേഷം  ശേഷം ടാറ്റ ഗ്രൂപ്പിൽനിന്ന് ആദ്യമാണ് ഐപിഒ. 2004ൽ 850 രൂപ നിരക്കിലായിരുന്നു ടിസിഎസിന്റെ ഓഹരി വിൽപന. ഇപ്പോഴത്തെ വില 3500 രൂപയ്ക്കടുത്ത്.

ഫ്ലെയർ റൈറ്റിങ് ഇൻഡസ്‌ട്രീസിന്റെ ഐപിഒയ്ക്ക് 46.5 ഇരട്ടി അപേക്ഷകരെയാണു ലഭിച്ചത്. ഗാന്ധാർ ഓയിൽ റിഫൈനറിയുടെ ഓഹരികൾക്ക് 63.62 ഇരട്ടി അപേക്ഷകരുണ്ടായി. 39 ഇരട്ടി അപേക്ഷകരുടെപിന്തുണ നേടാൻ ഐആർഇഡിഎയ്ക്കു സാധ്യമായി. ഫെഡറൽ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഒക്ക് 2.18 ഇരട്ടി അപേക്ഷകരെ ലഭിച്ചു.

ദ്വിതീയ വിപണിക്ക് ക്ഷീണം

ഐപിഒ വിപണിയിലെ ആവേശത്തിനു വില നൽകേണ്ടിവന്നതു ദൈനംദിന ക്രയവിക്രയത്തിന്റെ വേദിയായ ദ്വിതീയ വിപണിയാണ്. 

ആഗോള സാഹചര്യങ്ങൾ അനുകൂലമായിരുന്നിട്ടുകൂടി ഓഹരി വില സൂചികകൾക്കു ഗണ്യമായ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. 5 കമ്പനികളുടെയും ഓഹരികൾ അടുത്ത ആഴ്ച സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തേക്കും.

റജിസ്ട്രാർമാർക്ക് ജോലിഭാരം

ഒരേസമയം 5 ഐപിഒകൾ വിപണിയിലെത്തുകയും അഞ്ചിനും ആവശ്യത്തിന്റെ പല മടങ്ങ് അപേക്ഷകരെ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഏജൻസികളുടെ ജോലിഭാരത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) ഉൽക്കണ്ഠയുണ്ട്. അപേക്ഷകർക്ക് ഓഹരികൾ ‘അലോട്ട്’ ചെയ്യുന്ന ചുമതല റജിസ്ട്രാർമാർക്കാണ്. ഒരു റജിസ്ട്രാർക്കു തന്നെയാണ് 5 ഐപിഒകളുടെയും ചുമതല.

English Summary:

IPO market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com