ADVERTISEMENT

സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? 

ഇന്ത്യൻ കമ്പനികളിൽ ഇത്തരമൊരു കാര്യം നടക്കാൻ പ്രയാസമാണെന്നു പറയുന്നു. കാരണം ഇവിടെ സ്വന്തക്കാരെയും കൂട്ടുകാരെയുമൊക്കെയാണ് ബോർഡിൽ എടുക്കുക. കയ്യിൽ ഒതുങ്ങുന്നവരെ മാത്രം. വലിയ കമ്പനിയെങ്കിൽ സ്വതന്ത്ര ഡയറക്ടർ വേണമെന്നുണ്ട്. സ്വതന്ത്ര ഡയറക്ടറും മറ്റും ഏടാകൂടമായി മാറിയാലും സ്ഥാപകരെ പുറത്താക്കലൊന്നും നടക്കില്ല. അക്കാര്യത്തിൽ നമ്മുടെ സ്റ്റാർട്ടപ് കമ്പനികളിലെ പിള്ളാര് പോലും മിടുക്കരാണ്. 

ഫണ്ടിങ് കിട്ടിയ ശേഷമായിരിക്കും ബോർഡ് പോലും ഉണ്ടാകുന്നത്. സ്ഥാപകർ എന്നാൽ നാലാണുങ്ങൾ, അല്ലെങ്കിൽ രണ്ടാണും രണ്ട് പെണ്ണും എന്നിങ്ങനെയായിരിക്കാം. അവർ തന്നെ ബോർഡ് അംഗങ്ങളും. അവരെ സഹായിച്ച‌‌‌‌‌‌‌, അല്ലെങ്കിൽ ഉപദേശനിർദേശങ്ങൾ നൽകിയ അങ്കിളും ബോർഡിൽ കണ്ടേക്കാം. അച്ഛനമ്മമാരെ ബോർഡ് അംഗങ്ങളാക്കുന്നവരുമുണ്ട്.

ഫണ്ടിങ് വരുമ്പോൾ പുറത്തു നിന്നു നിയന്ത്രണവും വരും. ഫണ്ടിങ് ഏജൻസിയുടെ പ്രതിനിധിയെ ബോർഡിൽ എടുക്കണം. കമ്പനിയുടെ മൂല്യം നിർണയിച്ച് അതിന്റെ പത്തോ ഇരുപതോ ശതമാനമാവാം ഫണ്ടിങ്. അവർ അനേകം നിബന്ധനകളും വയ്ക്കുന്നു. കൊടുത്ത കാശ് മുതലാക്കണമല്ലോ. പയ്യൻമാർ അതുവരെ സ്വപ്നത്തിൽ കൊണ്ടു നടന്ന വലിയ എസ്‌യുവികളും മറ്റും വാങ്ങി അടിച്ചുപൊളിച്ചു നടന്ന് ഫണ്ട് പാഴാക്കാതിരിക്കാനാണിത്. 

വലിയ കമ്പനിയായി വൻ തോതിൽ ഫണ്ടിങ് ലഭിച്ചാൽ വേറൊരു പാരയുണ്ട്. ഫണ്ട് കൊടുത്തവർ അവരുടെ സിഇഒയെ കൊണ്ടുവരും. സ്ഥാപകനെ ‘എക്സിക്യൂട്ടീവ് ചെയർമാൻ’ എന്ന മാന്യമായ തസ്തികയിൽ ‘ഇരുത്തും.’കാര്യങ്ങൾ നടത്തുന്നത് സിഇഒ. ചെയർമാൻ സ്വർണക്കൂട്ടിലെ തത്ത. 

കുടുംബ കോർപറേറ്റ് കമ്പനികളിൽ ബോർഡ് വിപ്ലവം ഇന്ത്യയിലും ഒരുപാട് നടന്നിട്ടുണ്ട്. അച്ഛനെ പുറത്താക്കി മകൻ കേറും പിന്നാ! ഇവരുടെ ഗുസ്തി കാരണം വിദഗ്ധരും സുഹൃത്തുക്കളും  ഇടപെട്ട് ‘കോംപ്ളിമെന്റ്സ്’ ആക്കിയ ഒട്ടേറെ കേസുകളുണ്ട്. റിലയൻസിലെ ബ്രദേഴ്സ് തർക്കം ഉദാഹരണം. ഹീറോ മോട്ടോകോർപ്പിലെ പ്രമോട്ടർമാരായ മുൻജാൽ കുടുംബവും ഡിസിഎമ്മിലെ ഭരത്റാം കുടുംബവും കിർലോസ്കർ കുടുബവുമെല്ലാം ഇപ്പോഴും തുടരുന്നത് മധ്യസ്ഥൻമാർ ഇടപെട്ട് സന്ധിയാക്കിയതു കൊണ്ടാണ്. എഴുതി ഒപ്പിട്ട കരാറുകളുമുണ്ട്.

ഒടുവിലാൻ∙ ചില സ്റ്റാർട്ടപ്പുകൾ മുഴുവൻ ഓഹരിയും വല്ല സായിപ്പിനും കൊടുത്ത് കാശ് വാങ്ങി അവർ സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാരായി മാറും. പത്തുമുപ്പത് കോടി കിട്ടി അതുമതി സുഖമായി ജീവിക്കാൻ എന്നു വിചാരിക്കും. ജീവനക്കാരെ സായിപ്പിന് എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടാമെന്നത് ഓർക്കില്ല.

English Summary:

Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com