ADVERTISEMENT

ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം (കാംസ്) എന്നാണു പദ്ധതിയുടെ പേര്. പലിശ 11% ആണെങ്കിലും 3% പലിശ സബ്സിഡി സംസ്ഥാന സർക്കാരും 2% കെഎഫ്സിയും നൽകും. അങ്ങനെയാണ് സംരംഭകർക്ക് 6% പലിശയ്ക്ക് വായ്പ ലഭ്യമാകുന്നത്. 

പൗൾട്രി മുതൽ ഗോഡൗൺ വരെ 

കാർഷിക, ഭക്ഷണ മേഖലയിലെ നിർമാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും പദ്ധതി ഉപയോഗപ്പെടുത്താം. മിക്കവാറും എല്ലാത്തരം പദ്ധതികൾക്കും തന്നെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

പഴം, പച്ചക്കറി, വിത്തു സംസ്കരണം, ബേക്കറി ഉൽപന്നങ്ങളുടെ നിർമാണം, ചിപ്സുകൾ, കറി പൗഡറുകൾ, ധാന്യപ്പൊടികൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൂണുകൾ, സ്പൈസസ് ഓയിൽ, മൈദ പ്ലാന്റ്, മത്സ്യം/ മാംസം / പാൽ ഉൽപന്നങ്ങൾ, ജൂട്ട്, മുള ഉൽപന്നങ്ങൾ, സ്റ്റോറേജ്, പൗൾട്രി, പൗൾട്രി അനുബന്ധ സ്ഥാപനങ്ങൾ, ചായ /കാപ്പി സംസ്കരണം തുടങ്ങിയ കാർഷിക- ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. 

ഓൺലൈൻ വഴി അപേക്ഷ 

ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യുകയാണ് സംരംഭകർ പ്രാഥമികമായി ചെയ്യേണ്ടത്. 

(kfc.org) അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം. സിബിൽ സ്കോർ 650ൽ കുറയരുത്. ജില്ലാ / ബ്രാഞ്ച് ഓഫിസുകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. 

ആനുകൂല്യങ്ങൾ ഇങ്ങനെ 

1- പദ്ധതി ചെലവിന്റെ 90% വരെ സമയ വായ്പ (Term Loan) ആയി അനുവദിക്കുന്നു. 

2- പ്രവർത്തന മൂലധന വായ്പ സമയ വായ്പയായും അല്ലാതെയും അനുവദിക്കുന്നതിനുള്ള സൗകര്യം നൽകിയിരിക്കുന്നു 

3 - ഏറ്റവും കുറഞ്ഞ വായ്പാ തുക 5 ലക്ഷം. 

4- പുതിയ എംഎസ്എംഇകൾക്കാണ് ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. വിപുലീകരണത്തിനു ലഭിക്കില്ല. 

5- മറ്റു ബാങ്കുകളിലുള്ള വായ്പകൾ ടേക്കോവർ ചെയ്യുന്നതിനുള്ള സൗകര്യം ഈ പദ്ധതിയിൽ ഉണ്ടാകില്ല 

6- ടേം ലോണിന് സംരംഭകന്റെ വിഹിതം 10% ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

7- സമയ വായ്പയും പ്രവർത്തനമൂലധന വായ്പയും ചേർന്നുള്ള തുകയ്ക്ക് പരമാവധി 10 കോടി രൂപ വരെ 6% പലിശയിൽ വായ്പ ലഭ്യമാക്കും. 

8 - പത്തു കോടിയിൽ കൂടുതലുള്ള പദ്ധതികൾക്കും ഈ സ്കീം പ്രകാരം വായ്പ ലഭിക്കും. എന്നാൽ പലിശ ഇളവുകൾ പത്തു കോടി വരെ മാത്രമേ അനുവദിക്കൂ. 

9 - 2 വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 10 വർഷം വരെ തിരിച്ചടവിനു കാലാവധി അനുവദിക്കും. 

10 - ആവശ്യമെങ്കിൽ 50 ലക്ഷം രൂപ വരെ ഈടില്ലാതെ ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ട് . 

11- ഓൻട്രപ്രനർ സപ്പോർട്ട് സ്കീം പോലുള്ള നിക്ഷേപ സബ്സിഡികൾക്ക് സംരംഭങ്ങളുടെ സ്വഭാവം അനുസരിച്ച് അർഹതയുണ്ടാകും. 

English Summary:

Loan up to 10 crores at 6% interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com