ADVERTISEMENT

ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. രണ്ടു കോടിയോളം നിക്ഷേപകരെ ആകർഷിച്ച ഐപിഒ മേള അവസാനിക്കാൻ ഈ ആഴ്‌ചയിലെ വെടിക്കെട്ടു കൂടി ബാക്കിയുണ്ട്. ലിസ്‌റ്റിങ് ദിന വെടിക്കെട്ട്, ലക്ഷ്യമിട്ടതിന്റെ പല മടങ്ങു നിക്ഷേപകരുടെ പിന്തുണ നേടിയ കമ്പനികളുടെ ഓഹരികൾക്കു വിപണി വിലയിടുന്ന ദിവസമാണത്. ചില ഓഹരികളുടെ വില കത്തിക്കയറാം; ചിലതു നനഞ്ഞ പടക്കമായെന്നും വരാം.

തളർച്ചയിലായിരുന്ന ദ്വിതീയ വിപണി പ്രസരിപ്പു വീണ്ടെടുക്കാൻ സാധ്യതയുള്ള ആഴ്‌ചയുമാണിത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിയുകയും ഹ്രസ്വകാലത്തേക്കാണെങ്കിലും ഗാസയിൽ വെടിയൊച്ച നിലയ്‌ക്കാൻ പോകുകയാണെന്ന് അറിയുകയും ചെയ്‌തിട്ടും ഐപിഒകളുടെ ബാഹുല്യം മൂലം പണലഭ്യത പരിമിതപ്പെട്ടതായിരുന്നു പ്രസരിപ്പിനു പ്രതിബന്ധം. ഉത്സാഹം വീണ്ടെടുക്കാൻ വിപണിക്കു കഴിഞ്ഞേക്കുമെന്നു കരുതുന്നതിനു കാരണങ്ങളുണ്ട്:

1. എണ്ണ ഉൽപാദക രാഷ്‌ട്രങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത മൂലമാണ് ഇന്നലെ വിയന്നയിൽ ചേരാനിരുന്ന യോഗം മാറ്റിവയ്‌ക്കേണ്ടിവന്നത്. 30 നു ചേരാൻ നിശ്‌ചയിച്ചിട്ടുള്ള യോഗത്തിൽ അഭിപ്രായ ഐക്യമുണ്ടാകാനുള്ള സാധ്യത കുറവാണെന്നു നിരീക്ഷകർ കരുതുന്നു. അങ്ങനെയെങ്കിൽ എണ്ണ വില തൽക്കാലം കുറഞ്ഞ നിലവാരത്തിൽത്തന്നെ തുടർന്നേക്കും.

2. ഏതാനും ആഴ്‌ചകളായി വിൽപനക്കാരുടെ റോളിലായിരുന്ന വിദേശ ധനസ്‌ഥാപനങ്ങൾ കഴിഞ്ഞ വ്യാപാരവാരത്തിന്റെ അവസാന ദിവസം 2625.21 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുണ്ടായി. വിപണിയിലേക്കു വീണ്ടും വിദേശ പണപ്രവാഹം ആരംഭിക്കാൻപോകുന്നുവെന്നതിന്റെ  ആദ്യ സൂചനയാകാം ഇത്.

3. അര ഡസനോളം രാജ്യാന്തര ബ്രോക്കറേജുകൾ ഇന്ത്യൻ വിപണിയുടെ ഭാവിയിൽ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. 

4. ഉത്തരേന്ത്യയിൽ ഇതു വിവാഹ സീസണാണ്. 35 ലക്ഷം വിവാഹങ്ങളെങ്കിലും ഡിസംബർ 15നു മുൻപായി നടക്കുമെന്നാണ് അനുമാനം. വിവാഹങ്ങളുമായി ബന്ധപ്പെട്ടുള്ള ചെലവുകൾ ഏകദേശം 4.25 ലക്ഷം കോടി രൂപയുടേതാകുമെന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് കണക്കാക്കുന്നു. ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, സൽക്കാരം തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട ഉൽപന്ന, സേവന വ്യവസായങ്ങൾക്കുണ്ടാകുന്ന നേട്ടം ഓഹരി വിപണിയിലും പ്രതിഫലിക്കാം.

5. നിഫ്‌റ്റി അവസാനിച്ചത് 19,790.55 നിലവാരത്തിലാണ്. ഇത് ഏറെക്കുറെ സുരക്ഷിത നിലവാരമാണെന്നു വിപണിയുടെ ഏതാനും ദിവസത്തെ പ്രകടനത്തിൽനിന്ന് അനുമാനിക്കാം. മുന്നേറ്റത്തിനുള്ള ദൃഢതയാർജിക്കാനും ഈ നിലവാരത്തിനു കഴിഞ്ഞിട്ടുണ്ടാവണം. ഈ സാഹചര്യത്തിൽ നിഫ്‌റ്റി 20,000 പോയിന്റിലേക്ക് ഉയരാം. ഇടിവാണെങ്കിൽ 19,600 നു താഴേക്കു പോകില്ലെന്നും കരുതാം.

ആശങ്കയ്‌ക്കും കാരണങ്ങൾ

വിപണിയുടെ പ്രസരിപ്പു പ്രതീക്ഷിക്കാൻ ഇങ്ങനെ കാരണങ്ങൾ പലതുണ്ടെങ്കിലും അവഗണിക്കാനാവാത്ത ചില യാഥാർഥ്യങ്ങളുമുണ്ട്.  ആസന്നമായ തിരഞ്ഞെടുപ്പു ഫലങ്ങൾ സംബന്ധിച്ച അനുമാനങ്ങളാണ് ഇവയിൽ പ്രധാനം. രാജ്യത്തെ 150 പ്രമുഖ സംഭരണികളിൽ പലതിലെയും ജലനിരപ്പു 40 ശതമാനത്തിൽ താഴെയാണെന്നു സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കുകളിൽ കാണുന്നു. ഇതു 10 വർഷത്തെ ശരാശരി അളവിലും താഴെയാണ്. ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങി പലതും മുൻ വർഷത്തെ അളവിൽ വിതയ്‌ക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് ഇത്. ജലലഭ്യതയിലെ ഇടിവു വൈദ്യുതോൽപാദനത്തെ ബാധിച്ചാൽ വ്യവസായങ്ങളും പ്രയാസത്തിലാകും. രണ്ടു മാസത്തേയ്ക്കെങ്കിലും പഴങ്ങളുടെയും പച്ചക്കറികളുടെയും വില താഴാനിടയില്ലെന്നും റിപ്പോർട്ടുണ്ട്. പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവാത്ത അവസ്‌ഥ.

എക്‌സ്‌ചേഞ്ചുകൾക്ക് ഇന്ന് അവധി

ഇന്നു വിപണിക്കു മുടക്കമാണ്. ഗുരു നാനാക് ജയന്തി പ്രമാണിച്ചുള്ള അവധി.

English Summary:

Stock Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com