ADVERTISEMENT

ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 3.5 ലക്ഷം പേരിൽ നിന്ന് നഷ്ടപ്പെട്ട 900 കോടി രൂപയോളം ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട 70 ലക്ഷം മൊബൈൽ കണക‍്ഷനുകൾ വിലക്കിയതായും ധനമന്ത്രാലയം വ്യക്തമാക്കി. 

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രാലയം വിളിച്ച പ്രത്യേക യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. യുപിഐ പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചനയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

2 പേർ തമ്മിൽ ആദ്യമായി 2,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടിന് ശ്രമിച്ചാൽ അത് പൂർത്തിയാകാൻ 4 മണിക്കൂർ സാവകാശം നൽകണമെന്നാണ് നിർദേശം. തട്ടിപ്പ് നടന്നാലും പണം വീണ്ടെടുക്കാൻ ഈ സാവകാശം സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാലിത് സുഗമമായ പണമിടപാടുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്ത യോഗം ജനുവരിയിൽ ചേരും. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ (എഇപിഎസ്) സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ ബാങ്ക് സിബിഐയുടെ സഹായം തേടിയിരുന്നു.

മറ്റ് നിർദേശങ്ങൾ

∙ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‍സി), പ്രധാന സഹകരണ ബാങ്കുകൾ അടക്കമുള്ളവയെ സാമ്പത്തിക കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാനുള്ള ഏകീകൃത പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കുക. നിലവിൽ 259 സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്.

∙ അന്വേഷണ ഏജൻസികളുടെ അലർട്ടുകളിന്മേൽ ധനകാര്യ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കുക.

∙ സൈബർ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് (മ്യൂൾ) എടുക്കുന്ന അവസ്ഥ തടയുക.

∙ ബാങ്കുകൾ സംസ്ഥാന, റീജനൽ അടിസ്ഥാനത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കുക.

∙ ബിസിനസ് ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി മാനദണ്ഡം കർശനമാക്കുക.

∙ തട്ടിപ്പ് വായ്പ ആപ്പുകൾ തടയാൻ അംഗീകൃത വായ്പ ആപ്പുകളുടെ പട്ടിക (വൈറ്റ്‍ലിസ്റ്റ്) പുറത്തിറക്കുക.

English Summary:

Money lost to cyber fraud can be recovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com