ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ ഓഹരി വിപണിയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി നാലു ലക്ഷം കോടി ഡോളറിനു മുകളിലെത്തി. ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) ഈ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്നിരിക്കെയാണ് ഓഹരി വിപണിയുടെ നേട്ടം. ഓഹരി വില സൂചികയായ നിഫ്റ്റി വീണ്ടും 20,000 പോയിന്റ് കീഴടക്കി റെക്കോർഡിനു വളരെ അടുത്തേക്ക് എത്തിയിരിക്കുന്നു എന്നതും ഈ ദിവസത്തിന്റെ നേട്ടമായി.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നു മുൻപ് അറിയപ്പെട്ടിരുന്ന ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ വിപണി മൂല്യം 333,29,095.37 കോടി രൂപ നിലവാരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. 

യുഎസ്, ചൈന, ജപ്പാൻ, ഹോങ്കോങ് എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യൻ വിപണിയുടെ സ്ഥാനമെങ്കിലും വൈകാതെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ ഈ വർഷം 51 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായിക്കഴിഞ്ഞു. 

വിപണി മൂല്യത്തെ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തിയത് ഓഹരി വിലകളിൽ ഇന്നലെയുണ്ടായ വൻ കുതിപ്പാണ്. സെൻസെക്സ് 727.71 പോയിന്റ് ഉയർന്ന് 66,901.91 നിലവാരത്തിലെത്തി; നിഫ്റ്റി 206.90 പോയിന്റ് കുതിച്ച് 20,096.60 നിലവാരത്തിലും. 47 വ്യാപാര ദിനങ്ങൾക്കു ശേഷമാണു നിഫ്റ്റി വീണ്ടും 20,000 പോയിന്റ് കീഴടക്കുന്നത്. നിഫ്റ്റി ആദ്യമായി ഈ നിലവാരം കടന്നതു സെപ്റ്റംബർ 18ന് ആയിരുന്നു.

അദാനി വീണ്ടും മുൻ നിരയിൽ

ഓഹരി വിലകളിലെ കുതിപ്പിൽ ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ സ്ഥാനം നേടി. ബ്ലൂംബർഗ് സൂചികയിൽ അദാനിക്ക് ഇപ്പോൾ സ്ഥാനം 19. 

  അദാനി ഗ്രൂപ്പിൽപ്പെട്ട 11 കമ്പനികളുടെ മൊത്തം വിപണി മൂല്യം 1.33 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഹിൻഡൻബർഗ് ആരോപണങ്ങൾക്കു വിശ്വാസ്യതയില്ലെന്നു തെളിഞ്ഞതോടെയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വീണ്ടും വിപണിക്കു പ്രിയപ്പെട്ടതായത്.

കാരണങ്ങൾ പലത്

ഓഹരി വില സൂചികകളിലെ കുതിപ്പിന് പല കാരണങ്ങൾ:

1.യുഎസിലെ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത സംബന്ധിച്ചു ഫെഡറൽ റിസർവ് ഗവർണർ നൽകിയ സൂചന.

2.വിദേശ ധനസ്ഥാപനങ്ങളിൽനിന്നുള്ള നിക്ഷേപം

3. അവഗണിക്കപ്പെട്ടിരുന്ന പല ബ്ലൂ ചിപ് ഓഹരികൾക്കും വീണ്ടുമുണ്ടായ പ്രിയം.

4. യുഎസിലെ ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനത്തിലെ ഇടിവു മൂലം ഓഹരികൾക്കു കൈവന്ന ആകർഷകത്വം.

5.ഡോളർ സൂചികയിലെ ഇടിവ്. ഇതും ഓഹരികളുടെ ആകർഷകത്വം വർധിപ്പിച്ചു.

English Summary:

Share Market Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com